ബിനോയ് കോടിയേരിയുടെ ഡി.എന്‍.എ ഫലം ഒതുക്കിയതുപോലെ മയക്കുമരുന്ന് കേസും ഒതുക്കാന്‍ സാധ്യത: കെ. മുരളീധരന്‍
കോഴിക്കോട്: സി.പി.എമ്മുമായി ബന്ധപ്പെട്ട പല പരാതികളും ഒതുക്കാന്‍ ബി.ജെ.പിയാണ് സഹായിക്കുന്നതെന്ന് കെ. മുരളീധരന്‍ എം.പി ആരോപിച്ചു. ബിനോയ് കോടിയേരിക്കെതിരായ ലൈംഗിക പീഡന പരാതിയും ഡി.എന്‍.എ ടെസ്റ്റിന്റെ പരിശോധനാഫലവും ഒതുക്കിയതുപോലെ മയക്കുമരുന്ന് കേസും ഒതുക്കാന്‍ സാധ്യതയുണ്ട്. ഡി.എന്‍.എ ടെസ്റ്റിന്റെ ഫലം അനുകൂലമായിരുന്നെങ്കില്‍ ആരോപണം ഉന്നയിച്ച സ്ത്രീക്കെതിരേ ബിനോയ് മാന നഷ്ടക്കേസ് നല്‍കുമായിരുന്നെന്നും അദ്ദേഹം വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
കമ്യൂണിസ്റ്റുകാര്‍ക്ക് നിരക്കാത്ത കാര്യങ്ങളാണ് കോടിയേരിയുടെ മക്കളുടെ ഭാഗത്തുനിന്നുണ്ടാവുന്നത്. കേരളം മയക്കുമരുന്നിന്റെ കേന്ദ്രമായി മാറുകയാണ്. സി.പി.എം സംസ്ഥാന സെക്രട്ടറിയുടെ മകന്‍ ഉള്‍പ്പെട്ട സംഘമാണ് മയക്കുമരുന്ന് കടത്തിന് പിന്നിലെന്ന സൂചനകള്‍ പുറത്തുവരുന്നു. മയക്കുമരുന്ന് മാഫിയയ്ക്ക് ലക്ഷങ്ങള്‍ കടം കൊടുക്കാന്‍ മാത്രം ബിനീഷ് കോടിയേരിക്ക് എവിടെ നിന്നാണ് വരുമാനം. മയക്കുമരുന്ന് കേസില്‍ കര്‍ണാടകയില്‍ പിടിയിലായ മുഹമ്മദ് അനൂപിനെ 28 തവണ ബിനീഷ് ഫോണില്‍ വിളിച്ചത് കമ്യൂണിസം പഠിപ്പിക്കാനാണോയെന്നും മുരളീധരന്‍ ചോദിച്ചു.
വെഞ്ഞാറമൂട് ഇരട്ടക്കൊല, പൊന്ന്യം ബോംബ് സേ്ഫാടനം, മയക്കുമരുന്ന് കേസ് ഇവ മൂന്നും കേന്ദ്ര ഏജന്‍സി അന്വേഷിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. വെഞ്ഞാറമൂട് ഗുണ്ടാ സംഘങ്ങളുടെ ഏറ്റുമുട്ടലാണ് നടന്നതെന്നതിന്റെ തെളിവുകളാണ് പുറത്തുവരുന്നത്. മരിച്ചവരുടെ കൈയിലും ആയുധം ഉണ്ടെന്ന് സി.പി.എം ജില്ലാ സെക്രട്ടറി ആനാവൂര്‍ നാഗപ്പന്‍ പറഞ്ഞത് ഇതിന് തെളിവാണ്. എന്നാല്‍ വെഞ്ഞാറമൂട് കേസില്‍ അന്വേഷണം കൂടുതല്‍ വ്യാപിപ്പിക്കാന്‍ പൊലിസ് തയാറാവുന്നില്ല.
കേരള പൊലിസിന്റെ അന്വേഷണം നിഷ്പക്ഷമല്ല. റൂറല്‍ എസ്.പി അശോകന്‍ കളങ്കിതനായ ആളാണെന്നും ഇയാളെ കോടിയേരി ഇടപെട്ടാണ് നിയമിച്ചതെന്നും മുരളീധരന്‍ ആരോപിച്ചു. കേസില്‍ വസ്തുനിഷ്ഠമായ അന്വേഷണം നടക്കണമെങ്കില്‍ സി.ബി.ഐ തന്നെ വേണം. ഡി.വൈ.എഫ്.ഐ നേതാവ് റഹീം പ്രതികളെ തീരുമാനിക്കുന്ന അവസ്ഥയാണിപ്പോള്‍. അന്വേഷണസംഘത്തിന് കൈമാറേണ്ട തെളിവുകള്‍ എന്തടിസ്ഥാനത്തിലാണ് മന്ത്രിമാര്‍ മാധ്യമങ്ങള്‍ക്ക് മുന്നില്‍ നിരത്തുന്നതെന്നും മുരളീധരന്‍ ചോദിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."