ഗ്യാസ് സിലിണ്ടര്‍ ലോറി വീട്ടുമുറ്റത്തേക്ക് മറിഞ്ഞു
പേരാമ്പ്ര: നിറയെ ഗ്യാസ് നിറച്ച സിലിണ്ടറുകളടങ്ങിയ മിനിലോറി വീട്ടുമുറ്റത്തേക്കു മറിഞ്ഞു. വന്‍ അപകടം ഒഴിവായി. ഇന്ത്യന്‍ ഓയില്‍ കോര്‍പറേഷന്റെ പേരാമ്പ്രയിലെ ഏജന്‍സിയായ ദീര ഗ്യാസ് ഏജന്‍സിയുടെ ഗ്യാസ് ലോറിയാണ് അപകടത്തില്‍പെട്ടത്. ഗ്യാസ് വിതരണത്തിനായി പോകാന്‍ നിര്‍ത്തിയിട്ട ലോറി നീങ്ങാതിരിക്കാന്‍ ടയറിനു താഴെ വച്ച കല്ല് തെന്നിയതാണ് അപകടകാരണം. ലോറിയില്‍ ഡ്രൈവര്‍ ഇല്ലാതിരുന്നത് ദുരന്തം ഒഴിവാകുകയായിരുന്നു.
ഗ്യാസ് ഗോഡൗണിനു സമീപത്തെ പടിഞ്ഞാറക്കര രവീന്ദ്രന്‍ മാസ്റ്ററുടെ വീട്ടുമുറ്റത്തേക്കാണ് ലോറി തലകീഴായി മറിഞ്ഞത്. സിലിണ്ടറുകള്‍ ചുറ്റുപാടും തെറിച്ചുവീണു. മഴയായതിനാല്‍ വീട്ടുമുറ്റത്ത് ആളില്ലാത്തതിനാലും സിലിണ്ടറുകള്‍ ലീക്ക് ആകാത്തതിനാലും വന്‍ ദുരന്തം ഒഴിവാകുകയായിരുന്നു.
ഉടന്‍ സമീപത്തുള്ള ഫയര്‍ സര്‍വിസ് സ്ഥലത്തെത്തി സിലിണ്ടറുകള്‍ ലീക്കില്ലെന്ന് ഉറപ്പുവരുത്തി എടുത്തു മാറ്റുകയായിരുന്നു. റോഡില്‍ നിന്നു 15 അടിയോളം താഴ്ചയിലാണ് ലോറി പതിച്ചത്. ഫയര്‍ സര്‍വിസും നാട്ടുകാരും സമയോചിതമായി ഇടപെട്ട് സിലിണ്ടറുകള്‍ നീക്കം ചെയ്തു. വാഹനത്തിന്റെ മുന്‍ഭാഗം പൂര്‍ണമായും തകര്‍ന്നു. ഡീസല്‍ ടാങ്കും തകര്‍ന്നിട്ടുണ്ട്. വാഹനം ക്രെയിന്‍ ഉപയോഗിച്ച് കയറ്റുകയായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."