ഒരു ഇലക്കഥ
സസ്യങ്ങളുടെ ഏറ്റവും പ്രകടമായ ഭാഗമാണ് ഇലകള്‍. ഹരിതമെന്ന വസ്തുവാണ് ഇലകള്‍ക്ക് പച്ചനിറം നല്‍കുന്നത്. സസ്യങ്ങളുടെ ഇലകള്‍ പലവിധ ആകൃതിയിലാണുള്ളത്. ഒരേ വൃക്ഷത്തിന്റെ ഇലകള്‍ പോലും വ്യത്യസ്ത ആകൃതിയില്‍ കാണാറുണ്ട്. ഇലകളുടെ നേര്‍ത്തു പരന്ന പച്ച നിറമുള്ള ഭാഗമാണ് ലാമിന. ഇലകളില്‍വച്ചാണ് ആഹാരനിര്‍മാണമായ പ്രകാശസംശ്ലേഷണം നടക്കുന്നത്.
സിരാവിന്യാസം
കൂട്ടുകാര്‍ ഇല പരിശോധിച്ച് നോക്കിയാല്‍ ഇലഞെട്ടു മുതല്‍ അഗ്രഭാഗം വരെ നീണ്ടു പോകുന്ന ഒരു സിര കാണാം. ഈ സിരയില്‍നിന്നു തുടങ്ങുന്ന ചെറു സിരാശാഖകള്‍ പരസ്പരം ബന്ധപ്പെട്ട് നില്‍ക്കുന്നത് ശ്രദ്ധിച്ചോ. ഇങ്ങനെ ഇലകളില്‍ സിരകള്‍ വിന്യസിച്ചിരിക്കുന്ന രീതിയാണ് ജാലികാ സിരാവിന്യാസം.
അതായത് ഇലകളില്‍ വലക്കണ്ണികള്‍ പോലെ കാണുന്ന സിരാവിന്യാസമാണ് ജാലികാ സിരാവിന്യാസം. ദ്വിബീജ പത്രങ്ങളിലാണ് ഇത്തരം സിരാവിന്യാസം കാണപ്പെടുന്നത്. മാവിലയും പ്ലാവിലയും ജാലികാ സിരാവിന്യാസത്തിന് ഉദാഹരണമാണ്.
ഇനി വലക്കണ്ണികള്‍ പോലെയല്ലാതെ സമാന്തമായി സിരകള്‍ നീണ്ടു പോകുന്ന ഇലകളുമുണ്ട്. ഇത്തരത്തിലുള്ള ഇലകളിലെ വിന്യാസ രീതിയാണ് സമാന്തര സിരാവിന്യാസം. സമാന്തര സിരാവിന്യാസമുള്ള ഇലകളില്‍ പ്രധാന സിരകള്‍ ഇലഞെട്ട് മുതല്‍ അഗ്രഭാഗം വരെ സമാന്തരമായി ക്രമീകരിച്ചിരിക്കും. തെങ്ങോല, പനയോല എന്നിവയാണ് ഇതിന് ഉദാഹരണം.
പ്രകാശസംശ്ലേഷണം
പ്രകാശ സംശ്ലേഷണം എന്നു കേട്ടിട്ടില്ലേ. സസ്യങ്ങളില്‍ ആഹാര നിര്‍മാണം നടക്കുന്ന രീതിയാണിത്. ഹരിത സസ്യങ്ങളിലാണ് ഇത്തരം പ്രതിഭാസം അരങ്ങേറുന്നത്. ഇലകളില്‍ സൂര്യപ്രകാശം പതിക്കുന്നതോടൊപ്പം മണ്ണിലെ ജലം വേരുകളിലൂടെ ഇലകളില്‍ എത്തുന്നതോടുകൂടിയാണ് പ്രകാശ സംശ്ലേഷണം നടക്കുന്നത്. സൂര്യപ്രകാശം, ഹരിതകം എന്നിവയുടെ സാന്നിധ്യത്തില്‍ ജലവും കാര്‍ബണ്‍ ഡൈ ഓക്‌സൈഡും ചേര്‍ത്ത് ഗ്ലൂക്കോസ് നിര്‍മിക്കുകയാണ് പ്രകാശ സംശ്ലേഷണത്തില്‍ നടക്കുന്നത്.
സൈലം
സംവഹനകലകളാണ് സൈലങ്ങള്‍. വേര് മണ്ണില്‍നിന്നു വലിച്ചെടുക്കുന്ന ജലം, ലവണം എന്നിവയെ ഇലകളില്‍ എത്തിക്കുന്നത് സൈലമാണ്. സൈലത്തിലുടെ ജലം ഇലകളിലേക്ക് എത്തുന്ന പ്രക്രിയയാണ് സംവഹനം. സംവഹനത്തെക്കുറിച്ച് വിവരിക്കുന്ന സിദ്ധാന്തങ്ങളാണ് സ്റ്റീഫന്‍ ഹെയ്ല്‍സിന്റെ റൂട്ട് പ്രഷര്‍ തിയറി, സിക്‌സണ്‍ -ജോളി തിയറി എന്നിവ.
ഇലകളുടെ പാചകശാല
നമുക്ക് ആഹാരം ഇല്ലാതെ ജീവിക്കാനാവില്ലല്ലോ. അതുപോലെ തന്നെയാണ് സസ്യങ്ങളുടെ കാര്യവും. ഇലകളെ സസ്യങ്ങളുടെ പാചകശാല എന്നാണ് വിളിക്കുന്നത്. ഇലകളില്‍വച്ച് നടക്കുന്ന പ്രകാശ സംശ്ലേഷണമാണ് സസ്യങ്ങളുടെ ജീവന്‍ നിലനിര്‍ത്തുന്നത്.
ഇലയെന്ന ഭക്ഷണം
ഇലകള്‍ ജന്തുജാലങ്ങളുടെ ഭക്ഷണം കൂടിയാണ്. മനുഷ്യര്‍ പല സസ്യങ്ങളുടേയും ഇലകളെ ആഹാരത്തിനായി ഉപയോഗപ്പെടുത്താറുണ്ട്. ചീര, ചേന, ചേമ്പ്, കുമ്പളം, വെള്ളരി, തകര, മുരിങ്ങയില എന്നിവ ആ വിഭാഗത്തില്‍പ്പെടും.
വാഴയില, ഉപ്പില(വട്ട) എന്നിവ ആഹാരം പൊതിയാന്‍ ഉപയോഗിക്കാറുണ്ട്. വേപ്പ്, തുളസി, പനിക്കൂര്‍ക്ക തുടങ്ങിയ ഇലകള്‍ കേരളീയരുടെ നിത്യോപയോഗ ഔഷധ സസ്യങ്ങളാണ്. മൈലാഞ്ചി ഇല ഔഷധമായും സൗന്ദര്യവര്‍ധക വസ്തുവായും ഉപയോഗപ്പെടുത്താറുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."