ആവേശം ചോരാതെ അഞ്ചാംദിനത്തിലും തൊവരിമലയിലെ ഭൂസമരക്കാര്‍
കല്‍പ്പറ്റ: ഭൂരഹിതരായ മുഴുവന്‍ കുടുംബങ്ങള്‍ക്കും ഭൂമി വിതരണം ചെയ്യുക, തൊവരിമലയില്‍ മിച്ചഭൂമി കൈയേറിയതിന് റിമാന്‍ഡിലായ ഭൂസമരസമിതി നേതാക്കളെ മോചിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ച് ഭൂസമര സമിതിയും സി.പി.ഐ.എം.എല്‍ റെഡ്‌സ്റ്റാറിന്റെ അഖിലേന്ത്യാ ക്രാന്തികാരി കിസാന്‍സഭയും വയനാട് കലക്ടറേറ്റിന് മുന്നില്‍ നടത്തുന്ന ധര്‍ണാസമരം അഞ്ചാംദിനവും പിന്നിട്ടു. അഞ്ചാംദിനത്തിലും ആവേശം ഒട്ടും ചോരാതെയാണ് പ്രവര്‍ത്തകര്‍ ധര്‍ണാ സമരമിരിക്കുന്നത്. ആദിവാസി കലാരൂപങ്ങളടക്കം അവതരിപ്പിച്ച് രാത്രി കഴിച്ചുകൂട്ടുന്ന കുടുംബങ്ങള്‍ പകല്‍ മുഴുവന്‍ മുദ്രാവാക്യങ്ങളുയര്‍ത്തി സമര വീര്യവുമായി അധികൃതര്‍ക്ക് മുന്നില്‍ തന്നെയാണ്.
നിരവധി മനുഷ്യാവകാശ പ്രവര്‍ത്തകരാണ് കഴിഞ്ഞ അഞ്ച് ദിവസത്തിനുള്ളില്‍ സമരപന്തലിലെത്തിയത്. ദിനവും 200ലേറെ പേരാണ് ധര്‍ണാ സമരത്തില്‍ പങ്കെടുക്കുന്നത്. ഭൂമി ലഭിക്കുംവരെ സമരം ശക്തമായി തുടരുമെന്നാണ് സമരസമിതി നേതാക്കള്‍ പറയുന്നത്. അതേസമയം, കല്‍പ്പറ്റ ജില്ലാ കോടതിയില്‍ സമരസമിതി നേതാക്കളായ കുഞ്ഞിക്കണാരന്‍, അപ്പാട് രാജേഷ്, മോഹനന്‍ എന്നിവര്‍ക്കായി സമര്‍പ്പിച്ച ജാമ്യാപേക്ഷ കോടതി പരിഗണിച്ചില്ല. മെയ് രണ്ടിന് പരിഗണിക്കാമെന്ന നിലപാടിലാണ് കോടതി. ജാമ്യാപേക്ഷ വീണ്ടും അംഗീകരിക്കാതെ വന്നതോടെ സമരരംഗത്തുള്ളവര്‍ കല്‍പ്പറ്റയില്‍ പ്രതിഷേധ പ്രകടനവും നടത്തി. സമരം കൂടുതല്‍ ശക്തമാക്കാനുള്ള ഒരുക്കത്തിലാണ് അവര്‍.
അതേസമയം, ഭൂമി കിട്ടുന്ന മുറക്ക് ഭൂരഹിതരായ മുഴുവന്‍ ആളുകള്‍ക്കും 10 സെന്റ് ഭൂമി വീതം നല്‍കുമെന്ന ജില്ലാ കലക്ടര്‍ എ.ആര്‍ അജയകുമാറിന്റെ പ്രഖ്യാപനത്തിനെതിരേയും സമരസമിതി നേതാക്കള്‍ രംഗത്തെത്തിയിട്ടുണ്ട്. ഇത് കണ്ണില്‍പൊടിയിടുന്ന പരിപാടിയാണെന്നും ഇത്തരത്തില്‍ 10 സെന്റ് വീതം നല്‍കുന്നത് പഴയ ജാതിക്കോളനികള്‍ വീണ്ടും സൃഷ്ടിക്കപ്പെടാന്‍ കാരണമാകുമെന്നുമാണ് ഇവര്‍ ആരോപിക്കുന്നത്. ഇത്തരത്തില്‍ ഭൂമി നല്‍കാനുള്ള ശ്രമത്തെയും എതിര്‍ക്കുമെന്നും ഇവര്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."