ബൈറൂത്തിലെ സ്‌ഫോടന അവശിഷ്ടങ്ങള്‍ക്കിടയിലെ തിരച്ചില്‍ നിര്‍ത്തി
ബൈറൂത്ത്: ലബ്‌നാനിലെ ബൈറൂത്ത് തുറമുഖത്തുണ്ടായ സ്‌ഫോടനത്തില്‍ തകര്‍ന്ന കെട്ടിടാവശിഷ്ടങ്ങള്‍ക്കടിയില്‍ ഒരു കുഞ്ഞു ജീവന്റെ തുടിപ്പ് ബാക്കിയുണ്ടെന്ന നിഗമനത്തെ തുടര്‍ന്ന് മൂന്നു ദിവസമായി നടത്തിവന്ന തിരച്ചില്‍ അവസാനിപ്പിച്ചു. ഇപ്പോഴവിടെ ഒരു ജീവനും അവശേഷിക്കുന്നില്ലെന്ന് ബോധ്യപ്പെട്ട സാഹചര്യത്തിലാണിത്.
ചിലിയില്‍ നിന്നുള്ള വിദഗ്ധ സംഘമുള്‍പ്പെടെ 50 പേരാണ് ഓരോ കല്ലും എടുത്തുമാറ്റി ജീവന്‍ ബാക്കിയുള്ളയാളെ രക്ഷിക്കാനായി തുനിഞ്ഞിറങ്ങിയത്.
വ്യാഴാഴ്ച ഇവരുടെ കൂടെയുള്ള നായ ഒരു കെട്ടിടത്തിനു നേരെ ഓടി അവിടെ കെട്ടിടാവശിഷ്ടങ്ങള്‍ക്കടിയില്‍ ആരോ ജീവനോടെയുണ്ടെന്ന് കുരച്ചറിയിച്ചതോടെ സംഘം യന്ത്രസഹായത്തോടെ നടത്തിയ ഗവേഷണത്തില്‍ അടിയിലെ നിലയുടെ ഭാഗത്തുനിന്ന് ഹൃദയമിടിപ്പും ശ്വാസോച്ഛ്വാസവും വരുന്നതായി കണ്ടെത്തിയിരുന്നു. തുടര്‍ന്ന് സംഘം മൂന്നു ദിവസമായി തിരച്ചില്‍ നടത്തിവരുകയായിരുന്നു.
ആ ജീവന്റെ തുടിപ്പ് ഒരു കുഞ്ഞിന്റേതാകാനാണ് സാധ്യതയെന്നും സംഘം അഭിപ്രായപ്പെട്ടിരുന്നു. ഇതോടെ ലബ്‌നാന്‍ ജനത ആ വിലപ്പെട്ട ജീവന്‍ രക്ഷിക്കുന്ന നിമിഷത്തിനായി ടി.വി സ്‌ക്രീനില്‍ കണ്ണുനട്ടിരിക്കുകയായിരുന്നു.
എന്നാല്‍ ഇപ്പോഴവിടെ ജീവന്റെ യാതൊരു അടയാളവും ശേഷിക്കുന്നില്ലെന്ന് രക്ഷാപ്രവര്‍ത്തനത്തിന് നേതൃത്വം നല്‍കിയ ടോപോസ് ചിലിയുടെ അമരക്കാരനായ ഫ്രാന്‍സിസ്‌കോ ലെര്‍മാന്‍ഡ പറഞ്ഞു. ആ കെട്ടിടാവശിഷ്ടങ്ങളുടെ 95 ശതമാനം ഭാഗത്തും തങ്ങള്‍ ശ്രദ്ധാപൂര്‍വം തിരച്ചില്‍ നടത്തിയെന്നും അദ്ദേഹം അറിയിച്ചു. ഒരു ശതമാനമെങ്കിലും പ്രതീക്ഷ ബാക്കിയുണ്ടെങ്കില്‍ ഞങ്ങള്‍ തിരച്ചില്‍ അവസാനിപ്പിക്കില്ലായിരുന്നെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
സെന്‍സര്‍ പിടിച്ചെടുത്ത ഹൃദയമിടിപ്പ് ഞങ്ങളുടെ സംഘത്തിലെ ഒരാളുടേതാകാമെന്നും അത്രയ്ക്കും സൂക്ഷ്മമായി ജീവന്റെ തുടിപ്പുകള്‍ ഒപ്പിയെടുക്കാന്‍ അതിന് ശേഷിയുണ്ടെന്നും അദ്ദേഹം പറഞ്ഞു.
ബൈറൂത്ത് തുറമുഖത്തെ വെയര്‍ഹൗസില്‍ സൂക്ഷിച്ചിരുന്ന അമോണിയം നൈട്രേറ്റ് പൊട്ടിത്തെറിച്ച് 191 പേര്‍ മരിച്ചത് ഓഗസ്റ്റ് നാലിനാണ്. 6000ത്തിലേറെ പേര്‍ക്ക് പരുക്കേല്‍ക്കുകയും മൂന്നു ലക്ഷത്തോളം പേര്‍ക്ക് വീടുകള്‍ നഷ്ടമാവുകയും ചെയ്തിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."