പാലക്കാട്ട് ആര് ജയിച്ചാലും 'അടിപൊട്ടും'
പാലക്കാട്: പാലക്കാട്ട് ആരു ജയിച്ചാലും ജയപരാജയങ്ങളുമായി ബന്ധപ്പെട്ട് മുന്നണികള്‍ക്കുള്ളില്‍ 'അടിപൊട്ടാ'നുള്ള സാഹചര്യമൊരുങ്ങി.
യു.ഡി.എഫ് സ്ഥാനാര്‍ഥിയായ വി.കെ ശ്രീകണ്ഠന്‍ ജയിച്ചാല്‍ ഇടതുമുന്നണിയിലും പ്രത്യേകിച്ച് സി.പിഎമ്മിലും വലിയ പൊട്ടിത്തെറികള്‍ക്കാണത് കാരണമാകുക. എം.ബി രാജേഷ് പരാജയപ്പെടുന്ന പക്ഷം ഒരിക്കല്‍ കൊടുങ്കാറ്റായി രാഷ്ട്രീയ കേരളത്തില്‍ നിറഞ്ഞുനിന്ന പി.കെ ശശി വിവാദവും സി.പി.ഐ- സി.പി.എം ശത്രുതയും ഒരിക്കല്‍കൂടി ചര്‍ച്ചയാവുകയും അതിന്റെപേരില്‍ പരസ്യവിഴുപ്പലക്കലുകള്‍ ഉണ്ടാവുകയും ചെയ്യും. തെരഞ്ഞെടുപ്പ് ഫലം പുറത്തുവരുന്നതിനു മുന്‍പ് തന്നെ മുന്നണിക്കകത്ത് ഇതിന്റെ സൂചനകള്‍ പ്രകടമായിത്തുടങ്ങിയിട്ടുണ്ട്. മണ്ണാര്‍ക്കാട്, ഒറ്റപ്പാലം, ഷൊര്‍ണൂര്‍, പട്ടാമ്പി, കോങ്ങാട്, മലമ്പുഴ ഭാഗങ്ങളില്‍ രാജേഷിന് കാര്യമായ മുന്നേറ്റം ഉണ്ടാക്കാന്‍ കഴിഞ്ഞിട്ടില്ലെന്നും ഇത് വോട്ടുമറിക്കലോ മരവിപ്പിക്കലോ ആണെന്നുമാണ് പാര്‍ട്ടി അണികള്‍ക്കിടയിലെ വിലയിരുത്തല്‍.
ജയിക്കുന്നത് രാജേഷ് ആണെങ്കിലും ശ്രീകണ്ഠനാണെങ്കിലും എന്‍.ഡി.എയിലും അടിപ്പൊട്ടാനുള്ള സാഹചര്യങ്ങളൊരുങ്ങിയിട്ടുണ്ട്. എന്‍.ഡി.എ സ്ഥാനാര്‍ഥി കൃഷ്ണകുമാറിന് ലഭിക്കേണ്ടിയിരുന്ന ബി.ഡി.ജെ.എസ് വോട്ടിന്റെ നല്ലൊരു ശതമാനം ശ്രീകണ്ഠന് മറിച്ചുകൊടുത്തുവെന്ന തര്‍ക്കം എന്‍.ഡി.എയില്‍ ഉയര്‍ന്നുകഴിഞ്ഞു.
കൃഷ്ണകുമാര്‍ മിന്നുന്ന പ്രകടനം കാഴ്ചവച്ചാല്‍ പിന്നീടൊരിക്കലും തനിക്ക് പാലക്കാട്ട് മത്സരിക്കാനാവില്ലെന്ന വിലയിരുത്തലില്‍ ശോഭാ സുരേന്ദ്രന്റെ അനുയായികളാണ് ബി.ഡി.ജെ.എസ് വോട്ടുകള്‍ ശ്രീകണ്ഠന് മറിച്ചതെന്നാണ് എന്‍.ഡി.എയിലെ അടക്കംപറച്ചിലുകള്‍.
മലമ്പുഴ നിയമസഭാ മണ്ഡലത്തില്‍ കൃഷ്ണകുമാര്‍ മികച്ച പ്രകടനം കാഴ്ചവച്ചപ്പോള്‍ ശക്തികേന്ദ്രമായ പാലക്കാട് നഗരത്തില്‍ പ്രതീക്ഷിച്ച മുന്നേറ്റം ഉണ്ടാക്കാനായിട്ടില്ലെന്ന് ബി.ജെ.പി നേതൃത്വം കണക്കുകൂട്ടുന്നു. നേരത്തെ പാലക്കാട് മത്സരിക്കാന്‍ എല്ലാ ഒരുക്കങ്ങളും പൂര്‍ത്തിയാക്കിയശേഷം ആറ്റിങ്ങലിലേക്ക് മാറേണ്ടിവന്ന ശോഭാ സുരേന്ദ്രനുവേണ്ടി അവരുടെ അനുയായികള്‍ കൃഷ്ണകുമാറിനെതിരേ ശക്തമായ നീക്കങ്ങള്‍ തെരഞ്ഞെടുപ്പ് ദിനം വരെ നടത്തിയിട്ടുണ്ടെന്ന് കൃഷ്ണകുമാര്‍ പക്ഷം കുറ്റപ്പെടുത്തുന്നുണ്ട്. ശ്രീകണ്ഠന്‍ പരാജയപ്പെട്ടാല്‍ കോണ്‍ഗ്രസിലും പൊട്ടിത്തെറികളുണ്ടാകും.
പ്രചാരണരംഗത്ത് സജീവമാകാതിരുന്ന കോണ്‍ഗ്രസ് നേതാക്കളുടെ പട്ടികയുമായി തെരഞ്ഞെടുപ്പ് ഫലം വരുന്ന ദിനത്തിനായി കാത്തിരിക്കുകയാണ് ശ്രീകണ്ഠന്‍. ഒരു വിഭാഗം കോണ്‍ഗ്രസ് നേതാക്കള്‍ പ്രചരണരംഗത്ത് മെല്ലെപ്പോക്ക് നയം സ്വീകരിക്കുന്നതിനെതിരേ കെ.പി.സി.സിയുടെ ശ്രദ്ധയില്‍പ്പെടുത്തിയിട്ടും നേതൃത്വത്തിന്റെ ഭാഗത്തുനിന്ന് കാര്യമായ ഇടപെടലുകള്‍ ഉണ്ടായിട്ടില്ലെന്ന പരാതി ശ്രീകണ്ഠനുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."