മലബാറില്‍ യാത്രക്കാര്‍ ദുരിതത്തില്‍
കോഴിക്കോട്: മലബാറില്‍ പൊതുഗതാഗത സംവിധാനങ്ങള്‍ ആവശ്യത്തിനില്ലാത്തത് സ്വകാര്യ മേഖലക്ക് ജനങ്ങളെ ചൂഷണംചെയ്യാന്‍ അവസരമൊരുക്കുന്നു.
കര്‍ണാടക, തമിഴ്‌നാട് തുടങ്ങിയ അയല്‍സംസ്ഥാനങ്ങളില്‍ മലബാറില്‍ നിന്ന് നിരവധി പേരാണ് ജോലിചെയ്യുന്നത്. നിരവധിപേര്‍ നിത്യേന യാത്ര ചെയ്യുന്ന ബംഗളൂരു പോലുള്ള സ്ഥലങ്ങളിലേക്ക് പരിമിതമായ ബസ് സര്‍വിസുകള്‍ മാത്രമാണുള്ളത്.
മലബാറില്‍ നിന്ന് നിത്യേന ആയിരക്കണക്കിന് ആളുകളാണ് ബംഗളൂരുവിലേക്ക് യാത്ര ചെയ്യുന്നത്. കച്ചവടത്തിനും പഠനത്തിനും ചികിത്സയുള്‍പ്പെടെയുള്ള മറ്റു കാര്യങ്ങള്‍ക്കുമായി മലബാറില്‍ നിന്ന് പോകുന്നവര്‍ക്ക് യാത്ര എപ്പോഴും ദുരിതമാണ്.
യാത്രകള്‍ക്ക് പൊതുഗതാഗത സംവിധാനത്തേക്കാള്‍ ജനങ്ങള്‍ക്ക് ആശ്രയിക്കേണ്ടിവരുന്നത് സ്വകാര്യ ബസുകളെയാണ്. അമിത നിരക്കും മറ്റുമായി യാത്രക്കാരെ പിഴിയുന്ന അന്തര്‍ സംസ്ഥാന ബസ് സര്‍വിസുകളുടെ കുത്തക അവസാനിപ്പിക്കാന്‍ പൊതുഗതാഗത സംവിധാനങ്ങള്‍ കാര്യക്ഷമമാക്കുകയാണ് വേണ്ടതെന്ന അഭിപ്രായം ഉയര്‍ന്നിട്ടുണ്ട്.
മലബാറില്‍ നിന്ന് ബംഗളൂരുവിലേക്കുള്ള ഏക ട്രെയിന്‍ സര്‍വിസ് കണ്ണൂര്‍ യശ്വന്ത്പൂര്‍ എക്‌സ്പ്രസ് മാത്രമാണ്. മംഗളൂരുവില്‍ നിന്ന് തിങ്കളാഴ്ച രാത്രിയില്‍ പുറപ്പെടുന്ന സ്‌പെഷല്‍ ട്രെയിനുണ്ടെങ്കിലും യാത്രക്കാരുടെ പ്രയാസത്തിന് ഇത് പരിഹാരമല്ല.
തിരുവനന്തപുരം കൊച്ചുവേളിയില്‍ നിന്നുള്‍പ്പടെ ദിവസേന രണ്ടു ട്രെയിനുകള്‍ തെക്കന്‍ കേരളത്തില്‍ നിന്ന് ബംഗളൂരുവിലേക്ക് പുറപ്പെടുന്നുണ്ട്. ഇതിനുപുറമെ പ്രതിവാര ട്രെയിനുകളും ആഴ്ചയില്‍ മൂന്നു ദിവസം സര്‍വിസ് നടത്തുന്ന ട്രെയിനുകളും ഇവിടെ നിന്ന് ബംഗളൂരുവിലേക്കുണ്ട്. മലബാറിനോട് റെയില്‍വേ കാണിക്കുന്ന അവഗണന ബംഗളൂരു വണ്ടികളുടെ കാര്യത്തിലും തുടരുകയാണ്. വടകര, കോഴിക്കോട്, തിരൂര്‍, പാലക്കാട്, ഷൊര്‍ണൂര്‍ എന്നീ മലബാറിലെ പ്രധാന സ്റ്റേഷനുകളില്‍ നിന്ന് ബംഗളൂരുവിലേക്ക് നിരവധി യാത്രക്കാരാണുള്ളത്. ഇവര്‍ക്കെല്ലാം ആകെയുള്ള ആശ്വാസം കണ്ണൂരില്‍ നിന്നുള്ള യശ്വന്ത്പൂര്‍ എക്‌സ്പ്രസ് മാത്രമാണ്.
ആഴ്ചകള്‍ക്ക് മുന്‍പ് ബുക്ക് ചെയ്താല്‍ മാത്രമേ ഇതില്‍ റിസര്‍വേഷന്‍ ലഭിക്കുകയുള്ളു. ഉത്സവ സീസണുകളിലും മറ്റും യാത്രക്കാരുടെ ദുരിതങ്ങള്‍ പാരമ്യത്തിലാവുകയാണ്. ഇത്തരം സമയങ്ങളില്‍ കെ.എസ്.ആര്‍.ടി.സി സര്‍വിസുകള്‍ വെട്ടിക്കുറക്കുന്ന നയമാണ് സ്വീകരിക്കുന്നത്. ഈ അവസരം മുതലെടുത്താണ് സ്വകാര്യ ബസ് ലോബികള്‍ തഴച്ചുവളരുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."