വെഞ്ഞാറമൂട് ഇരട്ടക്കൊല; സി.സി.ടി.വി ദൃശ്യങ്ങളില്‍ സൂക്ഷ്മ പരിശോധന
തിരുവനന്തപുരം: വെഞ്ഞാറമൂട് ഇരട്ടക്കൊലപാതകവുമായി ബന്ധപ്പെട്ട് പുറത്തുവന്ന സി.സി.ടി.വി ദൃശ്യങ്ങളില്‍ സൂക്ഷ്മ പരിശോധന നടത്തി പൊലിസ്. ദൃശ്യങ്ങളില്‍ കാണുന്ന 12 പേര്‍ക്ക് പുറമേ കൂടുതല്‍ പേര് സ്ഥലത്തുണ്ടായിരുന്നോ എന്നതില്‍ അന്വേഷണ സംഘത്തിന് ആശയക്കുഴപ്പമുണ്ട്.
സംഭവ സ്ഥലത്ത് നിന്ന് കണ്ടെടുത്ത രണ്ടു വാളുകള്‍ ആരുടേതെന്നതിലും അന്വേഷണം നടക്കുന്നുണ്ട്. ഇതില്‍ വ്യക്തത വരുത്തുന്നതിന് നിലവില്‍ അറസ്റ്റിലായ പ്രതികളെ ഒന്നിച്ചിരുത്തി ചോദ്യംചെയ്യാനാണ് തീരുമാനം. നേരത്തേ വെവ്വേറെ ചോദ്യംചെയ്തപ്പോള്‍ പ്രതികള്‍ ആദ്യം നല്കിയ മൊഴിയിലെ വൈരുധ്യങ്ങളും ഈ ഘട്ടത്തില്‍ പരിശോധിക്കും. കേസില്‍ ഒന്‍പതു പേരാണ് ഇതുവരെ അറസ്റ്റിലായിട്ടുള്ളത്.
സി.സി.ടി.വി ദൃശ്യങ്ങള്പരിശോധിച്ചതില് നിന്ന് രണ്ടുപേരെയും കുത്തിയത് ഒന്നാംപ്രതി സജീബ് ആണെന്ന് പൊലിസ് ഉറപ്പിച്ചിട്ടുണ്ട്. കൊല്ലപ്പെട്ട ഹഖ് മുഹമ്മദും മിഥിലാജും ഉള്‍പ്പെടുന്ന നാലുപേര്‍ ചേര്‍ന്ന് സജീബിനെ ആക്രമിക്കുന്നത് ദൃശ്യങ്ങളിലുണ്ട്. പിന്നാലെ ഉണ്ണിയും സനലും സജീബിനൊപ്പം ചേരുന്നു. ഇതിനിടയില്‍ സജീബ് മിഥിലാജിനെ പിന്നില്‍ നിന്ന് പിടിച്ച് നിര്‍ത്തി കുത്തുന്നു.
കുത്തേറ്റ മിഥിലാജ് ഓടിപ്പോകുന്നതും കാണാം. ഇരുപത് മീറ്ററോളം ഓടിയ മിഥിലാജ് റോഡില്‍ വീഴുകയായിരുന്നു. ഇതോടെ ഹഖ് ഒഴികെ കൊല്ലപ്പെട്ടവരുടെ സംഘത്തിലെ എല്ലാവരും പിന്തിരിഞ്ഞു. ആദ്യം ചെറുത്ത് നിന്ന ഹഖ് പിന്നോട്ട് നടക്കുന്നതിനിടെ നിലത്ത് വീണു. ഇതോടെ സജീബും സനലും ഉണ്ണിയും ചേര്‍ന്ന് ആക്രമിച്ച് കൊലപ്പെടുത്തി. ഇത്രയും കാര്യങ്ങളാണ് സി.സി.ടി.വി ദൃശ്യങ്ങളും സാക്ഷിമൊഴികളും പരിശോധിച്ചതില്‍ നിന്ന് അന്വേഷണ സംഘത്തിന് ലഭിച്ചിട്ടുള്ളത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."