അതിജീവനത്തിന്റെ പുതുപാഠവുമായി കുട്ടികള്‍ സ്‌കൂളിലെത്തി; സാന്ത്വനവുമായി എം.എല്‍.എയും
മൂവാറ്റുപുഴ: പ്രളയത്തിന്റെ ദുരിതമൊഴിയും മുമ്പേ നടുക്കുന്ന ഓര്‍മ്മകളുമായി കുട്ടികള്‍ ഇന്നലെ സ്‌കൂളിലെത്തി. വിദ്യാര്‍ഥികള്‍ക്ക് സാന്ത്വനവുമായി എല്‍ദോ എബ്രഹാം എം.എല്‍.എയുമെത്തി. മൂവാറ്റുപുഴ ഇന്നേവരെ കാണാത്ത പ്രളയത്തിനാണ് ഇക്കുറി സാക്ഷ്യം വഹിച്ചത്. മൂവാറ്റുപുഴയാറ് കരകവിഞ്ഞൊഴുകാന്‍ തുടങ്ങിയതോടെ മൂവാറ്റുപുഴയുടെ താഴ്ന്ന പ്രദേശങ്ങളെല്ലാംതന്നെ വെള്ളതിനടിയിലായി.
മൂവാറ്റുപുഴ വിദ്യാഭ്യാസ ഉപജില്ലയിലെ മുടവൂര്‍ ഗവ.എല്‍.പി.സ്‌കൂള്‍ ഒഴിച്ചുള്ള മുഴുവന്‍ സ്‌കൂളുകളിലും ഇന്നലെ അധ്യായനം ആരംഭിച്ചു. മുടവൂര്‍ ഗവ.എല്‍.പി.സ്‌കൂളിന് ഈമാസം 31വരെ കലക്ടര്‍ അവധി പ്രഖ്യാപിച്ചിരിക്കുകയാണ്.ഉപജില്ലയില്‍ നാല് സ്‌കൂളുകളിലാണ് വെള്ളം കയറിയത്.
മൂവാറ്റുപുഴ ഗവ.ടൗണ്‍ യു.പി.സ്‌കൂള്‍, മുടവൂര്‍ ഗവ.എല്‍.പി.സ്‌കൂള്‍, കായനാട് ഗവ.എല്‍.പി.സ്‌കൂള്‍, റാക്കാട് ഗവ.യു.പി.സ്‌കൂള്‍ എന്നിവിടങ്ങളിലാണ് വെള്ളം കയറിയത്. മുടവൂര്‍ ഗവ എല്‍.പി.സ്‌കൂളിന്റെ മുക്കാല്‍ ഭാഗവും വെള്ളത്തില്‍ മുങ്ങിപോയി. ഇലക്ട്രിക് ഉപകരണങ്ങള്‍ അടക്കം മുങ്ങിയതിനാല്‍ സുരക്ഷാ പ്രശ്‌നവും, ഭിത്തിയുടെ നവും മൂലം സ്‌കൂള്‍ കെട്ടിടത്തിന് ഫിറ്റ്‌നസ് സര്‍ട്ടിഫിക്കറ്റ് ലഭിക്കാത്തതാണ് സ്‌കൂളിന് 31വരെ അവധി നല്‍കാന്‍ കാരണം.
മഴ തുടരുകയാണങ്കില്‍ സ്‌കൂള്‍ തല്‍ക്കാലം സമീപത്തെ പള്ളിയുടെ പാരിഷ് ഹാളിലേയ്ക്ക് മാറ്റി സ്ഥാപിക്കാനുള്ള നീക്കവും വിദ്യാഭ്യാസ വകുപ്പ് ആരംഭിച്ചിട്ടുണ്ട്. വെള്ളപൊക്കത്തില്‍ സ്‌കൂളിലെ ഫയലുകള്‍ക്കും മറ്റ് ഉപകരണങ്ങള്‍ക്കും കേടുപാടുകള്‍ സംഭവിച്ചിട്ടുണ്ട്. ജനപ്രതിനിധികളുടെയും, പി.ടി.എയുടെയും നേതൃത്വത്തില്‍ വീണ്ടെടുക്കാനുള്ള ശ്രമത്തിലാണ് സ്‌കൂള്‍ അധികൃതര്‍.
വെള്ളം കയറിയ മറ്റ് സ്‌കൂളുകളില്‍ ഇന്നലെ അധ്യയനം നടന്നു. മൂവാറ്റുപുഴ ടൗണ്‍ യു.പി.സ്‌കൂളില്‍ വെള്ളപൊക്കത്തെ തുടര്‍ന്ന് ഫയലുകളും, സ്‌കൂളിന്റെ ലൈബ്രറികളും നഞ്ഞ് പോയിരുന്നു. ഇന്നലെ ലൈബ്രറി പുസ്തകങ്ങള്‍ ഉണക്കുന്നതിനുള്ള ശ്രമത്തിലായിരുന്നു വിദ്യാര്‍ഥികളും അധ്യാപകരും. സന്നദ്ധ സംഘടനകളുടെയും, ഫയര്‍ഫോഴ്‌സിന്റെ യും സഹായത്തോടെ സ്‌കൂള്‍ ശുചീകരണം നടത്തിയിരുന്നു. സ്‌കൂളിലും പരിസരങ്ങളിലും അടിഞ്ഞ് കൂടിയ ചെളിയും, മാലിന്യവും, നീക്കം ചെയ്യുകയും ചെയ്തിരുന്നു.
രാവിലെ ടൗണ്‍ യു.പി.സ്‌കൂളില്‍ വിദ്യാര്‍ഥികള്‍ക്ക് സാന്ത്വനവുമായി എല്‍ദോ എബ്രഹാം എം.എല്‍.എ എത്തി. വിദ്യാര്‍ഥികള്‍ക്കൊപ്പം ലൈബ്രറി പുസ്തകങ്ങള്‍ ഉണക്കുന്നതിലും എം.എല്‍.എ പങ്കാളിയായി.
മൂവാറ്റുപുഴയില്‍ പ്രളയത്തെ തുടര്‍ന്ന് പുസ്തകങ്ങളും, ബുക്കുകളും, ബാഗുകളും, യൂനിഫോമുകളും നിരവധി വിദ്യാര്‍ഥികള്‍ക്ക് നഷ്ടപ്പെട്ടിട്ടുണ്ട്.ഇവരുടെ കണക്കെടുക്കുന്നതിന് അതാത് സ്‌കൂള്‍ പ്രധാനഅധ്യാപകനെ ചുമതലപ്പെടുത്തിയിരിക്കുകയാണ്.
കണക്കെടുപ്പ് പൂര്‍ത്തിയായാലെ നാശനഷ്ടത്തിന്റെ കണക്ക് അറിയാന്‍ കഴിയുകയുള്ളു. പുസ്തകം അടക്കം സര്‍ക്കാര്‍ നല്‍കുമെങ്കിലും നോട്ട് ബുക്ക് അടക്കമുള്ളവ വിവിധ സന്നദ്ധ സംഘടനകളുടെ സഹായത്താല്‍ സ്‌കൂളുകളില്‍ വിതരണം ചെയ്യുമെന്ന് എല്‍ദോ എബ്രഹാം എം.എല്‍.എ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."