പരപ്പില്‍താഴം സമരസമിതി പ്രവര്‍ത്തകരെ ആക്രമിച്ച കേസില്‍ അഞ്ച് ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകര്‍ അറസ്റ്റില്‍
ചാവക്കാട്: പരപ്പില്‍താഴം സമരസമിതി പ്രവര്‍ത്തകരെ ആക്രമിച്ച കേസില്‍ അഞ്ച് പേരെ പൊലിസ് അറസ്റ്റു ചെയ്തു. ചാവക്കാട് കോട്ടപ്പുറം സ്വദേശികളായ കുഞ്ഞീരകത്ത് സുജിത്ത്(32), കേരന്റകത്ത് സവാദ്(32), കാളീടകത്ത് വിബിന്‍(31), അരവാശ്ശേരി ഷമീര്‍(25), പുത്തന്‍കടപ്പുറം സ്വദേശി തൊണ്ടന്‍പിരി ഷഫീഖ്(27) എന്നിവരെയാണ് ചാവക്കാട് എസ്.ഐ. കെ.ജി ജയപ്രദീപിന്റെ നേതൃത്വത്തിലുള്ള പൊലിസ് സംഘം അറസ്റ്റു ചെയ്തത്.
ഇവര്‍ സി.പി.എം, ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകരാണെന്ന് പൊലിസ് പറഞ്ഞു. കഴിഞ്ഞ ശനിയാഴ്ച പുലര്‍ച്ചെ ഒന്നോടെയാണ് പരപ്പില്‍താഴം ട്രഞ്ചിങ് ഗ്രൗണ്ടിനെതിരേയുള്ള സമരത്തിന് നേതൃത്വം നല്‍കിയ അറക്കല്‍ രതികുമാറിന്റെ മകന്‍ മിഥുന്‍(25), കെ.എസ്. യു ജില്ലാ സെക്രട്ടറി ഗുരുവായൂര്‍ കോട്ടപ്പടി കാട്ടുപാടം കുഴിക്കാട്ടില്‍ മുരളിയുടെ മകന്‍ ഗോകുല്‍(26) എന്നിവരെ ഒരു സംഘം മാരകായുധങ്ങളുമായി ആക്രമിച്ചത്. ഗുരുതരമായി പരുക്കേറ്റ ഇരുവരും ചികിത്സയിലാണ്.
വെള്ളിയാഴ്ച രാത്രി പതിനൊന്നു മണിയോടെ ഒരു സംഘം കണ്ടാലറിയാവുന്ന ആളുകള്‍ പരപ്പില്‍താഴത്തുള്ള വീട്ടിലെത്തി മിഥുനെ അന്വേഷിച്ചിരുന്നു. എന്നാല്‍ മിഥുന്‍ വീട്ടിലുണ്ടായിരുന്നില്ല. സംഘം മിഥുന്റെ അമ്മ ഷീജക്ക് നേരെ വാളുവീശി ഭയപ്പെടുത്തി.
വിവരമറിഞ്ഞ് മിഥുന്‍ സുഹൃത്ത് ഗോകുലുമായി പരപ്പില്‍ത്താഴത്ത് എത്തിയപ്പോഴാണ് സംഘം ആക്രമിച്ചത്. വടി, ഇരുമ്പ് പൈപ്പ്, മൂര്‍ച്ചയേറിയ ആയുധങ്ങള്‍ എന്നിവകൊണ്ടായിരുന്നു ആക്രമണം .
പരപ്പില്‍താഴം ട്രഞ്ചിങ് ഗ്രൗണ്ട് അടച്ചുപൂട്ടണം എന്നാവശ്യപ്പെട്ട് ആറു ദിവസം നിരാഹാര സമരം നടത്തിയ നിയമ വിദ്യാര്‍ഥി സോഫിയയുടെ ഭര്‍ത്താവാണ് മിഥുന്‍.
പ്രതികളെ കോടതിയില്‍ ഹാജരാക്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."