കള്ളവോട്ട്: യാഥാര്‍ഥ്യം പുറത്തുവരണം
ലോക്‌സഭാ തെരഞ്ഞെടുപ്പ് കഴിഞ്ഞ തൊട്ടടുത്ത ദിവസം തന്നെ കാസര്‍കോട്, കണ്ണൂര്‍ ജില്ലകളില്‍ വ്യാപകമായ തോതില്‍ കള്ളവോട്ട് നടന്നതായി പരാതികള്‍ ഉയര്‍ന്നിരുന്നു. ഇതു സംബന്ധിച്ച് വടകരയിലെ ഇടതു മുന്നണി സ്ഥാനാര്‍ഥിയും സി.പി.എം കണ്ണൂര്‍ ജില്ലാ മുന്‍ സെക്രട്ടറിയുമായ പി. ജയരാജനോട് തെരഞ്ഞെടുപ്പ് കഴിഞ്ഞതിന്റെ പിറ്റേന്ന് മാധ്യമപ്രവര്‍ത്തകര്‍ ആരാഞ്ഞപ്പോള്‍, ഇത് എല്ലാ പ്രാവശ്യവുമുള്ള യു.ഡി.എഫിന്റെ സ്ഥിരം പല്ലവിയാണെന്ന മറുപടിയായിരുന്നു അദ്ദേഹത്തില്‍ നിന്നുണ്ടായത്. എന്നാല്‍ കഴിഞ്ഞ ദിവസം കള്ളവോട്ടു ചെയ്തതിന്റെ ദൃശ്യങ്ങള്‍ മാധ്യമങ്ങളിലൂടെ പുറത്തുവന്നതില്‍ നിന്ന് കള്ളവോട്ട് കണ്ണൂരിലും കാസര്‍കോട്ടും സ്ഥിരമായി നടക്കുന്ന ഏര്‍പ്പാടാണെന്നു മനസിലാവുന്നു.
അത്രയും ലാഘവത്തോടെയാണ് ബൂത്തുകളില്‍ കള്ളവോട്ടുകള്‍ രേഖപ്പെടുത്തുന്നത് കാണപ്പെട്ടത്.കല്യാശേരി, തൃക്കരിപ്പൂര്‍, പയ്യന്നൂര്‍ എന്നിവിടങ്ങളിലെ ബൂത്തുകളില്‍ നടന്ന കള്ളവോട്ടുകളെ സംബന്ധിച്ചുള്ള ദൃശ്യങ്ങളാണ് വെബ്കാസ്റ്റിങ് വീഡിയോയിലൂടെ പുറത്തുവന്നിരിക്കുന്നത്. സി.പി.എമ്മിനു കള്ളവോട്ട് വാങ്ങി ജയിക്കേണ്ട ആവശ്യമില്ലെന്നും അതു സി.പി.എമ്മിന്റെയോ ഇടതുപക്ഷത്തിന്റെയോ രീതിയല്ലെന്നും ദൃശ്യങ്ങള്‍ പുറത്തുവന്ന ശേഷം സി.പി.എം കണ്ണൂര്‍ ജില്ലാ സെക്രട്ടറി എം.വി ജയരാജന്‍ വിശദീകരിക്കുന്നുണ്ടെങ്കിലും അത് അത്രമേല്‍ വിശ്വാസ യോഗ്യമായി തോന്നുന്നില്ല.സി.പി.എം ഗ്രാമപഞ്ചായത്ത് അംഗവും മുന്‍ അംഗവും കള്ളവോട്ടു ചെയ്യുന്നതിന്റെ ദൃശ്യങ്ങളാണ് പുറത്തുവന്നിരിക്കുന്നത്. കണ്ണൂര്‍ കല്യാശേരി നിയമസഭാ മണ്ഡലത്തില്‍ 19ാം ബൂത്തിലെ ദൃശ്യങ്ങളാണിപ്പോള്‍ കോണ്‍ഗ്രസ് പുറത്തുവിട്ടിരിക്കുന്നത്. പയ്യന്നൂര്‍ 136ാം നമ്പര്‍ ബൂത്തിലും തൃക്കരിപ്പൂര്‍ 48ാം നമ്പര്‍ ബൂത്തിലുമാണ് ഒന്നിലേറെ വോട്ടുകള്‍ ചെയ്യുന്നത് കാണുന്നത്. 40 മിനുട്ടുകള്‍ക്കിടയില്‍ ആറു കള്ളവോട്ടുകളാണ് ഇപ്രകാരം ചെയ്തിരിക്കുന്നത്. ഇങ്ങനെ വിവിധയിടങ്ങളിലായി അയ്യായിരത്തിലധികം വോട്ടുകള്‍ സി.പി.എം ചെയ്തിട്ടുണ്ടാകുമെന്നും കോണ്‍ഗ്രസ് ആരോപിക്കുന്നു.
കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ എല്ലാ തെരഞ്ഞെടുപ്പുകളിലും കള്ളവോട്ടുകള്‍ ചെയ്യുന്നതായ പരാതി നേരത്തെതന്നെ ഉള്ളതാണ്. പല ബൂത്തുകളും സി.പി.എം കൈയടക്കുകയായിരുന്നു. എതിര്‍ സ്ഥാനാര്‍ഥിയുടെ ബൂത്ത് ഏജന്റുമാര്‍ക്ക് ധൈര്യപൂര്‍വം പോളിങ് ബൂത്തില്‍ ഇരിക്കാന്‍ വയ്യാത്ത അവസ്ഥ അവിടങ്ങളില്‍ പലപ്പോഴും ഉണ്ടായിട്ടുണ്ട്. പ്രിസൈഡിങ് ഓഫീസര്‍മാരടക്കം തെരഞ്ഞെടുപ്പ് ചുമതലയുള്ള ഉദ്യോഗസ്ഥര്‍ സി.പി.എമ്മിന്റെ ഇത്തരം പ്രവര്‍ത്തനങ്ങള്‍ക്കു നിശ്ശബ്ദ സാക്ഷികളാവാറാണ് പതിവെന്ന ആരോപണവും നിലനില്‍ക്കുന്നു. സി.സി.ടി.വി ദൃശ്യങ്ങള്‍ സഹിതമുള്ള ഇപ്രാവശ്യത്തെ ആരോപണങ്ങള്‍ മുന്‍പത്തേതു പോലെ തള്ളിക്കളയാനാകില്ല. ഇതു സംബന്ധിച്ച് മുഖ്യതെരഞ്ഞെടുപ്പ് ഓഫിസര്‍ ടിക്കാറാം മീണ വിശദീകരണം ചോദിച്ചിരിക്കുകയാണ്. കള്ളവോട്ടു നടന്നെന്നു തെളിഞ്ഞാല്‍ ബൂത്തുകളില്‍ റീപോളിങ് വേണ്ടിവരും. ഈ ആവശ്യം ഇപ്പോള്‍ തന്നെ യു.ഡി.എഫ് ഉന്നയിച്ചുകഴിഞ്ഞു.
കള്ളവോട്ടാണ് സി.പി.എമ്മിനു വേണ്ടി ചെയ്തതെങ്കില്‍ പോളിങ് ഉദ്യോഗസ്ഥര്‍ക്കും രാഷ്ട്രീയ കക്ഷികളുടെ ബൂത്ത് ഏജന്റുമാര്‍ക്കുമെതിരേ ഇന്ത്യന്‍ ശിക്ഷാനിയമവും ജനപ്രാതിനിധ്യ നിയമവുമനുസരിച്ച് ക്രിമിനല്‍ കേസ് എടുക്കേണ്ടി വരും.
ഇന്ത്യയിലെ ആദ്യ പൊതുതെരഞ്ഞെടുപ്പില്‍ തന്നെ കള്ളവോട്ടുകളും ഉണ്ടായിരുന്നു. അന്ന് തെരഞ്ഞെടുപ്പ് കമ്മിഷന്‍ നേരിട്ട പ്രധാന വെല്ലുവിളിയും അതു തന്നെയായിരുന്നു. ഒരാള്‍ക്ക് ഒന്നിലധികം വോട്ടുകള്‍ ചെയ്യാന്‍ അനുകൂലമായ സാഹചര്യമായിരുന്നു അന്നുണ്ടായിരുന്നത്. ഇതിനൊരു പരിഹാരമെന്ന നിലയിലാണ് ന്യൂഡല്‍ഹിയിലെ നാഷണല്‍ ഫിസിക്കല്‍ ലബോറട്ടറി പ്രത്യേക തെരഞ്ഞെടുപ്പ് മഷി വികസിപ്പിച്ചെടുത്തത്. വോട്ടു ചെയ്യുന്നതിനു മുന്‍പ് സമ്മതിദായകന്റെ ഇടതു ചൂണ്ടു വിരലില്‍ പുരട്ടുന്ന ഈ മഷി ദിവസങ്ങളോളം മായാതെ കിടക്കും. ഇതുവഴി വോട്ടു ചെയ്തവരെ ഒന്നിലധികം തവണ വോട്ട് ചെയ്യുന്നതില്‍ നിന്ന് തടയാനാകും. 1962ലെ ലോക്‌സഭാ തെരഞ്ഞെടുപ്പിലാണ് വോട്ടിങ് മഷി ആദ്യമായി ഉപയോഗിച്ചത്. അതിനു ശേഷം രാജ്യത്തു നടന്ന എല്ലാ തെരഞ്ഞെടുപ്പുകളിലും ഈ മഷി ഉപയോഗിച്ചു പോന്നു. മഷി പോളിങ് ബൂത്തില്‍ വച്ച് തുടച്ചുകളയുന്നത് നിയമവിരുദ്ധമാണ്. ഇങ്ങനെ ചെയ്യുന്നവരെ വോട്ടു ചെയ്യുന്നതില്‍ നിന്ന് വിലക്കാനുള്ള അധികാരം പോളിങ് ഉദ്യോഗസ്ഥകര്‍ക്കുണ്ട്. എന്നാല്‍ കള്ളവോട്ടു ചെയ്തു എന്ന ആരോപിക്കപ്പെടുന്ന രണ്ടു സ്ത്രീകള്‍ പോളിങ് ബൂത്തില്‍ വച്ചു തന്നെ പരസ്യമായി മഷി തലയില്‍ തുടയ്ക്കുന്ന ദൃശ്യങ്ങള്‍ പുറത്തു വന്നിട്ടുണ്ട്.
ഇതിനിടെ കള്ളവോട്ടുകള്‍ സംബന്ധിച്ച പരാതി ഇതര സംസ്ഥാനങ്ങളില്‍ നിന്നും ഉയരുകയാണ്. കഴിഞ്ഞ 20 വര്‍ഷമായി കള്ളവോട്ടു നേടിയാണ് അസംഖാന്‍ ജയിച്ചുപോരുന്നതെന്ന് നടിയും ബി.ജെ.പി സ്ഥാനാര്‍ഥിയുമായ ജയപ്രദ ആരോപിച്ചിരിക്കുകയാണ്. തെരെഞ്ഞെടുപ്പില്‍ മുസ്‌ലിംങ്ങളെ വോട്ടു ചെയ്യാന്‍ തന്റെ മണ്ഡലത്തിലെ ജില്ലാ ഭരണകൂടം അനുവദിക്കാറില്ലെന്ന അസംഖാന്റെ പരാമര്‍ശത്തിനെതിരേ പ്രതികരിക്കുകയായിരുന്നു അവര്‍.
നേരത്തെ ജയപ്രദയ്‌ക്കെതിരേ വ്യക്തിപരമായ പരാമര്‍ശം നടത്തിയതിനു മുഖ്യ തെരഞ്ഞെടുപ്പ് കമ്മിഷനില്‍ നിന്നും മൂന്നു ദിവസത്തെ പ്രസംഗ വിലക്കു വാങ്ങിയ ആളാണ് അസംഖാന്‍ .
കാസര്‍കോട്ടും കണ്ണൂരും കള്ളവോട്ടു നടന്നുവെന്ന പരാതിയുടെ അടിസ്ഥാനത്തില്‍ വരണാധികാരികളായിരുന്ന ജില്ലാ കലക്ടര്‍മാരോടാണ് ടിക്കാറാം മീണ വിശദീകരണം ചോദിച്ചിരിക്കുന്നത്. അദ്ദേഹത്തിന്റെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലായിരിക്കും മുഖ്യ തെരഞ്ഞെടുപ്പ് കമ്മിഷന്‍ കള്ളവോട്ട് നടന്നതായി ആരോപിക്കപ്പെടുന്ന ബൂത്തുകളില്‍ റീപോളിങ് നടത്തുക.
സി.പി.എം പ്രാദേശിക നേതാക്കളും പഞ്ചായത്ത് അംഗവും ബൂത്തിലെത്തിയത് ഓപ്പണ്‍ വോട്ടു ചെയ്യാനാണെന്നാണ് എം.വി ജയരാജന്‍ പറയുന്നത്. എന്നാല്‍ ഓപ്പണ്‍ വോട്ടു ചെയ്യുമ്പോള്‍ ആരുടെ വോട്ടാണോ ചെയ്യുന്നത്, ആ വ്യക്തി കൂടെ ഉണ്ടായിരിക്കണം. ഇടതു വിരലിനു പകരം വലതു വിരലിലാണ് മഷി പുരട്ടേണ്ടത്. ഇവിടെ കള്ളവോട്ടു ചെയ്‌തെന്നു പറയപ്പെടുന്ന രണ്ടു സ്ത്രീകളുടെയും ഇടതു വിരലുകളില്‍ തന്നെയാണ് രണ്ടു പ്രാവശ്യവും മഷി പുരട്ടിയത്. ആരുടെ വോട്ടാണോ ചെയ്യേണ്ടത്, ആ വ്യക്തി ഇവരുടെ കൂടെ ഉണ്ടായിരുന്നതുമില്ല. ഈ ചോദ്യങ്ങള്‍ക്കൊന്നും ജയരാജനു വക്തമായ മറുപടിയില്ല. മുന്‍പ് വ്യാപകമായ തോതില്‍ കള്ളവോട്ട് സി.പി.എമ്മിന്റെ കൈയൂക്കു കൊണ്ട് നടത്തിക്കൊണ്ടു പോകാമായിരുന്നു. പക്ഷേ ഇപ്പോള്‍ എല്ലാം വിളിച്ചു പറയുന്ന വെബ് കാമറകള്‍ സുലഭമാണ്. അതിനാല്‍ തന്നെ ഇതു സംബന്ധിച്ച് വിശദമായ അന്വേഷണം നടത്തി കള്ളവോട്ടു നടന്നിട്ടുണ്ടെങ്കില്‍ റീപോളിങ് നടത്താനുള്ള നടപടികള്‍ മുഖ്യ തെരഞ്ഞെടുപ്പ് കമ്മിഷനില്‍ നിന്ന് ഉണ്ടാവേണ്ടിയിരിക്കുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."