പ്രളയദുരിതാശ്വാസത്തിന്റെ മറവില്‍ ബാനര്‍ പതിച്ച് ടാങ്കറുകളില്‍ മാലിന്യം തള്ളുന്നു
മണ്ണഞ്ചേരി: കേരളത്തെ നടുക്കിയ പ്രളയത്തെ മുതലാക്കി സൂചിമാലിന്യ ടാങ്കറുകളുടെ പാച്ചില്‍ ജില്ലയില്‍ സജീവം. പ്രളയ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്കുള്ള വാഹനം എന്ന ബാനറുകള്‍ പതിച്ചാണ് ഇത്തരം വാഹനങ്ങള്‍ പാതകളില്‍ വിഹരിക്കുന്നത്. ജനവാസം പൂര്‍ണമായും ഇല്ലാതായ സ്ഥലങ്ങളിലെ ചതുപ്പുകളില്‍ ആണ് ഇത്തരക്കാര്‍ വാഹനങ്ങളിലെത്തി സൂചിമാലിന്യങ്ങള്‍ തള്ളുന്നത്.
ഈ സ്ഥലങ്ങളില്‍ മാലിന്യങ്ങള്‍ തള്ളുന്നത് ഉടന്‍ ആരും അറിയില്ല. ഉടന്‍ ഗന്ധം വമിക്കാത്ത ചിലതരം രാസപദാര്‍ഥങ്ങള്‍ ടാങ്കറുകളില്‍ കലര്‍ത്തിയാണ് ഇവര്‍ ഇപ്പോള്‍ മാലിന്യങ്ങള്‍ ഇവിടങ്ങളില്‍ തള്ളിവരുന്നത്. പ്രളയത്തില്‍പ്പെട്ട പ്രദേശങ്ങളില്‍ വിവിധതരം മാലിന്യങ്ങളാല്‍ പ്രദേശവാസികള്‍ നട്ടംതിരിയുമ്പോഴാണ് ദുസഹമായ ഗന്ധവും രൂക്ഷമായ ആരോഗ്യപ്രശ്‌നങ്ങളും ഉണ്ടാക്കുന്ന സൂചിമാലിന്യങ്ങളും തള്ളപ്പെടുന്നത്.
ദേശീയപാതയോരങ്ങളില്‍ ആളൊഴിഞ്ഞ സ്ഥലങ്ങളിലാണ് കഴിഞ്ഞ കാലത്ത് മാലിന്യനിക്ഷേപം ഇവര്‍ നടത്തിയിരുന്നത്. എന്നാല്‍ പ്രളയത്തെ തുടര്‍ന്ന് ഇവിടങ്ങളില്‍ മുഴുവന്‍ സമയവും വിവിധതരം നിരീക്ഷണങ്ങളാണുള്ളത്. ഇതാണ് ഇത്തരക്കാരുടെ ശ്രദ്ധ പ്രളയബാധിത മേഖലയിലേക്ക് തിരിയാന്‍ കാരണം. ആലപ്പുഴ-ചങ്ങനാശ്ശേരി റോഡില്‍ ഇപ്പോള്‍ വാഹനഗതാഗതം കുറവാണ്. 25 കിലോമീറ്ററോളം ദൈര്‍ഘ്യമുള്ള ഈ പാതയില്‍ ആലപ്പുഴയില്‍നിന്നും കൈനകരിയിലെ ഒട്ടുമിക്ക സ്ഥലങ്ങളിലും വാഹനം എത്തിച്ചേരും.
അമ്പലപ്പുഴ-എടത്വാ റോഡിലും ഗതാഗതം പൂര്‍ണമായും പുനസ്ഥാപിച്ചിട്ടില്ല. ഈ സൗകര്യങ്ങള്‍ മുതലെടുത്താണ് കൂടുതല്‍ മലിനജല ടാങ്കറുകളും പ്രവര്‍ത്തിക്കുന്നത്. പ്രളയത്താല്‍ ജീവന്‍ നഷ്ടപ്പെട്ട വളര്‍ത്തുമൃഗങ്ങളുടെയും വന്യജീവികളുടെയും അഴുകിയ ജഡങ്ങളും ഒപ്പം വിവിധതരം മാലിന്യങ്ങളാലും ശുചീകരണപ്രവര്‍ത്തനങ്ങള്‍ പോലും ദുരിത ബാധിതമേഖലയില്‍ ദുസഹമായിരിക്കുകയാണ്.
ഈ സന്ദര്‍ഭത്തിലാണ് ആലപ്പുഴ നഗരത്തിന്റെ കിഴക്കന്‍ ഭാഗങ്ങളിലും കുട്ടനാട്, ചെങ്ങന്നൂര്‍, മാവേലിക്കര പ്രദേശങ്ങളിലും പ്രളയ ദുരിതാശ്വാസത്തിന്റെ മറവില്‍ മാലിന്യംതള്ളല്‍ സജീവമാകുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."