മാപ്പ് പറയാതെ പ്രഗ്യാസിങ്ങിനു വേണ്ടി പ്രചാരണം നടത്തില്ലെന്ന് ബി.ജെ.പിയിലെ മുസ്‌ലിം നേതാവ്
ഭോപ്പാല്‍: ബാബരി മസ്ജിദ് തകര്‍ക്കല്‍ വിഷയത്തിലും മാഹാരാഷ്ട്ര ഭീകരവിരുദ്ധ സേന (എ.ടി.എസ്) മേധാവി ഹേമന്ത് കര്‍ക്കരെയുടെ കൊലപാതകത്തിലും മാപ്പ് പറയാതെ ഭോപ്പാലിലെ ബി.ജെ.പി സ്ഥാനാര്‍ഥിയായ മലേഗാവ് സ്‌ഫോടനക്കേസിലെ മുഖ്യപ്രതി സാധ്വി പ്രഗ്യാസിങ് താക്കൂറിനു വേണ്ടി പ്രചാരണം നടത്തില്ലെന്ന് പാര്‍ട്ടിയിലെ മുസ്‌ലിം നേതാവ് ഫാതിമാ സിദ്ദീഖി. ജനങ്ങള്‍ ഇതിനകം തന്നെ മുറിവേറ്റിരിക്കുകയാണ്. ഇതിനു പുറമെ ഹേമന്ത് കര്‍ക്കരെയെ കുറിച്ചുള്ള പ്രഗ്യാസിങ്ങിന്റെ പരാമര്‍ശം എല്ലാവരെയും കൂടുതല്‍ മുറിവേല്‍പ്പിച്ചു. ബാബരി മസ്ജിദിന്റെ പേരില്‍ മുസ്‌ലിംകളോടും കര്‍ക്കരെ പരാമര്‍ശത്തിന്റെ പേരില്‍ അദ്ദേഹത്തിന്റെ കുടംബത്തോടും പ്രഗ്യാസിങ് മാപ്പ് പറയുകയാണെങ്കില്‍ അവര്‍ക്കു വേണ്ടി പ്രചാരണം നടത്തുന്നതിനെ കുറിച്ച് ഞാനാലോചിക്കും. മാപ്പ് പറഞ്ഞില്ലെങ്കില്‍ പ്രചാരണത്തിന് ഇറങ്ങില്ല. തന്റെ നിലപാട് ബി.ജെ.പിക്ക് എതിരല്ലെന്നും അവരുടെ സ്ഥാനാര്‍ഥിത്വത്തിന് എതിരെ മാത്രമാണെന്നും ഫാതിമ പറഞ്ഞു.
ബാബരി മസ്ജിദ് തകര്‍ത്ത കര്‍സേവകരില്‍ താനും ഉണ്ടായിരുന്നുവെന്നും അതില്‍ സന്തോഷമേയുള്ളൂവെന്നുമായിരുന്നു പ്രഗ്യാസിങ്ങിന്റെ ഒരു പ്രസ്താവന. വിഷയത്തില്‍ തെരഞ്ഞെടുപ്പ് കമ്മിഷന്‍ മുന്‍പാകെ പരാതി നിലവിലുണ്ട്. തന്റെ ശാപമേറ്റാണ് കര്‍ക്കരെ മരിച്ചതെന്നായിരുന്നു പ്രഗ്യാസിങ്ങിന്റെ മറ്റൊരു വിവാദ പരാമര്‍ശം.
പ്രഗ്യാസിങ്ങിനെ ഭോപ്പാലിലെ സ്ഥാനാര്‍ഥിയാക്കിയതിലൂടെ മുതിര്‍ന്ന നേതാവും മുന്‍ മുഖ്യമന്ത്രിയുമായ ശിവരാജ് സിങ് ചൗഹാന്റെ പ്രതിച്ഛായക്കു മങ്ങലേറ്റിരിക്കുകയാണെന്നും ഫാതിമ വ്യക്തമാക്കി. പ്രഗ്യാസിങ് ഒരിക്കലും മുസ്‌ലിം ഭൂരിപക്ഷ പ്രദേശങ്ങളില്‍ പ്രചാരണം നടത്തരുത്. അവര്‍ വിജയിക്കുമെന്ന് എനിക്ക് തോന്നുന്നില്ല. മതദ്രുവീകരണത്തിനു മാത്രമെ അവരുടെ സ്ഥാനാര്‍ഥിത്വം കാരണമാവൂ- ഫാതിമ ചൂണ്ടിക്കാട്ടി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."