മാധ്യമപ്രവര്‍ത്തകര്‍ക്കു മര്‍ദ്ദനം: പ്രതിഷേധമിരമ്പി
തൃശൂര്‍: ഹൈക്കോടതിയില്‍ കോടതി നടപടികള്‍ റിപ്പോര്‍ട്ടു ചെയ്യാനെത്തിയ വനിതകള്‍ അടക്കമുള്ള മാധ്യമപ്രവര്‍ത്തകരെ അഭിഭാഷകര്‍ വളഞ്ഞുവച്ചു മര്‍ദ്ദിച്ച സംഭവത്തില്‍ പ്രതിഷേധിച്ചു പത്രപ്രവര്‍ത്തക യൂണിയന്‍ ജില്ലാ കമ്മിറ്റി പ്രകടനം നടത്തി.
കുറ്റക്കാരായ അഭിഭാഷകര്‍ക്കെതിരെ ക്രിമിനല്‍ കേസെടുത്തു വിചാരണ ചെയ്യണമെന്നാവശ്യപ്പെട്ടു നടത്തിയ പ്രകടനത്തില്‍ നൂറോളം മാധ്യമപ്രവര്‍ത്തകര്‍ പങ്കെടുത്തു.
ജനാധിപത്യത്തിന്റെ നാലാം തൂണായ മാധ്യമങ്ങളിലെ ജീവനക്കാര്‍ക്കു നേരെ കയ്യുയര്‍ത്താന്‍ ആരെയും അനുവദിക്കില്ലെന്നും വക്കീല്‍കുപ്പായത്തിനുള്ളില്‍ കടന്നു കൂടിയിട്ടുള്ള ഗുണ്ടകളെ പൊതുസമൂഹം നേരിടണമെന്നും സംഘടനാ നേതാക്കള്‍ ആവശ്യപ്പെട്ടു. പ്രസ് ക്ലബ് പരിസരത്തു നിന്നാരംഭിച്ച പ്രതിഷേധ പ്രകടനം നഗരം ചുറ്റി കോര്‍പറേഷന്‍ ഓഫിസിനു മുന്നില്‍ സമാപിച്ചു.
പൊതുസമ്മേളനത്തില്‍ പ്രസ് ക്ലബ് പ്രസിഡന്റ് സന്തോഷ് ജോണ്‍ തൂവല്‍ അധ്യക്ഷനായി. മുന്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി എന്‍. പത്മനാഭന്‍ ഉദ്ഘാടനം ചെയ്തു. എന്‍. ശ്രീകുമാര്‍, സംസ്ഥാന നിര്‍വാഹകസമിതിയംഗങ്ങളായ ജോയ് എം. മണ്ണൂര്‍, പി.പി സലിം, സെക്രട്ടറി കെ.സി അനില്‍കുമാര്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.
സംസ്ഥാന നിര്‍വാഹക സമിതിയംഗം ദിലീപ് കുമാര്‍, വൈസ് പ്രസിഡന്റ് എം.വി വിനീത, ജോയിന്റ് സെക്രട്ടറി ബിനോയ് ജോര്‍ജ്, ട്രഷറര്‍ രഞ്ജിത് എന്‍ നായര്‍, ജില്ലാ നിര്‍വാഹകസമിതിയംഗങ്ങളായ സോളമന്‍ റാഫേല്‍, ജീമോന്‍ കെ. പോള്‍, ഫിന്നി ലൂയിസ്, അനീഷ് ആന്റണി, മുന്‍ ജില്ലാപ്രസിഡന്റുമാരായ വി.എം രാധാകൃഷ്ണന്‍, എ. സേതുമാധവന്‍, എന്നിവര്‍ നേതൃത്വം നല്‍കി. തിരുവനന്തപുരത്ത് വഞ്ചിയൂര്‍ കോടതിയില്‍ ഇന്നലെ പത്രപ്രവര്‍ത്തകര്‍ക്കുനേരെ കല്ലെറിഞ്ഞ സംഭവത്തിലും പത്രപ്രവര്‍ത്തക യൂണിയന്‍ ജില്ലാ കമ്മിറ്റി പ്രതിഷേധിച്ചു.
അനിഷ്ട സംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാനും കുറ്റക്കാര്‍ക്കെതിരെ നടപടിയെടുക്കാനും സര്‍ക്കാര്‍ തയ്യാറാവണമെന്നു ജില്ലാ ഭാരവാഹികള്‍ ആവശ്യപ്പെട്ടു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."