ഭീഷണിയുമായി ചൈന; യുദ്ധമുണ്ടായാല്‍ ഇന്ത്യ വിജയിക്കില്ല
ബെയ്ജിങ്: ചൈനയുടെ സൈനികശക്തി ഇന്ത്യയുടേതിനേക്കാള്‍ വളരെ കൂടുതലാണെന്നും അതിര്‍ത്തിയില്‍ യുദ്ധമുണ്ടായാല്‍ ഇന്ത്യ വിജയിക്കില്ലെന്നും ഓര്‍മിപ്പിച്ച് ചൈന.
മോസ്‌കോയില്‍ ഇന്ത്യന്‍ പ്രതിരോധമന്ത്രി രാജ്‌നാഥ് സിങ്ങും ചൈനീസ് പ്രതിരോധമന്ത്രി വീ ഫെന്‍ഗെയും തമ്മില്‍ കൂടിക്കാഴ്ച നടത്തിയതിനു പിന്നാലെയാണ് ചൈനീസ് ദേശീയ മാധ്യമമായ ഗ്ലോബല്‍ ടൈംസ് എഡിറ്റോറിയലിലൂടെ ഇന്ത്യക്ക് മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്.
ഷാങ്ഹായ് ഉച്ചകോടിക്കിടെ അന്താരാഷ്ട്ര അതിര്‍ത്തികള്‍ പാലിക്കാനും യഥാര്‍ഥ നിയന്ത്രണരേഖയില്‍ നിലവിലെ സ്ഥിതി മാറ്റാനുള്ള ശ്രമം ഉപേക്ഷിക്കാനും ഇന്ത്യന്‍ പ്രതിരോധമന്ത്രി ചൈനയോട് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ രാജ്യത്തിന്റെ ഒരിഞ്ച് ഭൂമി പോലും നഷ്ടപ്പെടുത്തില്ലെന്നും രാജ്യത്തിന്റെ പരമാധികാരവും അഖണ്ഡതയും കാത്തുസൂക്ഷിക്കാനുള്ള ശേഷി ചൈനീസ് സേനയ്ക്കുണ്ടെന്നും വ്യക്തമാക്കുകയായിരുന്നു ചൈന.
യഥാര്‍ഥ നിയന്ത്രണരേഖയില്‍ പ്രശ്‌നങ്ങളുണ്ടാക്കുന്നതും ലഡാക്ക് അതിര്‍ത്തിയിലുണ്ടായ സംഘര്‍ഷത്തിന് ഉത്തരവാദിയും ഇന്ത്യയാണെന്ന് ചൈന ആരോപിച്ചു. അതിന്റെ തുടര്‍ച്ചയായാണ് ചൈനീസ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ മുഖപത്രമായ ഗ്ലോബല്‍ ടൈംസിലെ ലേഖനം.
സൈനികശേഷിയുള്‍പ്പെടെ ചൈനയുടെ കരുത്ത് ഇന്ത്യയെക്കാള്‍ ഏറെ കൂടുതലാണെന്ന് ഞങ്ങള്‍ ഇന്ത്യയെ ഓര്‍മിപ്പിക്കുകയാണ്. ചൈനയും ഇന്ത്യയും വന്‍ ശക്തികളാണെങ്കിലും ആയുധശേഷി പരീക്ഷിക്കപ്പെട്ടാല്‍ ഇന്ത്യന്‍ ഭാഗത്തിനായിരിക്കും നഷ്ടം. അതിര്‍ത്തിയില്‍ ഒരു യുദ്ധം തുടങ്ങുകയാണെങ്കില്‍ ഇന്ത്യ വിജയിക്കാന്‍ ഒരു സാധ്യതയുമില്ല- ഗ്ലോബല്‍ ടൈംസിലൂടെ ചൈന വ്യക്തമാക്കി.
വെള്ളിയാഴ്ച ഇരു രാജ്യങ്ങളുടെയും പ്രതിരോധമന്ത്രിമാര്‍ തമ്മില്‍ നടന്ന ചര്‍ച്ച രണ്ടു മണിക്കൂറും 20 മിനുട്ടും നീണ്ടുനിന്നു. എന്നാല്‍ അതില്‍ നിയന്ത്രണരേഖയില്‍ ചൈനീസ് സേന ആക്രമണാത്മകമായി പെരുമാറുന്നുവെന്ന് രാജ് നാഥ് സിങ് കുറ്റപ്പെടുത്തുകയാണുണ്ടായത്. പലതവണ മുന്നറിയിപ്പു നല്‍കിയിട്ടും ഇന്ത്യന്‍ പ്രദേശത്തേക്ക് നിഷ്‌കരുണം അതിക്രമിച്ചുകടക്കാന്‍ അവര്‍ ശ്രമിക്കുകയാണെന്ന് അദ്ദേഹം കുറ്റപ്പെടുത്തി- ഗ്ലോബല്‍ ടൈംസ് ചൂണ്ടിക്കാട്ടുന്നു.
അതിര്‍ത്തി തര്‍ക്കത്തിലെ ഇന്ത്യന്‍ നിലപാട് ദേശീയതയെയും പൊതുജന അഭിപ്രായത്തെയും മുന്‍നിര്‍ത്തിയുള്ളതാണെന്നു പറയുന്ന പത്രം അതിര്‍ത്തിയില്‍ സമാധാനം പുലരാനാഗ്രഹിച്ചുള്ള ചൈനയുടെ നിലപാടിനെ ദൗര്‍ബല്യമായി തെറ്റിദ്ധരിച്ച് അതിര്‍ത്തിയില്‍ യുദ്ധമുണ്ടാക്കാനാണ് ഇന്ത്യയുടെ നീക്കമെന്നും ആരോപിക്കുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."