സംസ്ഥാനത്തെ ഐ.ടി.ഐകള്‍ ലോക നിലവാരത്തിലേക്ക്
തിരുവനന്തപുരം: അടിസ്ഥാന സൗകര്യങ്ങള്‍ വര്‍ധിപ്പിച്ചും പുതിയ കോഴ്‌സുകള്‍ അവതരിപ്പിച്ചും സംസ്ഥാനത്തെ ഇന്റസ്ട്രിയല്‍ ട്രെയിനിങ് ഇന്‍സ്റ്റിറ്റ്യൂട്ടുകള്‍(ഐ.ടി.ഐ) ലോകനിലവാരത്തിലേക്ക് ഉയര്‍ത്തുന്നു.
ഇതിന്റെ ആദ്യഘട്ടമെന്ന നിലയില്‍ സംസ്ഥാനത്തെ തെരഞ്ഞെടുത്ത പത്ത് ഐ.ടി.ഐകളുടെ പ്രവര്‍ത്തനങ്ങള്‍ ലോകനിലവാരത്തിലേക്ക് ഉയര്‍ത്തുന്നതിനായി തൊഴില്‍ വകുപ്പ് നടപടികള്‍ ആരംഭിച്ചുകഴിഞ്ഞു. ഇതിന്റെ അടിസ്ഥാനത്തില്‍ വിദ്യാര്‍ഥികളില്ലാത്ത കോഴ്‌സുകള്‍ അവസാനിപ്പിക്കുകയും ആ സ്ഥാനത്ത് പുതിയ കോഴ്‌സുകള്‍ അവതരിപ്പിക്കുകയും ചെയ്യും. സ്മാര്‍ട് ക്ലാസ് റൂമുകള്‍, ലോക നിലവാരത്തിലുള്ള വര്‍ക്‌ഷോപ്പുകള്‍, ലൈബ്രറികള്‍ എന്നിവ പുതിയ പദ്ധതിയുടെ ഭാഗമായി കൊണ്ടുവരും. ജൂണില്‍ നടത്താന്‍ നിശ്ചയിച്ചിട്ടുള്ള പരീക്ഷകള്‍ ഇതാദ്യമായി ഓണ്‍ലൈനായി നടത്താനാണ് തീരുമാനം.
നിലവാരം മെച്ചപ്പെടുത്തുന്നതിനായി കിഫ്ബിയില്‍നിന്നും അനുവദിച്ച 82.5 കോടി രൂപ ഉപയോഗിച്ച് അടിസ്ഥാന സൗകര്യ വികസനത്തിനുള്ള നടപടികള്‍ ഇതിനകംതന്നെ ആരംഭിച്ചിട്ടുണ്ട്.
അക്കാദമി ഓഫ് സ്‌കില്‍സ് എക്‌സലന്‍സ് പ്രത്യേകമായി തയാറാക്കിയ പദ്ധതിയാണ് ഐ.ടി.ഐകളുടെ നിലവാരം മെച്ചപ്പെടുത്തുന്നതിനായി നടപ്പിലാക്കുന്നത്.
സംസ്ഥാനത്താകെ 107 സര്‍ക്കാര്‍ ഐ.ടി.ഐകളും 350 ഐ.ടി.സികളുമുണ്ട്.
ഇവയിലാകെ 132 ട്രേഡുകളിലുള്ള കോഴ്‌സുകളാണ് പഠിപ്പിക്കുന്നത്. അടിസ്ഥാന സൗകര്യ വികസനത്തിനും വര്‍ക്‌ഷോപ്പുകള്‍ ലോക നിലവാരത്തിലുള്ളതാക്കുന്നതിന്റെയും ഭാഗമായി പ്രധാനപ്പെട്ട ഇലക്ട്രോണിക്, മെക്കാനിക്കല്‍ കമ്പനികളെല്ലാംതന്നെ ഇതിനകം ഐ.ടി.ഐകളുമായി യോജിച്ചുള്ള പ്രവര്‍ത്തനം ആരംഭിച്ചുകഴിഞ്ഞു.
കഴിഞ്ഞ കുറച്ചു വര്‍ഷങ്ങളായി സാംസങ്ങും ടൊയോട്ടയുമാണ് കളമശേരി ഐ.ടി.ഐയിലെ വിദ്യാര്‍ഥികള്‍ക്ക് പരിശീലനം നല്‍കുന്നത്. മാത്രമല്ല പരിശീലനത്തില്‍ മികവുതെളിയിക്കുന്ന വിദ്യാര്‍ഥികള്‍ക്ക് നേരിട്ടുള്ള റിക്രൂട്ട്‌മെന്റ് വഴി ഈ കമ്പനികള്‍ ജോലി നല്‍കുന്നുമുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."