പുതുക്കാട് സബ്ട്രഷറി പ്രവര്‍ത്തനം ആരംഭിച്ചില്ല; നാട്ടുകാര്‍ ദുരിതത്തില്‍
പുതുക്കാട്: പ്രളയത്തില്‍ മുങ്ങിയ സബ്ട്രഷറിയുടെ പുനര്‍ പ്രവര്‍ത്തനം വൈകുന്നതാണ് ദുരിതബാധിതരെ വലക്കുന്നു. വെള്ളം കയറി ഓഫിസിലെ കംപ്യൂട്ടറും രേഖകളും പൂര്‍ണമായി നശിച്ചതോടെ ട്രഷറിയുടെ പ്രവര്‍ത്തനം എന്ന് തുടങ്ങുമെന്ന് അറിയാത്ത സ്ഥിതിയാണ്. ട്രഷറി പ്രവര്‍ത്തനം പൂര്‍വസ്ഥിതിയിലാക്കുന്നതിനോ നാശം സംഭവിച്ച ഉപകരണങ്ങള്‍ മാറ്റിവയ്ക്കുന്നതിനോ ഉന്നത ഉദ്യോഗസ്ഥര്‍ ഇടപെടുന്നില്ലെന്നാണ് നാട്ടുകാരുടെ ആക്ഷേപം.
പ്രളയത്തെ തുടര്‍ന്ന് ട്രഷറിയുടെ പ്രവര്‍ത്തനം നിലച്ചിട്ട് രണ്ടാഴ്ചയായി . പെന്‍ഷന്‍, ശമ്പളം, ആധാരം രജിസ്റ്റര്‍ തുടങ്ങിയ എല്ലാ സേവനങ്ങളും മുടങ്ങിയതോടെ ഗുണഭോക്താക്കള്‍ ഏറെ ദുരിതമാണ് അനുഭവിക്കുന്നത്. ഇത്തരം സേവനങ്ങള്‍ക്കായി മറ്റ് ട്രഷറികളെ സമീപിക്കാമെങ്കിലും പ്രായമായവര്‍ക്ക് എത്തിപ്പെടാന്‍ കഴിയാത്തതാണ് ഇപ്പോഴത്തെ പ്രശ്‌നം. ട്രഷറി പ്രവര്‍ത്തിക്കാത്തതും മുദ്രപത്രത്തിന്റെയും സ്റ്റാമ്പിന്റേയും ആവശ്യകതയേറിയതും പ്രളയബാധിതരെ ദുരിതത്തിലാക്കുകയാണ്. നാശനഷ്ടങ്ങള്‍ സംഭവിച്ചവര്‍ക്ക് അപേക്ഷയോടൊപ്പം സ്റ്റാമ്പും മുദ്രപത്രവും വേണ്ടിവരുന്നതാണ് ദുരിതബാധിതരെ നെട്ടോട്ടമോടിക്കുന്നത്. വെള്ളം കയറി നശിച്ച ട്രഷറിയില്‍ ജീവനക്കാരല്ലാതെ മറ്റാരും ശുചീകരണ പ്രവര്‍ത്തനത്തിന് എത്തിയിരുന്നില്ല. വെള്ളം കയറി കുതിര്‍ന്ന ഫയലുകളും രേഖകളും നിരത്തിവച്ച് ഉണക്കിയെടുക്കാനുള്ള ശ്രമമാണ് ജീവനക്കാര്‍ നടത്തുന്നത്. കംപ്യൂട്ടര്‍ സംവിധാനത്തിന് പുറമെ ഫര്‍ണീച്ചറുകളും വയറിങ് സാമഗ്രികളും നശിച്ചതോടെ ട്രഷറി പ്രവര്‍ത്തനം എന്ന് തുടങ്ങുമെന്ന ആശങ്കയിലാണ് അധികൃതര്‍.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."