വെഞ്ഞാറമൂട് ഇരട്ടക്കൊലപാതകം; പിന്നില്‍ സി.പി.എം ചേരിപ്പോരെന്ന് കോണ്‍ഗ്രസ്
തിരുവനന്തപുരം: വെഞ്ഞാറമൂട് ഇരട്ടക്കൊലപാതകവുമായി ബന്ധപ്പെട്ടു പുറത്തുവന്ന സി.സി.ടി.വി ദൃശ്യങ്ങള്‍ തെളിവാക്കി ഗുരുതര ആരോപണമുന്നയിച്ച് കോണ്‍ഗ്രസ്.
കൊലപാതകത്തിനു പിന്നില്‍ സി.പി.എം സംഘങ്ങളുടെ ചേരിപ്പോരാണെന്നും കൃത്യത്തില്‍ 12 പേര്‍ പങ്കെടുത്തുവെന്നും കെ.പി.സി.സി മുന്‍ അധ്യക്ഷന്‍ എം.എം. ഹസന്‍ ,കെ.എസ് ശബരിനാഥന്‍ എം.എല്‍.എ, കെ.പി.സി.സി ജനറല്‍ സെക്രട്ടറി പാലോട് രവി, ഡി.സി.സി പ്രസിഡന്റ് നെയ്യാറ്റിന്‍കര സനല്‍ എന്നിവര്‍ കെ.പി.സി.സി ആസ്ഥാനത്ത് നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ ആരോപിച്ചു. സി.സി.ടി.വി ദൃശ്യങ്ങള്‍ സ്‌ക്രീനില്‍ കാണിച്ചുകൊണ്ടായിരുന്നു വാര്‍ത്താസമ്മേളനം.
കോണ്‍ഗ്രസിന്റെ വിശദീകരണമിങ്ങനെ: കൊലപാതകവുമായി ബന്ധപ്പെട്ടു പുറത്തുവന്ന സി.സി.ടി.വി ദൃശ്യങ്ങളില്‍ പന്ത്രണ്ടു പേരെ കാണുന്നുണ്ട്. രണ്ടു പേര്‍ മരണപ്പെട്ടു. നിലവില്‍ അറസ്റ്റിലായ ഒന്‍പതു പേരില്‍ മൂന്നു പേരാണ് കൃത്യത്തില്‍ നേരിട്ടു പങ്കെടുത്തതെന്ന് പൊലിസ് പറയുന്നു. എങ്കില്‍ ദൃശ്യങ്ങളില്‍ കാണുന്ന മറ്റ് ഏഴു പേര്‍ എവിടെയെന്നാണ് കോണ്‍ഗ്രസ് ഉയര്‍ത്തുന്ന ചോദ്യം. ഇവരില്‍ പലരും ഡി.വൈ.എഫ്.ഐ സംസ്ഥാന സെക്രട്ടറി എ.എ റഹീമിന്റെ സംരക്ഷണത്തിലാണെന്നും കോണ്‍ഗ്രസ് ആരോപിച്ചു.
ഇവര്‍ പരസ്പരം വെട്ടുന്നതായാണ് ദൃശ്യങ്ങളില്‍ കാണുന്നത്. കൊല്ലപ്പെട്ട മിഥിലാജും ഹക്ക് മുഹമ്മദും എതിര്‍ ഭാഗത്തുള്ളവരെ വെട്ടി വീഴ്ത്താന്‍ ശ്രമിക്കുന്നുണ്ട്. സ്ഥലത്തുണ്ടായിരുന്ന എല്ലാവരുടെയും കൈയില്‍ ആയുധങ്ങളുമുണ്ട്. നാലു ബൈക്കുകളിലായി ഉണ്ടായിരുന്ന പന്ത്രണ്ടു പേരില്‍ രണ്ടു പേര്‍ ഷഹീന്‍, അപ്പൂസ് എന്നീ രണ്ടു ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകരാണ്. ഇവരുടെ പേര് പൊലിസ് പറയുന്നില്ല. കേസില്‍ സാക്ഷിയല്ലാത്ത മറ്റൊരു ഷഹീനെയാണ് പൊലിസ് ദൃക്‌സാക്ഷിയാക്കിയതെന്നും നേതാക്കള്‍ ആരോപിച്ചു.
എ.എ റഹീമും ഡി.കെ മുരളി എം.എല്‍.എയും തമ്മില്‍ നിലനില്‍ക്കുന്ന പാര്‍ട്ടിയിലെ വിഭാഗീയതയില്‍ സംഭവിച്ചതാണ് കൊലപാതകമെന്നും അവര്‍ ആരോപിച്ചു.
അന്‍സാര്‍ അറസ്റ്റില്‍;
കൂടുതല്‍ പേര്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്ന് പൊലിസ്
സ്വന്തം ലേഖകന്‍
വെഞ്ഞാറമൂട്: രണ്ടു ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകരെ വെട്ടിക്കൊലപ്പെടുത്തിയ കേസില്‍ കൂടുതല്‍ പേര്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്ന് പൊലിസ്. ആകെ 12 പേര്‍ സംഭവ സ്ഥലത്തുണ്ടായിരുന്നുവെന്നും ഇതില്‍ ആറു പേര്‍ കൊല്ലപ്പെട്ടവര്‍ക്കൊപ്പം ഉണ്ടായിരുന്നവരാണെന്നുമാണ് പൊലിസ് നല്‍കുന്ന സൂചന. ആകെ ഒന്‍പത് പ്രതികളില്‍ നാലു പേര്‍ കൃത്യത്തില്‍ നേരിട്ട് പങ്കെടുത്തവരും ബാക്കിയുള്ളവര്‍ പ്രതികളെ ഒളിവില്‍ പോകാന്‍ സഹായിച്ചവരുമാണെന്നായിരുന്നു പൊലിസ് വൃത്തങ്ങള്‍ നേരത്തെ പറഞ്ഞിരുന്നത്. എന്നാല്‍ സംഭവത്തിന്റെ സി.സി.ടി.വി ദൃശ്യങ്ങളില്‍ കൊല്ലപ്പെട്ടവരുള്‍പ്പെടെ 12 പേരുടെ സാന്നിധ്യം വ്യക്തമായിരുന്നു. ഇന്നലെ കോണ്‍ഗ്രസ് നേതാക്കള്‍ വാര്‍ത്താസമ്മേളനം നടത്തി ഇക്കാര്യം ചൂണ്ടിക്കാട്ടുകയും ചെയ്തു. ഇതിനു പിന്നാലെയാണ് കൂടുതല്‍ പേര്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്ന സ്ഥിരീകരണത്തിലേക്ക് പൊലിസ് എത്തിയത്. ഇവരില്‍ പത്തുപേരെ തിരിച്ചറിഞ്ഞിട്ടുണ്ടെന്നും രണ്ടു പേര്‍ക്കായുള്ള അന്വേഷണം നടക്കുകയാണെന്നുമാണ് പൊലിസ് വൃത്തങ്ങള്‍ ഇപ്പോള്‍ നല്‍കുന്ന വിവരം.
അതിനിടെ കേസില്‍ ഒരാളെക്കൂടി പൊലിസ് അറസ്റ്റ് ചെയ്തു. പുല്ലമ്പാറ കൂനന്‍വേങ്ങ പാറവിളാകത്ത് വീട്ടില്‍ അന്‍സാര്‍(29) ആണ് അറസ്റ്റിലായത്. ഇന്നലെ ഉച്ചയോടെ കൂനന്‍വേങ്ങയിലുള്ള ബന്ധുവിന്റെ വീട്ടില്‍ നിന്നുമാണ് ഇയാളെ പൊലിസ് പിടികൂടിയത്. കേസില്‍ ഇയാള്‍ രണ്ടാംപ്രതിയാണെന്ന് പൊലിസ് വ്യക്തമാക്കി. നേരത്തേ നാലാം പ്രതിയാണെന്നായിരുന്നു വിവരം. ഇതോടെ കേസുമായി ബന്ധപ്പെട്ട് പൊലിസ് ആദ്യം തയാറാക്കിയ പ്രതിപ്പട്ടികയിലെ മുഴുവന്‍ പേരും അറസ്റ്റിലായി. മരുതുംമൂട് ചെറുകോണത്ത് വീട്ടില്‍ സജീബ് (35), മദപുരം വാഴവിള ചരുവിള വീട്ടില്‍ ഉണ്ണി (49), മരുതുംമൂട് ഷജിത് മന്‍സിലില്‍ ഷജിത് (27), പുല്ലമ്പാറ മുക്കുടില്‍ ചരുവിള പുത്തന്‍വീട്ടില്‍ അജിത് (27), തേമ്പാമൂട് മരുതുംമൂട് റോഡരികത്ത് വീട്ടില്‍ നജീബ് (41), മരുതുംമൂട് റോഡരികത്തു വീട്ടില്‍ സതികുമാര്‍ (46), വെമ്പായം മദപുരം സ്വദേശി സനല്‍ (35), സഹോദരി പ്രീജ (37) എന്നിവരാണ് ഇതുവരെ അറസ്റ്റിലായ മറ്റുള്ളവര്‍. ഓഗസ്റ്റ് 30ന് രാത്രി പതിനൊന്നരയോടെയാണ് വെഞ്ഞാറമൂട് തേമ്പാമൂട് ഭാഗത്ത് വച്ച് ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകരായ മിഥിലാജ് (30), ഹഖ് മുഹമ്മദ് (24) എന്നിവരെ വെട്ടിക്കൊലപ്പെടുത്തിയത്.
പ്രതികള്‍ക്കും പരുക്ക്
ഇരട്ടക്കൊലക്കേസില്‍ പ്രതികള്‍ക്കും പരുക്കേറ്റെന്ന് വിവരം. പ്രതികളായ സജീബ്, സനല്‍, ഉണ്ണി, അന്‍സാര്‍ എന്നിവര്‍ക്ക് പരുക്കുണ്ടെന്നാണ് ലഭിക്കുന്ന വിവരം. സി.സി.ടി.വി ദൃശ്യങ്ങളില്‍ കൊല്ലപ്പെട്ടവരുള്‍പ്പെട്ട സംഘം പരസ്പരം വെട്ടുന്നത് വ്യക്തമായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."