സ്‌കൂള്‍ തുറന്നു: ആവേശമായി വിദ്യാഭ്യാസ മന്ത്രിയെത്തി
തൃശൂര്‍: പ്രളയത്തിനുശേഷം ഇന്നലെ സ്‌കൂള്‍ തുറന്നപ്പോള്‍ പൊതുവിദ്യാഭ്യാസ വകുപ്പുമന്ത്രി പ്രൊഫ. സി. രവീന്ദ്രനാഥ് കുട്ടികള്‍ക്ക് സാന്ത്വനവുമായെത്തി. ജില്ലയിലെ പുലക്കാട്ടുകര ഹോളിഫാമിലി എല്‍.പി. സ്‌കൂള്‍, മറ്റത്തൂര്‍ ഗവ.ലോവര്‍ പ്രൈമറി സ്‌കൂള്‍, മറ്റത്തൂര്‍ ശ്രീകൃഷ്ണ ഹൈസ്‌കൂള്‍, തൃശൂര്‍ ഹോളിഫാമിലി സ്‌കൂള്‍ തുടങ്ങിയ സ്‌കൂളുകളാണ് മന്ത്രി ഇന്നലെ സന്ദര്‍ശിച്ചത്.
ദുരിതാശ്വാസ ക്യാപായി പ്രവര്‍ത്തിച്ചിരുന്ന മറ്റത്തൂര്‍ ശ്രീകൃഷ്ണ ഹൈസ്‌കൂളിലാണ് വിദ്യാഭ്യാസ വകുപ്പ് മന്ത്രി പ്രൊഫ. സി. രവീന്ദ്രനാഥ് നേരിട്ടെത്തി കുട്ടികളെ ആശ്വസിപ്പിച്ചത്. പഠനത്തില്‍ മികവു പ്രകടിപ്പിക്കണമെന്നും ദുരിതകാലം മറക്കണമെന്നും കുട്ടികളോട് പറഞ്ഞു ബോധ്യപ്പെടുത്താന്‍ കൂടിയാണ് ജില്ലയില്‍ ദുരിതം ഏറെ ബാധിച്ച പ്രദേശങ്ങളിലെ സ്‌കൂളുകളില്‍ വിദ്യാഭ്യാസമന്ത്രി നേരിട്ടെത്തിയത്. കുട്ടികളുടെ മാനസിക വളര്‍ച്ചയെ പരിപോഷിപ്പിക്കുന്നതിനായി അവരെ പ്രാപ്തരാക്കാനുളളവഴികളും അധ്യാപകര്‍ക്ക് അദ്ദേഹം അധ്യാപകനെന്ന നിലയിലും പകര്‍ന്നു നല്‍കി. വിദ്യാഭ്യാസ വകുപ്പ് മന്ത്രി സ്‌കൂളിലെത്തുമെന്നറിഞ്ഞതോടെ കുട്ടികള്‍ക്കും അധ്യാപകര്‍ക്കും ആവേശമായി. അഞ്ചാം ക്ലാസ് മുതല്‍ പത്താം ക്ലാസ് വരെയുള്ള കുട്ടികള്‍ സ്‌നേഹാദരവോടെയാണ് മന്ത്രിയെ വരവേറ്റത്. തുടര്‍ന്ന് ഓരോ ക്ലാസുമുറികളിലും മന്ത്രിയെത്തി കുട്ടികളോട് പഠനകാര്യങ്ങള്‍ തിരക്കി.
പുസ്തകം നഷ്ടപ്പെട്ടവരേയും യൂനിഫോം ഇല്ലാത്തവരേയും മന്ത്രി തിരക്കി. ഇതിനിടയിലാണ് ഏഴാം ക്ലാസ് സി ഡിവിഷനിലും ഡിഡിവിഷനിലും മന്ത്രി കുട്ടികളുടെ പാട്ടിലലിഞ്ഞത്. ഏഴ് സി ഡിവിഷനിലെ ഏയ്ഞ്ചല്‍, ഡി ഡിവിഷനിലെ ഷിബിലിന്‍ എന്നിവര്‍ മന്ത്രിക്ക് പാട്ടുപാടി കൊടുത്തു. പാട്ടുകാരെ മന്ത്രി അഭിനന്ദനം അറിയിക്കുകയും ചെയ്തു. പഠനത്തിലും ഇതുപോലെ മികവു പ്രകടിപ്പിക്കാനാവണമെന്നും മന്ത്രി അവരോട് നിര്‍ദേശിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."