മൂരാട് പാലം: റിപ്പോര്‍ട്ട് കേന്ദ്രത്തിനു സമര്‍പ്പിച്ചു
കോഴിക്കോട്: മൂരാട് പുതിയപാലത്തിനായുള്ള പ്രൊജക്ട് റിപ്പോര്‍ട്ട് കേന്ദ്ര അനുമതിക്കായി സമര്‍പ്പിച്ചു. കോഴിക്കോട്-കണ്ണൂര്‍ ദേശീയപാത 66-ലെ തിരക്കേറിയ മൂരാട് പാലം പുതുക്കിപ്പണിയാന്‍ ദേശീയപാത അതോറിറ്റി തീരുമാനിച്ചതോടെയാണ് ഡീറ്റെയില്‍ഡ് പ്രൊജക്ട് റിപ്പോര്‍ട്ട് (ഡി.പി.ആര്‍) തയാറാക്കിയിട്ടുള്ളത്. ഇതോടൊപ്പം ദേശീയപാതയിലെ പാലോളിപാലവും പുനര്‍നിര്‍മിക്കും. രണ്ടിനുംകൂടി 65 കോടിയുടെ ഡി.പി.ആര്‍ ആണ് കേന്ദ്ര സര്‍ക്കാരിന്റെ അംഗീകാരത്തിനു സമര്‍പ്പിച്ചിരിക്കുന്നത്.
കോഴിക്കോട്-കണ്ണൂര്‍ ദേശീയപാതയില്‍ ഏറെ പഴക്കം ചെന്നതാണ് മൂരാട് പാലം. ഇടുങ്ങിയ ഈ പാലത്തിലൂടെ വാഹനങ്ങള്‍ കടന്നുപോകുന്നതു ദുഷ്‌കരമാണ്. ഒരു ഭാഗത്തേക്കു മാത്രമേ വാഹനങ്ങള്‍ ഒരേസമയം പോകാന്‍ പറ്റുകയുള്ളൂ. പൊലിസും ഹോംഗാര്‍ഡും രണ്ടു ഭാഗത്തും നിലയുറപ്പിച്ചാണ് ഗതാഗതം നിയന്ത്രിക്കുന്നത്. ഒരു ഭാഗത്തേക്കു മാത്രം ഒരേസമയം വാഹനങ്ങള്‍ കടത്തിവിടുന്നതിനാല്‍ മണിക്കൂറുകള്‍ നീളുന്ന ക്യൂവാണ് ഇവിടെ. ഇതൊഴിവാക്കുന്നതിനാണ് പുതിയ പാലം നിര്‍മിക്കുന്നത്. കേന്ദ്ര റോഡ് ട്രാന്‍സ്‌പോര്‍ട്ട് ആന്‍ഡ് ഹൈവേ മന്ത്രാലയത്തിനാണ് പ്രപ്പോസല്‍ സമര്‍പ്പിച്ചിട്ടുള്ളത്.
മൂരാട് പാലത്തിനു നിലവില്‍ അഞ്ചര മീറ്റര്‍ വീതിയാണുള്ളത്. ആയിരക്കണക്കിനു വാഹനങ്ങളാണ് ഓരോ ദിവസവും ഈ പാലത്തിലൂടെ കടന്നുപോകുന്നത്. ഇത്രയും വാഹനങ്ങളെ ഉള്‍ക്കൊള്ളാനുള്ള ശേഷി ഈ പാലത്തിനില്ല. 1940ല്‍പാലം നിര്‍മിക്കുമ്പോള്‍ 40 വര്‍ഷമാണ് കാലാവധി കണക്കാക്കിയിരുന്നത്.എന്നാല്‍ 78 വര്‍ഷമായിട്ടും പാലം ഉപയോഗിച്ചുകൊണ്ടിരിക്കുകയാണ്. പാലത്തിന്റെ തൂണുകളും മുകള്‍ ഭാഗവുമെല്ലാം തകര്‍ന്ന നിലയിലാണുള്ളത്.
മൂരാട് പുഴയ്ക്കു കുറുകേ രണ്ടു സമാന്തര പാലങ്ങള്‍ നിര്‍മിക്കാനാണ് ഉദ്ദേശിക്കുന്നതെന്ന് ദേശീയപാത വിഭാഗം ഉദ്യേഗസ്ഥര്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."