ഉപതെരഞ്ഞെടുപ്പ്; യു.ഡി.എഫ് യോഗം നാളെ
തിരുവനന്തപുരം: ഉപതെരഞ്ഞെടുപ്പു പ്രഖ്യാപനം കൂടി വന്നതോടെ മുന്നണിയിലെ കലുഷിതമായ ആഭ്യന്തര സാഹചര്യങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ നാളെ യു.ഡി.എഫ് യോഗം ചേരും.
കേരള കോണ്‍ഗ്രസ് (എം) രണ്ടു വിഭാഗമായതിനു ശേഷമുള്ള തര്‍ക്കങ്ങള്‍ക്ക് ജോസ് കെ. മാണി വിഭാഗത്തെ മുന്നണി യോഗത്തില്‍നിന്ന് ഒഴിവാക്കിയുള്ള താല്‍കാലിക പരിഹാരമാണ് യു.ഡി.എഫ് നേതൃത്വം നേരത്തെ കണ്ടത്. ഇപ്പോള്‍ ജോസ് പക്ഷത്തിനു രണ്ടില ചിഹ്നം അനുവദിച്ചുകൊണ്ടുള്ള തെരഞ്ഞെടുപ്പ് കമ്മിഷന്റെ നടപടി യു.ഡി.എഫ് നേതൃത്വത്തെ ആശങ്കയിലാക്കിയിരിക്കുകയാണ്. ഉപതെരഞ്ഞെടുപ്പിനു പിറകെ തദ്ദേശ തെരഞ്ഞെടുപ്പുകൂടി വരാനിരിക്കുന്ന സാഹചര്യത്തില്‍ രണ്ടില ചിഹ്നവുമായി ജോസ് മുന്നണി വിടുന്നത് ഗുണകരമാവില്ലെന്നാണ് കോണ്‍ഗ്രസ് നേതൃത്വത്തിന്റെ പൊതുവെയുള്ള വിലയിരുത്തല്‍. അതുകൊണ്ടാണ് ജോസ് പക്ഷവുമായുള്ള ചര്‍ച്ചകള്‍ക്ക് ഇനിയും സാധ്യതയുണ്ടെന്ന് കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രനും പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തലയും കഴിഞ്ഞ ദിവസം പറഞ്ഞത്.
അതേസമയം ഈ പ്രശ്‌നത്തിന്റെ പേരില്‍ പി.ജെ ജോസഫ് വിഭാഗത്തെ പിണക്കാതിരിക്കുകയെന്ന കടമ്പയും കോണ്‍ഗ്രസിനു മുന്നിലുണ്ട്. ഇതെല്ലാം പരിഗണിച്ച് ഒരു ഫോര്‍മുലയുടെ അടിസ്ഥാനത്തില്‍ ജോസ് വിഭാഗത്തെ മുന്നണിലേക്ക് തിരിച്ചെത്തിക്കാനുള്ള ആലോചനകളും സജീവമാണ്. ജോസഫിന്റെ എതിര്‍പ്പ് ശക്തമാണെങ്കിലും ഇപ്പോഴത്തെ സാഹചര്യത്തില്‍ ജോസും സംഘവും എല്‍.ഡി.എഫില്‍ ചേക്കേറുന്നത് തിരിച്ചടിയാകുമെന്ന കണക്കുകൂട്ടലിന്റെ അടിസ്ഥാനത്തിലാണ് കോണ്‍ഗ്രസിന്റെ ഈ നീക്കം.
ചൊവ്വാഴ്ച ചേരുന്ന യു.ഡി.എഫ് യോഗം കുട്ടനാട്ടിലെ യു.ഡി.എഫ് സ്ഥാനാര്‍ഥിയുടെ കാര്യവും ചര്‍ച്ച ചെയ്യും. രാവിലെ പത്തു മണിക്ക് വീഡിയോ കോണ്‍ഫറന്‍സായാണ് യോഗം ചേരുന്നത്. ചവറയിലെ സ്ഥാനാര്‍ഥിയായി ഷിബു ബേബിജോണിനെ ആര്‍.എസ്.പി തീരുമാനിച്ച സാഹചര്യത്തില്‍ അതിനു മുന്നണി യോഗം അംഗീകാരം നല്‍കും.
കുട്ടനാട്ടില്‍ നാളെ യു.ഡി.എഫ്
സ്ഥാനാര്‍ഥിയെ
പ്രഖ്യാപിക്കുമെന്ന് പി.ജെ ജോസഫ്
തൊടുപുഴ: കുട്ടനാട്ടില്‍ നാളെ യു.ഡി.എഫ് സ്ഥാനാര്‍ഥിയെ പ്രഖ്യാപിക്കുമെന്ന് പി.ജെ ജോസഫ്. തൊടുപുഴയില്‍ മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
കോടതി വിധി പ്രകാരം ജോസ് കെ മാണിക്ക് കേരളാ കോണ്‍ഗ്രസ് (എം) ചെയര്‍മാനായി തുടരാനോ പാര്‍ട്ടി യോഗങ്ങള്‍ വിളിച്ചുചേര്‍ക്കാനോ അധികാരമില്ല. ഇന്നലെ കോട്ടയത്ത് ചേര്‍ന്ന സ്റ്റിയറിങ് കമ്മിറ്റി യോഗം നിയമ വിരുദ്ധമാണ്. ആര്‍ക്കും ചിഹ്നം നല്‍കാന്‍ ജോസ് കെ മാണിക്ക് അധികാരമില്ല. പാര്‍ട്ടി ചിഹ്നവും പേരും ഇപ്പോള്‍ അവര്‍ക്ക് മുഴുവന്‍ തേങ്ങ കിട്ടിയത് പോലെയാണ്. തെരഞ്ഞെടുപ്പില്‍ ചിഹ്നം വിലങ്ങു തടിയാകില്ല.
ജോസ് കെ മാണി രാജ്യസഭാ അംഗത്വം രാജിവച്ച് പാലായില്‍ മത്സരിക്കുമെന്ന് കരുതുന്നില്ല. പാലായില്‍ സ്വന്തം ബൂത്തില്‍ 10 വോട്ട് കുറവു കിട്ടിയതാണ് ജോസ് കെ മാണിയുടെ ജനപിന്തുണയെന്ന് പി.ജെ ജോസഫ് പരിഹസിച്ചു.
'അയോഗ്യതാ ഭീഷണി
ഏല്‍ക്കില്ല'
തൊടുപുഴ: ജോസ് കെ. മാണിയുടെ അയോഗ്യതാ ഭീഷണി മന്ത് കാലന്റെ തൊഴി പോലെയാണെന്ന് പി.ജെ ജോസഫ്. അദ്ദേഹത്തിന്റെ ഭീഷണി ഏല്‍ക്കില്ല. ജോസ്.കെ മാണി സ്വയം അവരോധിച്ച ചെയര്‍മാന്‍ പദവി നിലനില്‍ക്കില്ലെന്ന് കീഴ്‌ക്കോടതികളും തെരഞ്ഞെടുപ്പ് കമ്മിഷനും വ്യക്തമാക്കിയിട്ടുണ്ട്. ജോസ് വിഭാഗം ഹൈക്കോടതിയിലല്ല സുപ്രിം കോടതിയില്‍ പോയാലും മറിച്ചൊരു വിധിയുണ്ടാകില്ല.
ചിഹ്നം പ്രസക്തമല്ല, ചിഹ്നത്തെക്കാള്‍ പ്രധാനം ജനപിന്തുണയാണ്. കോടതി വിധി അനുകൂലമാവുമ്പോള്‍ തീരാവുന്ന പ്രശ്‌നമേ ഇപ്പോഴൊള്ളുവെന്നും പി.ജെ ജോസഫ് പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."