കുട്ടനാട്ടില്‍ നൂറുകണക്കിനു കുടുംബങ്ങള്‍ ജപ്തി ഭീഷണിയില്‍
കുട്ടനാട് : നൂറുകണക്കിനു കുടുംബങ്ങള്‍ കുട്ടനാട്ടില്‍ ജപ്തി ഭീഷണിയില്‍. പാതിവഴിയില്‍ നിര്‍മാണം മുടങ്ങിയ വീടുകളടക്കം ഭവന പദ്ധതി പ്രകാരം അനുവദിച്ച വീടുകളാണ് ജപ്തി ഭീഷണി നേരിടുന്നത്.
തലവടി പഞ്ചായത്ത് 11 ാം വാര്‍ഡില്‍ ഐ.എ.വൈ പദ്ധതി പ്രകാരം വീട് അനുവദിച്ച ഇടയത്ര വിനീത്, സന്തോഷ്, രാമശേരി വിലാസിനി എന്നിവരുടെ വീടുനിര്‍മാണം സാമ്പത്തിക ബുദ്ധിമുട്ടുമൂലം പാതിവഴിയിലെത്തിയ അവസ്ഥയിലാണ്. ഇവര്‍ക്കു 2011-12 സാമ്പത്തിക വര്‍ഷത്തിലാണ് വീടുനിര്‍മാണത്തിനായി 1,65,000 രൂപ അനുവദിച്ചത്. ആദ്യഗഡുവായി ലഭിച്ച 40,000 രൂപകൊണ്ട് വീടുനിര്‍മാണം ആരംഭിച്ചെങ്കിലും നിര്‍ദേശിക്കപ്പെട്ട പണി പൂര്‍ത്തിയാക്കാന്‍ കഴിഞ്ഞില്ല.
നിര്‍മാണ സാമഗ്രികളുടെ വിലവര്‍ധനവും തൊഴില്‍കൂലിയും കാരണം നിര്‍ധനരായ ഈ കുടുംബങ്ങളുടെ വീടുനിര്‍മാണം പാതിവഴിയില്‍ മുടങ്ങി. നിര്‍മാണം നടക്കാതെ വന്നതോടെ ആദ്യ ഗഡുവായി ലഭിച്ച തുക തിരിച്ചടയ്ക്കണമെന്നു നിര്‍ദേശം വന്നു. തിരിച്ചടയ്ക്കാന്‍ കഴിയാഞ്ഞതുമൂലം ജപ്തി നടപടിയിലേക്കു തിരിയുമെന്ന ഘട്ടത്തില്‍ വാര്‍ഡ് അംഗം ഇടപെട്ട് പുനര്‍നിര്‍മാണത്തിനുള്ള നിര്‍ദേശം വെക്കുകയായിരുന്നു.
ഇതേ തുടര്‍ന്നു ഇവര്‍ കടംവാങ്ങിയും പണം പലിശയ്‌ക്കെടുത്തും വീടുപണി പുനരാരംഭിക്കുകയായിരുന്നു. പഞ്ചായത്ത് നിര്‍ദേശിക്കപ്പെട്ട പണി പൂര്‍ത്തിയാക്കിയതോടെ ഉദ്യോഗസ്ഥര്‍ വീടുപണി നേരില്‍ കണ്ടു വിലയിരുത്തിയ ശേഷമാണ് അടുത്ത ഗഡു അനുവദിക്കുന്നതിനുള്ള നടപടി തുടങ്ങിയത്. ഇത്തരത്തില്‍ നിരവധി വീടുകളാണ് നിര്‍മാണം പൂര്‍ത്തിയാകാതെ തന്നെ ജപ്തി ഭീഷണി നേരിടുന്നത്. ചമ്പക്കുളം ബ്ലോക്ക് പഞ്ചായത്തിനു കീഴില്‍ തന്നെ നൂറുകണക്കിനു വീടുകള്‍ ജപ്തി ഭീഷണിയിലാണ്. കുട്ടനാട്ടിലെ ഉള്‍പ്രദേശങ്ങളില്‍ താമസിക്കുന്ന കുടുംബങ്ങള്‍ക്കു ഭവന പദ്ധതി പ്രകാരം വീട് അനുവദിച്ചാല്‍ പഞ്ചായത്തില്‍ നിന്നു ലഭിക്കുന്ന തുകയുടെ നാലിരട്ടിയെങ്കിലും തുക വീട്ടുകാര്‍ കരുതിവയ്‌ക്കേണ്ട അവസ്ഥയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."