മോദിക്കും രാഹുലിനുമെതിരായ ചട്ടലംഘന പരാതികള്‍ തിരഞ്ഞെടുപ്പ് കമ്മീഷന് നാളെ പരിഗണിക്കും
ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്രമോദി, കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി, ബിജെപി അധ്യക്ഷന്‍ അമിത് ഷാ എന്നിവര്‍ക്കെതിരായ മാതൃകാ പെരുമാറ്റച്ചട്ട ലംഘന പരാതികള്‍ തിരഞ്ഞെടുപ്പ് കമ്മീഷന് നാളെ പരിഗണിക്കും. പ്രധാനമന്ത്രിക്കും ബിജെപി അധ്യക്ഷനുമെതിരായ പരാതികളില്‍ വേഗത്തില്‍ നടപടിയെടുക്കാന്‍ തിരഞ്ഞെടുപ്പ് കമ്മീഷന് നിര്‍ദേശം നല്‍കണമെന്നാവശ്യപ്പെട്ട് കോണ്‍ഗ്രസ് സുപ്രീംകോടതിയെ സമീപിച്ചിരുന്നു. കോണ്‍ഗ്രസിന്റെ ഹരജി കോടതി നാളെ പരിഗണിച്ചേക്കും.
തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി പുല്‍വാമ ആക്രമണം, ബലാകോട്ട് വ്യോമാക്രമണം എന്നിവയെക്കുറിച്ച് പരാമര്‍ശിച്ചുവെന്നാണ് പ്രധാനമന്ത്രിക്കെതിരായ പെരുമാറ്റചട്ടലംഘന പരാതി. പുല്‍വാമ, ബലാകോട്ട് വിഷയങ്ങള്‍ തിരഞ്ഞെടുപ്പ് പ്രചാരണങ്ങളില്‍ ഉപയോഗിക്കുന്നത് തിരഞ്ഞടുപ്പ് കമ്മീഷന് വിലക്കിയിരുന്നു. അഹമ്മദാബാദില്‍ വോട്ട് ചെയ്യാനെത്തിയ പ്രധാനമന്ത്രി റോഡ് ഷോ സംഘടിപ്പിച്ച സംഭവത്തിലും തിരഞ്ഞെടുപ്പ് കമ്മീഷനില്‍ പരാതി ലഭിച്ചിട്ടുണ്ട്. ഈ പരാതിയും കമ്മീഷന് നാളെ പരിഗണിച്ചേക്കും. ഇക്കാര്യത്തില്‍ കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന് ഗുജറാത്ത് മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷനറുടെ റിപോര്‍ട്ട് തേടിയിരുന്നു. ഇന്ത്യന്‍ സൈന്യത്തെ മോദി സേന എന്ന് വിളിച്ചതിനാണ് അമിത്ഷായ്ക്കെതിരായ പരാതി. കാവല്ക്കാരന് കള്ളനാണ് എന്ന മുദ്രാവാക്യത്തിന്റെ പേരിലാണ് രാഹുല്‍ ഗാന്ധിക്കെതിരായ ചട്ടലംഘന പരാതി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."