മുന്നണി പ്രവേശനം: തീരുമാനം വ്യക്തമാക്കാതെ ജോസ് പക്ഷം
സ്വന്തം ലേഖകന്‍
കോട്ടയം: മുഖ്യമന്ത്രിയും സി.പി.എമ്മും സ്വാഗതം ചെയ്തിട്ടും മുന്നണി പ്രവേശനത്തില്‍ തീരുമാനം പ്രഖ്യാപിക്കാതെ ജോസ് കെ. മാണിയും കൂട്ടരും.
യു.ഡി.എഫ് യോഗത്തിലേക്ക് വിളിക്കില്ലെന്നും ജോസ് കെ. മാണി രാജ്യസഭാ അംഗത്വം രാജിവയ്ക്കണമെന്നും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആവശ്യപ്പെട്ടിട്ടും പ്രതികരണത്തിനു മുതിരാതെ കാത്തിരുന്ന് കാണാമെന്ന നിലപാടിലാണ് കേരള കോണ്‍ഗ്രസ് മാണി വിഭാഗം. ഇടതുമുന്നണിയിലേക്ക് സി.പി.എം വാതില്‍ തുറന്നിടുമ്പോഴും മുന്നണി പ്രവേശനം സംബന്ധിച്ച രാഷ്ട്രീയ നിലപാട് തദ്ദേശ തെരഞ്ഞെടുപ്പിനുമുന്‍പ് പ്രഖ്യാപിക്കുമെന്നാണ് കേരള കോണ്‍ഗ്രസ് (എം) സ്റ്റിയറിങ് കമ്മിറ്റി യോഗത്തിന് ശേഷം ചെയര്‍മാന്‍ ജോസ് കെ. മാണി എം.പി വ്യക്തമാക്കിയത്.
രാജ്യസഭാ അംഗത്വം രാജിവയ്ക്കണമെന്ന പ്രതിപക്ഷ നേതാവിന്റെ ആവശ്യത്തോട് പ്രതികരിക്കാതെ ജോസ് കെ. മാണി ഒഴിഞ്ഞുമാറുകയും ചെയ്തു. ഏതു മുന്നണിയിലേക്ക് നീങ്ങണമെന്നതില്‍ ജോസ് പക്ഷത്ത് ആശയക്കുഴപ്പം തുടരുകയാണ്. സി.പി.എം നേതാക്കളുടെ പ്രഖ്യാപനത്തെ സ്വാഗതം ചെയ്യുമ്പോഴും യു.ഡി.എഫ് നേതൃത്വത്തെ പ്രകോപിതരാക്കാതിരിക്കാനും ജോസ് വിഭാഗം ശ്രദ്ധിക്കുന്നു. വിപ്പ് ലംഘിച്ച പി.ജെ ജോസഫിനെയും മോന്‍സ് ജോസഫിനെയും അയോഗ്യരാക്കാന്‍ രേഖാമൂലം സ്പീക്കര്‍ക്ക് പരാതി നല്‍കാന്‍ റോഷി അഗസ്റ്റിന്‍ എം.എല്‍.എയെ യോഗം ചുമതലപ്പെടുത്തി.
മുന്നണി പ്രവേശനം സംബന്ധിച്ച് അധികം കാത്തിരിക്കേണ്ടി വരില്ലെന്നാണ് ജോസ് കെ. മാണി എം.പി വ്യക്തമാക്കിയത്. വേഗത്തില്‍ തന്നെ രാഷ്ട്രീയ നിലപാട് എടുക്കും. കുട്ടനാട് കേരള കോണ്‍ഗ്രസ് (എം) എക്കാലത്തും രണ്ടില ചിഹ്നത്തില്‍ മത്സരിച്ച മണ്ഡലമാണ്. മാസങ്ങള്‍ക്കുമുന്‍പ് പ്രവര്‍ത്തനം ആരംഭിച്ച കുട്ടനാട്ടില്‍ തെരഞ്ഞെടുപ്പിനെ നേരിടാന്‍ പാര്‍ട്ടി സജ്ജമാണെന്നും ജോസ് കെ. മാണി പറഞ്ഞു. കുട്ടനാട്ടില്‍ പി.ജെ ജോസഫ് ഏത് ചിഹ്നത്തിലും മേല്‍വിലാസത്തിലുമാണ് മത്സരിക്കുകയെന്ന് അറിയാന്‍ താല്‍പ്പര്യമുണ്ട്. രണ്ടില നല്‍കാതെ പാലായില്‍ പി.ജെ ജോസഫ് യു.ഡി.എഫിനെ ദുര്‍ബലപ്പെടുത്തി. കുട്ടനാട്ടില്‍ ജോസഫ് വിഭാഗം നടത്തിയ സ്വയം പ്രഖ്യാപിത സ്ഥാനാര്‍ഥിത്വത്തെ സംബന്ധിച്ച് യു.ഡി.എഫ് നിലപാട് അറിയാന്‍ താല്‍പ്പര്യമുണ്ട്.
കാലത്തിന്റെ കാവ്യനീതിയാണ് ജോസഫ് വിഭാഗത്തിനേറ്റ തിരിച്ചടി.ചിഹ്നവും പാര്‍ട്ടിയും പോയവര്‍ ഭരണഘടന സ്ഥാപനമായ തെരഞ്ഞെടുപ്പു കമ്മിഷനെ വെല്ലുവിളിക്കുകയാണ്.
തോറ്റു തുന്നം പാടിയവരുടെ വിലാപമാണ് പി.ജെ ജോസഫിന്റെത്. താന്‍ ചെയര്‍മാനായി പ്രവര്‍ത്തിക്കരുതെന്ന മുന്‍സിഫ് കോടതി സ്‌റ്റേ പഴയതാണ്. ഇപ്പോള്‍ പാര്‍ട്ടി രണ്ടാണെന്ന് തെരഞ്ഞെടുപ്പ് കമ്മിഷന്‍ പ്രഖ്യാപിച്ചു കഴിഞ്ഞു.
പരാതിക്കാര്‍ പാര്‍ട്ടിയില്‍നിന്ന് പുറത്തു പോയിരിക്കുന്നു. യു.ഡി.എഫില്‍നിന്ന് തങ്ങളെ പുറത്താക്കി. ഇപ്പോള്‍ സ്വതന്ത്ര നിലപാടിലാണ്. ഒരു മുന്നണിയെയും തള്ളിപ്പറയാനില്ല. ആരുമായും ഇതുവരെ ചര്‍ച്ച നടത്തിയിട്ടില്ല. കേരള കോണ്‍ഗ്രസ് (എം) ജനകീയ അടിത്തറയും ജനപിന്തുണയുമുള്ള പാര്‍ട്ടിയെന്ന് പറഞ്ഞ മുഖ്യമന്ത്രി അടക്കം സി.പി.എം നേതാക്കളോട് നന്ദിയുണ്ട്. തങ്ങളോട് അനീതി ചെയ്‌തെന്ന വികാരം യു.ഡി.എഫ് നേതാക്കള്‍ക്കുണ്ടെന്നും ജോസ് കെ. മാണി വ്യക്തമാക്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."