പി.വി അന്‍വര്‍- സി.പി.ഐ പോര് മുറുകുന്നു
മലപ്പുറം: പി.വി അന്‍വര്‍ എം. എല്‍.എയും ജില്ലയിലെ സി.പി.ഐ നേതൃത്വവും തമ്മില്‍ പോര് മുറുകുന്നു. സി.പി.ഐക്കെതിരേ കടുത്ത വിമര്‍ശനമുന്നയിച്ച അന്‍വറിന് മറുപടിയുമായി സി.പി.ഐ ജില്ലാ കമ്മിറ്റി രംഗത്തെത്തിയതിനുപിന്നാലെ പ്രാദേശിക സി.പി.ഐ നേതൃത്വവും തിരിഞ്ഞിട്ടുണ്ട്.
തെരഞ്ഞെടുപ്പിനുശേഷമാണ് അന്‍വര്‍ സി.പി.ഐക്കെതിരേ വിമര്‍ശനവുമായി രംഗത്തുവന്നത്. സി.പി.ഐ ആവുംവിധമെല്ലാം തന്നെ ഉപദ്രവിച്ചെന്നും അത് തുടരുകയാണെന്നുമായിരുന്നു വിമര്‍ശനം.
ബിസിനസ് രംഗത്തുള്‍പ്പെടെ സി.പി.ഐ നേതാക്കളും ജില്ലാ ഘടകവും പരമാവധി ഉപദ്രവിച്ചെന്നും മലപ്പുറത്ത് സി.പി.ഐയും ലീഗും തമ്മില്‍ വ്യത്യാസമില്ലെന്നും അന്‍വര്‍ ആരോപിച്ചിരുന്നു. തെരഞ്ഞെടുപ്പ് പ്രചാരണത്തില്‍ സി.പി.ഐ സജീവമായിരുന്നില്ലെന്നാണ് അന്‍വറിന്റെ പരോക്ഷ ആരോപണം. ഇതിനു മറുപടിയുമായി സി.പി.ഐ ജില്ലാ നേതൃത്വം രംഗത്തുവന്നതോടെ അന്‍വറും സി.പി.ഐയും തമ്മിലുള്ള ഭിന്നത രൂക്ഷമായി.
ഇതിനിടെയാണ് സി.പി.എം പ്രാദേശിക ഘടകങ്ങളും അന്‍വറിനെതിരേ എതിര്‍പ്പ് പ്രകടിപ്പിച്ചത്. 2014ലെ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ വയനാട്ടിലും 2011ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ ഏറനാട്ടും സി.പി.ഐക്കെതിരേ അന്‍വര്‍ മത്സരിച്ചിരുന്നു. അന്നുമുതല്‍ പോര് നിലനില്‍ക്കുന്നുണ്ട്. പൊന്നാനിയില്‍ അന്‍വര്‍ മത്സരിക്കുന്നതിലും സി.പി.ഐക്ക് താല്‍പര്യമില്ലായിരുന്നു. തെരഞ്ഞെടുപ്പ് കമ്മിറ്റികളില്‍ സി.പി.ഐയെ അവഗണിച്ചെന്ന പരാതികളും ഉയര്‍ന്നിരുന്നു. പാര്‍ട്ടി ശക്തമായ പൊന്നാനിയിലടക്കം പ്രചാരണ രംഗത്ത് സി.പി.ഐ സജീവമായിരുന്നില്ല.പൊന്നാനിയില്‍ അന്‍വര്‍ തോല്‍ക്കുമെന്ന സി.പി.എം മലപ്പുറം ജില്ലാ കമ്മിറ്റിയുടെ റിപ്പോര്‍ട്ടിനു പിന്നാലെയാണ് അന്‍വര്‍ വിമര്‍ശനമുന്നയിച്ചത്.
തെരഞ്ഞെടുപ്പിന്റെ തുടക്കംമുതല്‍ അന്‍വറിന്റെ പ്രസ്താവനകളും അഭിപ്രായങ്ങളും തെരഞ്ഞെടുപ്പ് പ്രചാരണത്തെയും മുന്നണിയെയും പ്രതികൂലമായി ബാധിച്ചെന്ന അഭിപ്രായം എല്‍.ഡി.എഫില്‍ ശക്തമായിരുന്നു. രാഹുല്‍ ഗാന്ധിയുടെ കരങ്ങള്‍ക്ക് ശക്തിപകരാന്‍ തനിക്ക് വോട്ട് ചെയ്യണമെന്നും പൊന്നാനിയില്‍ പരാജയപ്പെട്ടാല്‍ എം.എല്‍.എ സ്ഥാനം രാജിവയ്ക്കുമെന്നുമുള്ള പ്രസ്താവനകള്‍ സി.പി.എമ്മിലും മുറുമുറുപ്പുണ്ടാക്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."