കളിചിരിയില്ല; പ്രളയത്തിന്റെ നടുക്കുന്ന ഓര്‍മകളുമായി കുട്ടികളെത്തി
കൊച്ചി:'അതിജീവിക്കാം-നമുക്ക് ഒറ്റക്കെട്ടായി', ഓണാവധിക്ക് ശേഷം മഹാപ്രളയത്തിന്റെ നടുക്കം വിടാതെ കുട്ടികള്‍ സ്‌കൂളിലെത്തിയപ്പോള്‍ വരവേറ്റത് ആത്മധൈര്യം പകരുന്ന വാക്കുകള്‍.മിക്ക ക്ലാസുകളിലേയും ബ്ലാക്ക് ബേര്‍ഡുകളില്‍ ഈ വാചകമാണ് അധ്യാപകര്‍ കുട്ടികള്‍ക്ക് കരുത്ത് പകരാന്‍ എഴുതിവെച്ചിരുന്നത്. അതിജീവനത്തിന്റെ കഥതന്നെയയായിരുന്നു മിക്ക കുട്ടികള്‍ക്കും കൂട്ടുകാരോട് പങ്കുവെക്കാനുണ്ടായിരുന്നത്.
ചിലര്‍ വിതുമ്പി മറ്റുചിലര്‍ പൊട്ടിക്കരഞ്ഞു ചിലരുടെ മുഖത്താകട്ടെ ഭയംവിട്ടുമാറാത്ത ഭാവം. പ്രളയംബാധിച്ച 117 സ്‌കൂളുകളില്‍ ഏഴ് സ്‌കൂളുകള്‍ ഒഴികെ ജില്ലയിലെ എല്ലാ സ്‌കൂളുകളും ഇന്നലെ തുറന്ന് പ്രവര്‍ത്തനം ആരംഭിച്ചിരുന്നു.പ്രളയം കവര്‍ന്ന പറവൂര്‍, ആലുവ, പെരുമ്പാവൂര്‍ തുടങ്ങിയ സ്ഥലങ്ങളിലെ സ്‌കൂളുകളില്‍ ഹാജര്‍ നില നന്നേ കുറവായിരുന്നു.
പ്രളയത്തെ തുടര്‍ന്ന് കുട്ടികള്‍ ദുരിതാശ്വാസക്യാംപുകളില്‍ തന്നെ തുടരുന്നതും വീടുകള്‍ താമസയോഗ്യമല്ലാത്തതിനാല്‍ മറ്റ് ബന്ധുവീടുകളിലേക്ക് പോയതുമാണ് ഹാജര്‍ നില കുറയാന്‍ കാരണം.ഓണക്കോടിയുടെയും അവധിക്കാല ആഘോഷങ്ങളുടെയും കഥകള്‍ നിറയേണ്ട ക്ലാസില്‍ ഇന്നലെ കേട്ടത് മഴക്കെടുതിയെക്കുറിച്ചും നാശനഷ്ടങ്ങളെപ്പറ്റിയുമായിരുന്നു. മാനസികമായും ശാരീരികമായും തളര്‍ന്ന കുട്ടികളെ ഊര്‍ജ്ജസ്വലരാക്കാന്‍ അധ്യാപകരും സ്‌കൂള്‍ അധികൃതരും മുന്നിട്ടിറങ്ങിയതോടെയാണ് കുട്ടികള്‍ക്ക് അല്‍പമെങ്കിലും മനോധൈര്യം ലഭിച്ചത്.
നഗരത്തിലെ സ്‌കൂളുകളിലെ ചിറ്റൂര്‍, എളമക്കര, കോതാട്, മൂലമ്പിള്ളി, പിഴല, കടമക്കുടി എന്നിവിടങ്ങളില്‍ നിന്നെത്തിയിരുന്ന വിദ്യാര്‍ഥികളെയാണ് പ്രളയം സാരമായി ബാധിച്ചത്.
ഈ പ്രദേശത്തു നിന്നുള്ള വിദ്യാര്‍ഥികളെയും മാതാപിതാക്കളെയും നേരില്‍ കണ്ട് മാനസികമായി ധൈര്യം പകര്‍ന്ന് വേണ്ട സഹായങ്ങള്‍ അധ്യാപകരുടെ നേതൃത്വത്തില്‍ ചെയ്തുനല്‍കി. എറണാകുളം സെന്റ് മേരീസ് സി.ജി.എച്ച്.എസിലും പ്രളയത്തെ അതിജീവിച്ച ഇരുപതോളം വിദ്യാര്‍ഥികളും ഇന്നലെ ക്ലാസ്സിലെത്തി. പഠന സാമഗ്രഹികളും വിട്ടുപകരണങ്ങളും നശിച്ച് പോയ കഥകളൊക്കെ തന്നേയാണ് ഇവിടുത്തെ വിദ്യാര്‍ഥികള്‍ക്കും പറയാനുണ്ടായിരുന്നത്. കുട്ടികള്‍ക്ക് ആത്മധൈര്യം നല്‍കുന്ന ബോധവല്‍ക്കരണം ഇന്നും തുടരും. മിക്ക സ്‌കൂളുകളിലും സര്‍ട്ടിഫിക്കറ്റും പുസ്തകങ്ങളും കംപ്യൂട്ടറുകളും ഒക്കെ വെള്ളം കയറി നശിച്ച അവസ്ഥയിലുമായിരുന്നു.
ചാലാക്ക ഗവ. എല്‍.പി സ്‌കൂളിലെത്തിയത് 4 പേര്‍ മാത്രം
പറവൂര്‍: പ്രളയത്തിന് ശേഷം സ്‌കൂള്‍ തുറന്ന ബുധനാഴ്ച കുന്നുകര ഗ്രാമപഞ്ചായത്തിലെ ചാലാക്ക ഗവ.എല്‍.പി സ്‌കൂളില്‍ എത്തിയത് 4 വിദ്യാര്‍ഥികള്‍ മാത്രം.
ആകെ 105 വിദ്യാര്‍ഥികളാണിവിടെ ഉള്ളത്. എന്നാല്‍ ഇന്നലെ നാലാം ക്ലാസില്‍ ഒരു കുട്ടിയും, മൂന്നാം ക്ലാസില്‍ രണ്ടു കുട്ടികളും. രണ്ടാം ക്ലാസില്‍ 1 കുട്ടിയും, ഒന്നാം ക്ലാസില്‍ ഒരു കുട്ടിയുമാണ് എത്തിയത്.എല്‍.കെ.ജി, യു.കെ.ജി വിഭാഗങ്ങളില്‍ ആരും തന്നെ എത്തിയിരുന്നില്ല. രാവിലെ 9.30ന് എത്തിയ നാലു പേരുടെയും കൈയില്‍ പേരിനൊരു പുസ്തകം പോലുമില്ലായിരുന്നു.സ്‌കൂളും പരിസരവും ഭൂകമ്പ ബാധിത പ്രദേശം പോലെ പ്രളയ ശക്തിയില്‍ തുള്ളിയൊഴിഞ്ഞ കളം പോലെ തോന്നിച്ചു .സ്‌കൂളിന്റെ ഗേറ്റും ചുറ്റുമതിലും തകര്‍ന്നിരുന്നു.
ഏഴ് പതിറ്റാണ്ടിലേറെ പഴക്കമുള്ള സ്‌കൂളിന്റെ വിദ്യാര്‍ഥികളുടെ അഡ്മിഷന്‍ രജിസ്റ്റര്‍, നാല് അധ്യാപകരുടെ സര്‍വീസ് ബുക്കുകള്‍, ജന സര്‍ട്ടിഫിക്കറ്റുകള്‍, സ്‌കൂള്‍ ലൈബ്രറിയിലെ 600 ലേറെ പുസ്തകങ്ങള്‍, രണ്ട് കംപ്യൂട്ടറുകള്‍, സെക്കന്റ് ടേമില്‍ കുട്ടികള്‍ക്ക് നല്‍കാന്‍ സൂക്ഷിച്ചിരുന്ന പുസ്തകങ്ങള്‍, കൈപുസ്തകങ്ങള്‍ സ്റ്റോറിലുണ്ടായിരുന്ന മിക്‌സി, രണ്ട് ചാക്ക് അരി, രണ്ട് മോട്ടറുകള്‍, തുടങ്ങിയവയെല്ലാം നശിച്ചവയില്‍പ്പെടുന്നു. പ്ലംബിങ്ങും തകരാറിലായി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."