കൃത്രിമം കാണിച്ചാല്‍ മാത്രം വിജയിക്കുന്ന പാര്‍ട്ടിയാണ് സി.പി.എം: മുല്ലപ്പള്ളി
കല്‍പ്പറ്റ: തെരഞ്ഞെടുപ്പില്‍ കൃത്രിമം കാണിച്ചാല്‍ മാത്രം വിജയിക്കുന്ന പാര്‍ട്ടിയാണ് സി.പി.എമ്മെന്ന് കെ.പി.സി.സി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍.
കണ്ണൂരിലും കാസര്‍കോട്ടും വ്യാപകമായി നടന്ന കള്ളവോട്ടിന്റെയും ആള്‍മാറാട്ടങ്ങളുടെയും ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടും മുഖ്യമന്ത്രി പിണറായി വിജയനും സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും പ്രതികരിച്ചിട്ടില്ല.
കേരളത്തില്‍ വ്യാപകമായി തെരഞ്ഞെടുപ്പ് അട്ടിമറിക്കാനും ജനാധിപത്യ സംവിധാനം താറുമാറാക്കാനും സി.പി.എം ആസൂത്രിതവും സംഘടിതവുമായ നീക്കമാണ് നടത്തിയത്. യു.ഡി.എഫിന് ലഭിക്കേണ്ട അനേകം വോട്ടുകള്‍ അന്തിമ വോട്ടര്‍പട്ടികയില്‍ നിന്ന് ഒഴിവായത് ഇതിനുദാഹരണമാണ്. വയനാട് മണ്ഡലത്തില്‍ കരട് വോട്ടര്‍പട്ടികയില്‍ ഉള്‍പ്പെട്ട പലരും അന്തിമ പട്ടികയില്‍ നിന്ന് പുറത്തായി.
കൂടുതല്‍ ഒഴിവായത് ക്രിസ്ത്യന്‍, മുസ്‌ലിം മതവിഭാഗങ്ങളില്‍പ്പെട്ട വോട്ടര്‍മാരാണ്. കരട് പട്ടികയിലെ പേരുകള്‍ കൂട്ടത്തോടെ വെട്ടിയത് സംബന്ധിച്ച് സര്‍ക്കാര്‍ വിശദീകരണം നല്‍കണം. കള്ളവോട്ട് സംബന്ധിച്ചുള്ള ദൃശ്യങ്ങള്‍ പുറത്തുവന്ന സാഹചര്യത്തില്‍ പ്രശ്‌നബാധിത ബൂത്തുകളില്‍ ഏര്‍പ്പെടുത്തിയ വെബ് കാസ്റ്റിങ് ദൃശ്യങ്ങള്‍ പരിശോധിക്കാന്‍ തെരഞ്ഞെടുപ്പ് കമ്മിഷന്‍ തയാറാകണം. ദൃശ്യങ്ങള്‍ പരിശോധിച്ചാല്‍ അട്ടിമറി ബോധ്യപ്പെടും. ഇത്തരക്കാര്‍ക്കെതിരേ നിയമനടപടി സ്വീകരിക്കണം. കുറ്റമറ്റതും ഭരണഘടന അനുശാസിക്കുന്നതുമായ രൂപത്തില്‍ തെരഞ്ഞെടുപ്പ് കമ്മിഷന്‍ പ്രവര്‍ത്തിക്കണം. അല്ലെങ്കില്‍ ജനാധിപത്യ സംവിധാനത്തില്‍ ജനങ്ങള്‍ക്കുള്ള വിശ്വാസം നഷ്ടമാകും. തെരഞ്ഞെടുപ്പ് കമ്മിഷന്‍ ഇക്കാര്യം ഗൗരവത്തോടെ കാണണം.
കേരളത്തില്‍ 18 സീറ്റുകള്‍ എല്‍.ഡി.എഫ് നേടുമെന്ന കോടിയേരിയുടെ വാദത്തെക്കുറിച്ച് ഒന്നും പറയുന്നില്ല. തെരഞ്ഞെടുപ്പ് ഫലം പുറത്തുവരുന്നതോടെ സി.പി.എമ്മിന് ദേശീയ പാര്‍ട്ടി പദവി നഷ്ടപ്പെടും. വയനാട്ടില്‍ രാഹുലിന്റെ ഭൂരിപക്ഷം മൂന്നുലക്ഷം കവിയുമെന്നും അദ്ദേഹം മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."