ഉറപ്പുനല്‍കിയിട്ടും നികത്താതെ ദേശീയപാതയിലെ 'പാതാള'ക്കുഴികള്‍
കാസര്‍കോട്: ഈ മാസം മുപ്പതിനകം ദേശീയപാതയിലെ കുഴികള്‍ നികത്തുമെന്ന ഉറപ്പ് അധികൃതര്‍ മറന്നുവെന്ന് ആക്ഷേപം. ഇതോടെ ജില്ലയിലെ ദേശീയപാതയിലെ കുഴികള്‍ അതേപടി കിടക്കുന്നു. കാലിക്കടവ് മുതല്‍ തലപ്പാടി വരെയുള്ള ദേശീയപാതയിലെ റോഡുകളാണ് കുത്തിപ്പൊളിഞ്ഞു കിടക്കുന്നത്. പൊതുമരാമത്ത് വിഭാഗവും ദേശീയപാതാ വിഭാഗവും റോഡ് നന്നാക്കാന്‍ തയാറാവാത്തതോടെ പൊലിസും നാട്ടുകാരുമൊക്കെയാണ് ദേശീയപാത നവീകരണത്തിന് ഇറങ്ങിയിരിക്കുന്നത്. ദേശീയപാത തകര്‍ന്നു തുടങ്ങിയപ്പോള്‍ 31നകം ദേശീയപാത നന്നാക്കുമെന്ന് അധികൃതര്‍ നല്‍കിയ ഉറപ്പു മറന്നുപോയോയെന്നാണ് നാട്ടുകാരുടെ ചോദ്യം. മഞ്ചേശ്വരം മുതല്‍ കാലിക്കടവ് വരെയുള്ളത് ഭാഗങ്ങളിലും ദേശീയപാത പലയിടങ്ങളിലും തകര്‍ന്നിരിക്കുകയാണ്.
ഏറെ അപകട സാധ്യതയുള്ള വളവുകളില്‍പോലും ആഴത്തിലുള്ള കുഴികള്‍ രൂപപ്പെട്ടതോടെ വലിയ വാഹനങ്ങളില്‍ ഉള്‍പ്പെടെ സഞ്ചരിക്കുന്ന യാത്രക്കാരുടെയും വാഹനങ്ങളുടെയും നടുവൊടിയുന്ന അവസ്ഥയാണ് ജില്ലയിലെ ദേശീയപാതയില്‍.
ഏറെ അപകടം പിടിച്ച പ്രദേശങ്ങളിലായ തെക്കില്‍ വളവ്, ചാലിങ്കാല്‍, കേളോത്ത് വളവ് തുടങ്ങിയ ഭാഗങ്ങളിലൊക്കെ പാതയില്‍ കുഴികള്‍ രൂപപ്പെട്ടിട്ടുണ്ട്. തെക്കില്‍ വളവില്‍ വര്‍ഷങ്ങള്‍ക്കുമുമ്പ് പാകിയ ഇന്റര്‍ ലോക്ക് ഉള്‍പ്പെടെ തകര്‍ന്നിട്ടുണ്ട്. ഇതു ബൈക്കുള്‍പ്പെടെയുള്ള ചെറു വാഹനങ്ങള്‍ക്ക് വന്‍ അപകട ഭീഷണിയാണ് ഉയര്‍ത്തുന്നത്. ഇത്തരം കുഴികളില്‍ വീണും കുഴിയില്‍ വീഴാതിരിക്കാന്‍ വാഹനം വെട്ടിച്ചത് വഴിയും ഈയടുത്തായി ഒട്ടനവധി ജീവനുകളാണ് ജില്ലയില്‍ ഉണ്ടായ അപകടങ്ങളില്‍ പൊലിഞ്ഞത്. വാഹനങ്ങളുടെ ലീഫുകള്‍ ഉള്‍പ്പെടെ തകര്‍ന്നു മുന്നോട്ടു സഞ്ചരിക്കാനാവാതെ പാതക്ക് നടുവില്‍ കുടുങ്ങുന്നതോടെ ഗതാഗത സതംഭനങ്ങളുമുണ്ടാകുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."