സര്‍വകക്ഷി ന്യായീകരണത്തൊഴിലാളികളേ സംഘടിക്കുവിന്‍
വ്യാവസായിക വിപ്ലവ പശ്ചാത്തലത്തിലെ തൊഴിലാളിവര്‍ഗത്തെക്കുറിച്ചാണ് പത്തൊന്‍പതാം നൂറ്റാണ്ടില്‍ കാള്‍ മാര്‍ക്‌സ് കാര്യമായി പറഞ്ഞത്. പ്രത്യേകിച്ച് അന്നത്തെ ഫാക്ടറിത്തൊഴിലാളികളെയും കര്‍ഷകത്തൊഴിലാളികളെയും കുറിച്ച്. അങ്ങനെയാണ് ചുറ്റികയും അരിവാളും അഖിലലോക തൊഴിലാളി, കര്‍ഷകവര്‍ഗ വിപ്ലവച്ചിഹ്നമായത്. അന്ന് അവരുടെയൊക്കെ പണിയായുധങ്ങള്‍ അതായിരുന്നല്ലോ. അവരൊക്കെ എങ്ങനെ സംഘടിക്കണം, എങ്ങനെ ശക്തരാകണം, എങ്ങനെ വിപ്ലവം നടത്തണം, എങ്ങനെ ഭരണകൂടം കൊഴിഞ്ഞുപോകുന്ന അവസ്ഥയുണ്ടാക്കണം എന്നൊക്കെയാണ് അദ്ദേഹവും അദ്ദേഹത്തെ പിന്തുടര്‍ന്നുവന്ന കമ്യൂണിസ്റ്റ് സൈദ്ധാന്തികരുമൊക്കെ പറഞ്ഞത്.
ആചാര്യന്മാര്‍ പറഞ്ഞതില്‍ ചിലതൊക്കെ സംഭവിച്ചു. ലോകത്തെങ്ങും തൊഴിലാളിവര്‍ഗം സംഘടിച്ചു. ചില രാജ്യങ്ങളില്‍ വിപ്ലവം നടന്നു. വിപ്ലവം നടന്ന പലയിടങ്ങളിലും ഭരണകൂടങ്ങള്‍ 'കൊഴിഞ്ഞു'പോയി. ബാക്കിയുള്ളിടങ്ങളില്‍ പലതരം അഭ്യാസങ്ങളിലൂടെ പിടിച്ചുനില്‍ക്കുന്നു. ഇതിനിടയില്‍ തൊഴിലാളിവര്‍ഗത്തിനു പലതരം മാറ്റങ്ങളുണ്ടായി. ചിലയിനം തൊഴിലാളിവര്‍ഗങ്ങള്‍ക്ക് വംശനാശം സംഭവിച്ചു. പുതിയ ചിലയിനം തൊഴിലാളിവര്‍ഗങ്ങള്‍ പ്രത്യക്ഷപ്പെട്ടു. അരിവാളും ചുറ്റികയുമൊക്കെ ഉപയോഗിച്ച് പണിയെടുക്കുന്ന തൊഴിലാളിവര്‍ഗം ന്യൂനാല്‍ ന്യൂനപക്ഷമായി. കംപ്യൂട്ടറും മൗസും കീബോര്‍ഡും മൊബൈല്‍ ഫോണുമൊക്കെ പുതിയ കാലത്തെ ബഹുഭൂരിപക്ഷം തൊഴിലാളികളുടെയും പണിയായുധങ്ങളായി. എന്നിട്ടും തൊഴിലാളിവര്‍ഗപ്പാര്‍ട്ടികളുടെയെല്ലാം കൊടിയടയാളമായി അരിവാളും ചുറ്റികയും തുടരുന്നു. ചില ആചാരങ്ങളും പാരമ്പര്യ ചര്യകളുമൊന്നും മാറ്റാനാവില്ലല്ലോ.
കാലപ്രവാഹം സൃഷ്ടിച്ച മാറ്റങ്ങളില്‍ പുതിയൊരിനം തൊഴിലാളിവര്‍ഗം ലോകത്ത് രൂപംകൊണ്ടിട്ടുണ്ട്. ന്യായീകരണത്തൊഴിലാളി വര്‍ഗം. ഏകാധിപത്യ രാജ്യങ്ങളിലും അര്‍ദ്ധജനാധിപത്യ രാജ്യങ്ങളിലുമൊക്കെയാണ് ഈയിനം തൊഴിലാളികളെ കൂടുതല്‍ കാണുന്നത്. പുതിയ കാലത്തിന്റെ കണ്ണാടിയായ സമൂഹമാധ്യമങ്ങളാണ് ഇവരുടെ തൊഴിലിടങ്ങള്‍. ഭരണകൂടങ്ങളും രാഷ്ട്രീയപ്പാര്‍ട്ടികളും മറ്റു പലയിനം സംഘടനകളുമൊക്കെയാണ് ഇവരുടെ പ്രധാന തൊഴില്‍ദാതാക്കള്‍.
ഇവരുടെ തൊഴില്‍ദാതാക്കള്‍ മറ്റു തൊഴിലുടമകളെപ്പോലെയല്ല. മറ്റു തൊഴിലുടമകള്‍ തൊഴിലാളികളെ കണ്ടെത്തി തൊഴില്‍ നല്‍കുകയാണ് പതിവ്. ഈ തൊഴിലാളിവര്‍ഗം അങ്ങനെയല്ല. ഇവര്‍ തൊഴിലുടമകളെ അങ്ങോട്ടുചെന്ന് കണ്ടെത്തുന്നവരാണ്. മാത്രമല്ല മറ്റു തൊഴിലാളി വിഭാഗങ്ങളെക്കാള്‍ തൊഴിലുടമയോട് ആത്മാര്‍ഥതയും സത്യന്ധതയും വിധേയത്വവും അതിലപ്പുറം ഭക്തി പോലുമുള്ളവരാണ് ഇക്കൂട്ടര്‍. തൊഴിലുടമ ഒരു പ്രതിസന്ധിയിലകപ്പെട്ടാല്‍ ആരും പറയാതെ തന്നെ ഇക്കൂട്ടര്‍ 'അടിയന്‍ ലച്ചിപ്പോം' എന്നുപറഞ്ഞ് ചാടിവീഴും. തൊഴിലുടമ അഴിമതിയോ കൊലയോ ബലാത്സംഗമോ ഒക്കെ നടത്തിയാലും അതിനെയൊക്കെ ആത്മാര്‍ഥമായി തന്നെ ന്യായീകരിക്കും. ഈ കലികാലത്ത് ഇത്ര വിനീതവിധേയരായ തൊഴിലാളികളെ മറ്റേതു തൊഴില്‍മേഖലയിലാണ് കാണാനാവുക.
കേരളത്തില്‍ ഇക്കൂട്ടര്‍ ധാരാളമുണ്ടെന്ന് സമൂഹമാധ്യമങ്ങള്‍ തുറന്നുനോക്കിയാല്‍ മനസിലാകും. സ്വര്‍ണക്കടത്ത്, ലൈഫ് മിഷന്‍ തരികിട, വെഞ്ഞാറമൂട് ഇരട്ടക്കൊല, നേതാവിന്റെ പുന്നാരമോന്‍ ആരോപണവിധേയനായ മയക്കുമരുന്ന് കേസ് എന്നിവയെയൊക്കെ എത്ര ആത്മാര്‍ഥമായാണ് ഇവര്‍ ന്യായീകരിക്കുന്നത്.
ഇങ്ങനെയൊക്കെ സ്വന്തം വ്യക്തിത്വം പോലും കളഞ്ഞുകുളിച്ച് രാപകല്‍ പണിയെടുത്തിട്ടും അര്‍ഹിക്കുന്ന പരിഗണന ഇവര്‍ക്കു കിട്ടുന്നില്ലെന്നതാണ് സത്യം. മറ്റു പല തൊഴിലാളി വിഭാഗങ്ങളും അനുഭവിക്കുന്ന ആനുകൂല്യങ്ങളൊന്നും ഇവര്‍ക്കു ലഭിക്കുന്നില്ല. ക്ഷേമനിധിയില്ല, ഇ.എസ്.ഐയില്ല, അവധികളില്ല, ജോലിക്ക് കൃത്യമായ സമയപരിധിയില്ല, കൃത്യമായ വേതനം പോലുമില്ല. ചില പാര്‍ട്ടികള്‍ എന്തെങ്കിലും എച്ചില്‍തുണ്ടുകള്‍ നല്‍കും. ചില 'എച്ചി' പ്രസ്ഥാനങ്ങള്‍ അതുപോലും നല്‍കുന്നില്ല. എന്നിട്ടും അവര്‍ 'ജീവന്‍ വേണേല്‍ ജീവന്‍ നല്‍കാം' എന്ന എന്ന മുദ്രാവാക്യവുമായി പണിയെടുത്തുകൊണ്ടേയിരിക്കുന്നു.
കേരളം പോലെ അതിശക്തമായ തൊഴിലാളിവര്‍ഗ മുന്നേറ്റമുണ്ടായൊരു നാട്ടില്‍ സംഭവിക്കാന്‍ പാടില്ലാത്തതാണിത്. അതനുവദിച്ചുകൂടാ. ഇവരും സംഘടിച്ചു ശക്തരാകണം. സകലമാന തൊഴിലാളി വിഭാഗങ്ങളെയും സംഘടിപ്പിച്ചു സമരം ചെയ്യുന്ന രാഷ്ട്രീയകക്ഷികള്‍ ഇവരുടെ കാര്യത്തില്‍ ഒന്നും ചെയ്യുന്നില്ല. അതങ്ങനെയാണ്. രാഷ്ട്രീയകക്ഷികളാണല്ലോ ഇവരുടെ പ്രധാന തൊഴിലുടമകള്‍. ഒരു തൊഴിലുടമയും സ്വന്തം തൊഴിലാളികളെ സംഘടിപ്പിച്ചു സമരരംഗത്തിറക്കില്ല. ഇതിനിയും തുടരാനനുവദിക്കുന്നത് കേരളത്തിന് അപമാനകരമാണ്. ഒരു വിഭാഗത്തെ സംഘടിപ്പിക്കുന്നതിന് നേതൃത്വം നല്‍കുന്നവര്‍ ആ തൊഴില്‍ ചെയ്യുന്നവരാകണമെന്നില്ല. ഈ നാട്ടിലെ ചുമട്ടുതൊഴിലാളി നേതാക്കളൊന്നും ചുമടെടുക്കുന്നവരല്ല. മത്സ്യത്തൊഴിലാളി നേതാക്കളിലധികവും മീന്‍പിടിച്ചോ വില്‍പന നടത്തിയോ ശീലമുള്ളവരല്ല. ഓട്ടോമൊബൈല്‍ തൊഴിലാളി സംഘടനകളുടെ മിക്ക നേതാക്കളും ഒരു സ്പാനറോ സ്‌ക്രൂഡ്രൈവറോ മര്യാദയ്ക്കു പിടിക്കാന്‍ പോലും വശമില്ലാത്തവരാണ്. അതുകൊണ്ട് ആരെങ്കിലും ഇവരെ സംഘടിപ്പിക്കാന്‍ മുന്നോട്ടുവന്നേ പറ്റൂ.
ഒരു തൊഴിലെടുത്തു ജീവിക്കുന്ന വര്‍ഗബോധമുള്ളൊരു തൊഴിലാളിയെന്ന നിലയില്‍ പറയുകയാണ്. സര്‍വകക്ഷി ന്യായീകരണത്തൊഴിലാളികളേ സംഘടിക്കുവിന്‍. തൊഴിലിനോടുള്ള ആത്മാര്‍ഥത മൂലം നാണവും മാനവും പോലും ത്യജിച്ച നിങ്ങള്‍ക്കിനി നഷ്ടപ്പെടാനൊന്നുമില്ല. കിട്ടാനുള്ളതോ പുതിയൊരു ലോകവും.
********
രാഷ്ട്രീയ അനാഥരേ, ഇതിലേയിതിലേ
കേരളത്തിലെ രാഷ്ട്രീയകക്ഷികള്‍ക്കും മുന്നണികള്‍ക്കും എന്തൊക്കെ തകരാറുകളുണ്ടെങ്കിലും വലിയൊരു ഗുണമുണ്ട്. അനാഥത്വം അവര്‍ കണ്ടുസഹിക്കില്ല. എത്ര കടുത്ത ശത്രുക്കളായാലും അനാഥരാണെന്നുകണ്ടാല്‍ അവര്‍ ചേര്‍ത്തുപിടിച്ചു സംരക്ഷിക്കും.
പണ്ട് കെ. കരുണാകരനോടൊപ്പം കോണ്‍ഗ്രസ് വിട്ട് ഡി.ഐ.സി (കെ) എന്നൊരു പാര്‍ട്ടിയുണ്ടാക്കിയ മകന്‍ കെ. മുരളീധരന്‍ കോണ്‍ഗ്രസിന്റെ സമുന്നത നേതാക്കള്‍ക്കെതിരേ പറയാന്‍ ഒന്നും ബാക്കിവച്ചിരുന്നില്ല. സോണിയാഗാന്ധിയെ മദാമ്മയെന്നു വിളിച്ചു. അഹമ്മദ് പട്ടേലിനെ അലൂമിനിയം പട്ടേലെന്നു വിളിച്ചു. എ.കെ ആന്റണിയും ഉമ്മന്‍ ചാണ്ടിയുമടക്കമുള്ള കേരളത്തിലെ നേതാക്കളെ തലങ്ങുംവിലങ്ങും ചീത്തവിളിച്ചു. ദേശാഭിമാനി ഓഫിസില്‍ പോയി അന്ന് സി.പി.എം സംസ്ഥാന സെക്രട്ടറിയായിരുന്ന പിണറായി വിജയനോടൊപ്പം നോമ്പുതുറന്ന് ഇടതുമുന്നണിയില്‍ കയറിക്കൂടാമെന്ന് പ്രതീക്ഷയുണ്ടാക്കിയതിന്റെ ബലത്തിലായിരുന്നു അതൊക്കെ. എന്നാല്‍ ഇടതുപക്ഷത്തെ റിവിഷനിസ്റ്റുകളായ സി.പി.ഐ വിലങ്ങുതടിയായപ്പോള്‍ ആ മോഹം നടന്നില്ല. അങ്ങനെ മുരളീധരനും കൂട്ടരും എങ്ങാടവുമില്ലാതെ പെരുവഴിയിലായി.
ഈ സമയത്താണ് 2006ലെ നിയമസഭാ തെരഞ്ഞെടുപ്പ് വരുന്നത്. മുരളീധരന്‍ ഇങ്ങനെ പെരുവഴിയില്‍ അലയുന്നതു കണ്ടപ്പോള്‍ കോണ്‍ഗ്രസിലെ ചിലര്‍ക്കും മുസ്‌ലിം ലീഗിനും സഹിച്ചില്ല. വലിയൊരു വിഭാഗം കോണ്‍ഗ്രസുകാരുടെ എതിര്‍പ്പു വകവയ്ക്കാതെ യു.ഡി.എഫ് മുരളിയെ കൂടെക്കൂട്ടി കൊടുവള്ളി സീറ്റ് നല്‍കി. അതുവരെ ലീഗിന്റെ കുത്തക സീറ്റായിരുന്ന കൊടുവള്ളി ആ തെരഞ്ഞെടുപ്പില്‍ യു.ഡി.എഫിനു നഷ്ടമായി. ഒരു സല്‍ക്കര്‍മം ചെയ്തതിന്റെ ഫലമായി ഇത്തിരി നഷ്ടം സഹിച്ചാലും സാരമില്ലെന്ന് നേതാക്കള്‍ സമാധാനിച്ചു.
വി.എസ് അച്യുതാനന്ദന്‍ പിറകെ നടന്ന് കേസ് നടത്തി ജയില്‍വാസം വാങ്ങിക്കൊടുത്ത കേരള കോണ്‍ഗ്രസ് (ബി) നേതാവ് ആര്‍. ബാലകൃഷ്ണപിള്ളയും മകന്‍ ഗണേശ്കുമാറും കഴിഞ്ഞ ഉമ്മന്‍ ചാണ്ടി സര്‍ക്കാരിന്റെ അവസാനകാലത്ത് യു.ഡി.എഫിന് അനഭിമതരായി. അച്ഛനും മകനും ഒരുമിച്ച് ഗതികിട്ടാതലയുന്ന അവസ്ഥ കണ്ടപ്പോള്‍ വി.എസിന്റെ പാര്‍ട്ടിയായ സി.പി.എമ്മിന് സഹിച്ചില്ല. അവര്‍ വിളിച്ച് ഇടതുമുന്നണിക്കൊപ്പം നിര്‍ത്തി ആപല്‍ഘട്ടത്തില്‍ ശത്രുവിനെപ്പോലും കൈവിടരുതെന്ന് വിപ്ലവസിദ്ധാന്തം പ്രയോഗവല്‍കരിച്ചു.
അനാഥത്വം ആര്‍ക്കും എപ്പോഴും വരാമല്ലോ. ഒരുകാലത്ത് കേരള രാഷ്ട്രീയത്തില്‍ അതികായനായിരുന്ന കേരള കോണ്‍ഗ്രസ് (എം) നേതാവ് കെ.എം മാണിസാറിന്റെ മകന്‍ ജോസ് കെ. മാണിയും കൂട്ടരുമാണ് ഇപ്പോള്‍ അനാഥാവസ്ഥയിലുള്ളത്. മാണിയുടെ മരണശേഷം പി.ജെ ജോസഫുമായി ഏറ്റുമുട്ടി യു.ഡി.എഫിന് വലിയ പരുക്കുണ്ടാക്കിയപ്പോഴാണ് ഗത്യന്തരമില്ലാതെ യു.ഡി.എഫ് ജോസിനെ മാറ്റിനിര്‍ത്തിയത്. ബാര്‍കോഴക്കേസില്‍ മാണിക്കെതിരേ കേരളം മുഴുവന്‍ വന്‍ സമരങ്ങള്‍ അഴിച്ചുവിടുകയും മാണി ബജറ്റ് അവതരിപ്പിക്കുന്നതു തടയാന്‍ നിയമസഭ കുട്ടിച്ചോറാക്കുകയുമൊക്കെ ചെയ്ത സി.പി.എമ്മിന് ഈ അവസ്ഥ കണ്ട് തീരെ സഹിക്കുന്നില്ല. ജോസിനെ വഴിയില്‍ അലയാന്‍ വിടില്ലെന്നാണ് കോടിയേരി ബാലകൃഷ്ണന്‍ മകന്റെ പേരിലുള്ള പുകിലിനിടയിലും പറയുന്നത്. ഇതുകേട്ടപ്പോള്‍ യു.ഡി.എഫിലും ജോസിനോടുള്ള സഹതാപം തളിരിട്ടു തുടങ്ങിയിട്ടുണ്ട്. എങ്ങനെ ജോസിനെ വീണ്ടും കൂടെ കൊണ്ടുവരാമെന്ന ആലോചനയിലാണത്രെ യു.ഡി.എഫ് നേതാക്കള്‍. ഇതെല്ലാം കണ്ട് ജോസ് ക്യാംപില്‍ നിന്ന് 'എന്തതിശയമേ ദൈവത്തിന്‍ സ്‌നേഹം' എന്ന ഗാനം ഇടക്കിടെ ഉയരുന്നുണ്ടെന്നാണ് കോട്ടയത്തു നിന്നുള്ള കരന്യൂസ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."