സ്‌ഫോടനം: അന്വേഷണത്തിനു പ്രത്യേക സംഘം
ഇരിട്ടി: പുതിയ സ്റ്റാന്റിലെ മുസ്‌ലിം ലീഗ് ശാഖാ ഓഫിസ് പ്രവര്‍ത്തിക്കുന്ന കെട്ടിടത്തില്‍ സ്‌ഫോടനം നടന്നതിനെക്കുറിച്ചും ബോംബുകളും ആയുധശേഖരങ്ങള്‍ പിടിച്ചെടുത്തതും സംബന്ധിച്ചുമുള്ള കേസ് അന്വേഷണത്തിനു പ്രത്യേക സ്‌ക്വാഡ് രൂപീകരിച്ചു. ഡിവൈ.എസ്.പി പ്രജീഷ് തോട്ടത്തിലിന്റെ നേതൃത്വത്തിലുള്ള സംഘത്തില്‍ സി.ഐ രാജീവന്‍ വലിയവളപ്പില്‍, എസ്.ഐ പി.എം സുനില്‍ കുമാര്‍, എ.എസ്.ഐ റെജി സ്‌കറിയ എന്നിവരാണ് അംഗങ്ങള്‍. സംഭവത്തില്‍ ഓഫിസുമായി ബന്ധപ്പെട്ട ലീഗ് ഭാരവാഹികള്‍ക്കെതിരേ ജാമ്യമില്ലാ വകുപ്പ് പ്രകാരം പൊലിസ് കേസെടുത്തു. കേസില്‍ ഉള്‍പ്പെട്ടവരുടെ പേരുവിവരം പൊലിസ് വെളിപ്പെടുത്തിയിട്ടില്ല. ഫോറന്‍സിക് വിഭാഗം സയന്റിഫിക് ഓഫിസര്‍ ശ്രുതിലേഖ സ്ഥലം സന്ദര്‍ശിച്ചു. ചൊവ്വാഴ്ച ഉച്ചയ്ക്കു 1.30ഓടെയായിരുന്നു മൂന്നുനില കെട്ടിടടത്തില്‍ സ്‌ഫോടനമുണ്ടായത്.
സമഗ്രാന്വേഷണം
വേണം: യൂത്ത് ലീഗ്
കണ്ണൂര്‍: ഇരിട്ടിയില്‍ കഴിഞ്ഞ ദിവസമുണ്ടായ സ്‌ഫോടനത്തെക്കുറിച്ച് സമഗ്ര അന്വേഷണം നടത്തണമെന്നും സത്യാവസ്ഥ പുറത്തു കൊണ്ടുവരണമെന്നും യൂത്ത് ലീഗ് ജില്ലാകമ്മിറ്റി. മേഖലയില്‍ മുസ്‌ലിംലീഗിന്റെ ചിട്ടയായ പ്രവര്‍ത്തനം ഏവര്‍ക്കും മാതൃകയാണ്. കാലവര്‍ഷക്കെടുതിയാല്‍ ദുരിതം അനുഭവിക്കുന്നവര്‍ക്കു ലീഗും പോഷക സംഘടനകളും രാപകലില്ലാതെ പ്രവര്‍ത്തിച്ചിരുന്നു. ഇതില്‍ വിറളിപൂണ്ടവരുടെ കുബുദ്ധിയില്‍ ഉദിച്ച കള്ളക്കഥകള്‍ പുറത്തുകൊണ്ടുവരണമെന്നും യൂത്ത് ലീഗ് പ്രസ്താവനയില്‍ ആവശ്യപ്പെട്ടു.
കള്ളപ്രചാരണക്കാരെ ചോദ്യംചെയ്യണം: പി. ജയരാജന്‍
കണ്ണൂര്‍: ഇരിട്ടിയിലെ മുസ്‌ലിംലീഗ് ഓഫിസില്‍ സ്‌ഫോടനവുമായി ബന്ധപ്പെട്ട് സമഗ്ര അന്വേഷണം നടത്തി കുറ്റവാളികള്‍ക്കെതിരേ കര്‍ശന നടപടി സ്വീകരണമെന്നു സി.പി.എം ജില്ലാ സെക്രട്ടറി പി. ജയരാജന്‍.
സമാധാനം നിലനില്‍ക്കുന്ന ഇരിട്ടിയില്‍ സംഘര്‍ഷം സൃഷ്ടിക്കുന്നതിനായി സൂക്ഷിച്ചതാണിത്. സ്‌ഫോടനത്തിനു ശേഷം ബോധപൂര്‍വം കള്ളപ്രചാരണം നടത്തിയ ലീഗ് പ്രവര്‍ത്തകരെ പൊലിസ് ചോദ്യംചെയ്യണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."