യു.പിയിലെ കണക്കുകള്‍ ബി.ജെ.പിയെ ഭയപ്പെടുത്താനുള്ള കാരണം ഇതാണ്
ലഖ്‌നൗ: ഹിന്ദി ഹൃദയഭൂമിയായി അറിയപ്പെടുന്ന ഉത്തരേന്ത്യയാണ് എന്നും ബി.ജെ.പിയുടെ ശക്തി. ബിഹാര്‍, ഛത്തിസ്ഗഡ്, ഡല്‍ഹി, ഹിമാചല്‍പ്രദേശ്, ഹരിയാന, ജാര്‍ഖണ്ഡ്, മധ്യപ്രദേശ്, രാജസ്ഥാന്‍, ഉത്തരാഖണ്ഡ്, ഉത്തര്‍പ്രദേശ് എന്നീ 10 സംസ്ഥാനങ്ങളില്‍ ആകെ 225 ലോക്‌സഭാ സീറ്റുകളാണുള്ളത്. ഇതില്‍ 190ലും കഴിഞ്ഞതവണ ബി.ജെ.പി വിജയിച്ചു. ഒരിടവേളയ്ക്കു ശേഷം ബി.ജെ.പിയെ അധികാരത്തില്‍ വരാന്‍ സഹായിച്ചത് ഹിന്ദി ഹൃദയഭൂമിയിലെ ഈ പ്രകടനമായിരുന്നു.
ഹിന്ദി ഹൃദയഭൂമിയുടെ 'തലസ്ഥാന'മാണ് ഉത്തര്‍പ്രദേശ്. 'യു.പി പിടിച്ചാല്‍ ഡല്‍ഹി പിടിച്ചു' എന്ന സമവാക്യത്തില്‍ രാഷ്ട്രീയപ്പാര്‍ട്ടികള്‍ക്കു വിശ്വാസമുള്ളത് കൊണ്ടാണ് ഉത്തര്‍പ്രദേശില്‍ പാര്‍ട്ടികള്‍ കൂടുതലായി ലക്ഷ്യംവയ്ക്കുന്നത്. പ്രധാനമന്ത്രി നരേന്ദ്രമോദി, യു.പി.എ അധ്യക്ഷ സോണിയാ ഗാന്ധി, കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി തുടങ്ങിയവര്‍ മത്സരിക്കുന്ന സംസ്ഥാനം കൂടിയാണിത്.
2014ലെ പൊതുതെരഞ്ഞെടുപ്പില്‍ ബി.ജെ.പിക്കു ലഭിച്ച നാലിലൊന്ന് സീറ്റുകളും ഉത്തര്‍പ്രദേശില്‍ നിന്നായിരുന്നു. സംസ്ഥാനത്തെ 80ല്‍ 71 സീറ്റുകളും പാര്‍ട്ടി തൂത്തുവാരി. മുഖ്യപ്രതിപക്ഷകക്ഷിയായ കോണ്‍ഗ്രസിന് ദേശീയതലത്തില്‍ ആകെ ലഭിച്ച 44 സീറ്റുകളിലേതിനെക്കാള്‍ കൂടുതലാണിത്. 2014ലെ വിജയത്തിനു പുറമെ 2017ല്‍ നടന്ന നിയമസഭാ തെരഞ്ഞെടുപ്പിലും മിന്നുന്ന വിജയമാണ് സംസ്ഥാനത്ത് ബി.ജെ.പി സ്വന്തമാക്കിയത്. മത്സരിച്ച 384 സീറ്റില്‍ 312ലും വിജയിച്ചു. എന്നാല്‍, 2014ലെ അന്തരീക്ഷമല്ല ഇപ്പോഴുള്ളത്. സംസ്ഥാനത്ത് മോദി തരംഗമേയില്ല. കേന്ദ്രത്തിലെയും സംസ്ഥാനത്തിലെയും ബി.ജെ.പി സര്‍ക്കാരുകള്‍ക്കെതിരെ ജനവികാരം ശക്തവുമാണ്. ചുരുക്കത്തില്‍ കണക്കുകളെല്ലാം ബി.ജെ.പിക്ക് എതിരാണ്.
ഏറ്റവും കൂടുതല്‍ ലോക്‌സഭാ സീറ്റുകളുള്ളതും യു.പിയില്‍ തന്നെ. മറ്റു ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ നിന്നു വ്യത്യസ്തമായി ബി.ജെ.പിയും പ്രാദേശികകക്ഷികളുമാണ് ഇവിടെ നേരിട്ടേറ്റുമുട്ടുന്നത്. എസ്.പിയും ബി.എസ്.പിയും നേതൃത്വം നല്‍കുന്ന വിശാലമുന്നണിയും ബി.ജെ.പിയുമാണ് പ്രധാനപോരാട്ടം. കോണ്‍ഗ്രസും മത്സരരംഗത്തുണ്ടെങ്കിലും വിരലിലെണ്ണാവുന്ന മണ്ഡലങ്ങളിലേ ശക്തമായ ത്രികോണ മത്സരം നടക്കുന്നുള്ളൂ. ചില മണ്ഡലങ്ങളില്‍ കോണ്‍ഗ്രസ് സൗഹൃദമത്സരം എന്ന നിലയ്ക്ക് മഹാസഖ്യത്തിനെതിരെ സ്ഥാനാര്‍ഥികളെ നിര്‍ത്തിയിട്ടുണ്ട്. സംസ്ഥാനത്ത് ബി.ജെ.പിയെ പോലെ തന്നെ അടിത്തട്ടില്‍ സ്വാധീനമുള്ള പാര്‍ട്ടികളാണ് ബി.എസ്.പിയും എസ്.പിയും. ഇവര്‍ക്കു പുറമെ ആര്‍.എല്‍.ഡിയും അടങ്ങുന്നതാണ് മഹാസഖ്യം.
വോട്ട് വിഹിതത്തിലെ കണക്ക്
2014ലെ പൊതു തെരഞ്ഞെടുപ്പിലും 2017ലെ നിയമസഭാ തെരഞ്ഞെടുപ്പിലും വിവിധകക്ഷികള്‍ക്കു ലഭിച്ച വോട്ട് വിഹിതം ഇപ്രകാരമാണ്:
ബി.ജെ.പി: 42.3, 39.5
ബി.എസ്.പി: 19.6, 22.2
കോണ്‍ഗ്രസ്: 7.5, 6.2
എസ്.പി: 22.2, 21.9
വോട്ട് വിഹിതത്തിന്റെ കണക്കുകള്‍ പ്രകാരം മഹാസഖ്യത്തിന് 42.5 ശതമാനം വോട്ടുകള്‍ ലഭിക്കേണ്ടതാണ്. ഇതാവട്ടെ 2014ല്‍ ബി.ജെ.പിക്കു ലഭിച്ച വോട്ട് വിഹിതത്തെക്കാള്‍ അല്‍പ്പം കൂടുതലാണ്. ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ബി.ജെ.പിക്ക് 71 സീറ്റുകള്‍ ലഭിച്ചപ്പോള്‍ കോണ്‍ഗ്രസിന് രണ്ടും എസ്.പിക്ക് അഞ്ചു സീറ്റുകളും ലഭിച്ചു. 2014ലെയും 2017ലെയും തെരഞ്ഞെടുപ്പുകളില്‍ സംസ്ഥാനത്തെ വിവിധ പാര്‍ട്ടികള്‍ക്കു ലഭിച്ച വോട്ട് വിഹിതവും സീറ്റ് നിലയും പരിശോധിച്ചാല്‍ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ബി.ജെ.പിയുടെ നേട്ടം 30 സീറ്റില്‍ ഒതുങ്ങേണ്ടതാണ്. കോണ്‍ഗ്രസിന് ആറും മഹാസഖ്യത്തിന് 44 സീറ്റുകളും ലഭിക്കുമെന്നും കണക്കുകള്‍ വ്യക്തമാക്കുന്നു. ഇനി 2017ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ ബി.ജെ.പിക്കു ലഭിച്ച സീറ്റുകള്‍ പരിശോധിച്ചാല്‍ സംസ്ഥാനത്തെ 27 ലോക്‌സഭാ മണ്ഡലത്തില്‍ മാത്രമാണ് അവര്‍ക്കു ഭൂരിപക്ഷം ലഭിക്കാനായത്.
സര്‍വേ കണക്കുകള്‍
സി. വോട്ടറിന്റെ സര്‍വേ പ്രകാരം സംസ്ഥാനത്തെ ജനങ്ങള്‍ക്ക് മോദിയിലുള്ള താല്‍പ്പര്യം 43 ശതമാനമായി കുറഞ്ഞു. ഇക്കാര്യത്തില്‍ യു.പിയുടെ സ്ഥാനം ദേശീയതലത്തില്‍ 16 ആണ്. എം.പിമാരിലും എം.എല്‍.എമാരിലുമുള്ള സംതൃപ്തി യഥാക്രമം 8.2ഉം 11.8ഉം ആയും ഇടിഞ്ഞു. സി. വോട്ടര്‍ സര്‍വേ പ്രകാരം സംസ്ഥാനത്ത് എന്‍.ഡി.എക്ക് 29 സീറ്റേ ലഭിക്കൂ, കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് 44 സീറ്റിന്റെ കുറവ്.
2014ല്‍ ബി.ജെ.പിക്ക് വോട്ട് ചെയ്ത എല്ലാവരുടെയും വോട്ട് ഇത്തവണ പാര്‍ട്ടിക്കു ലഭിക്കില്ലെന്ന് വോട്ടെടുപ്പ് നിരീക്ഷിക്കുന്ന അര്‍ത്രോ ഡോട്ട് എ.ഐയും പറഞ്ഞിട്ടുണ്ട്. ഇതുവരെ നടന്ന മൂന്നുഘട്ട വോട്ടെടുപ്പില്‍ 26ല്‍ 16ഉം മഹാസഖ്യം നേടുമെന്ന് ടുഡേ ചാണക്യയുടെ രാഷ്ട്രീയ നിരീക്ഷകര്‍ പ്രഥ ദാസ് അഭിപ്രായപ്പെട്ടു. ബി.ജെ.പിക്ക് 26ല്‍ 10 സീറ്റും ലഭിക്കും. നവഭാരത് ടൈംസിലെ നിരീക്ഷകനും സമാന സീറ്റാണ് പ്രവചിച്ചിരിക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."