ജനാധിപത്യത്തിന് വിലയിടിയുന്നോ ?
കേരളത്തിന്റെ മുഖ്യതെരഞ്ഞെടുപ്പ് ഓഫിസര്‍ ടിക്കാറാം മീണ ഇത്തവണ വോട്ടുചെയ്തിട്ടില്ല. തെരഞ്ഞെടുപ്പിനോടുള്ള അവജ്ഞ കൊണ്ടല്ല, അദ്ദേഹത്തിന്റെ നാട് രാജസ്ഥാനിലാണ്, അവിടെയാണു വോട്ട്. മുഖ്യതെരഞ്ഞെടുപ്പ് ഓഫിസര്‍ വോട്ടു ചെയ്തില്ലെങ്കിലും കേരളത്തിലെ പോളിങ് ശതമാനം കഴിഞ്ഞ മുപ്പതു വര്‍ഷത്തിലാദ്യമായി 77.68 ശതമാനത്തില്‍ കുതിച്ചെത്തി.
വോട്ടു ചെയ്യുന്നതിനിടെ പതിനൊന്നുപേര്‍ കുഴഞ്ഞുവീണു മരിച്ചതൊഴിച്ചാല്‍ കാര്യമായ അനിഷ്ടസംഭവങ്ങളൊന്നുമുണ്ടായില്ല. പല മണ്ഡലങ്ങളിലും വ്യാപകമായ കള്ളവോട്ടു നടന്നുവെന്ന ആരോപണമൊഴിച്ചാല്‍ ഭീകരമായ അഴിമതിയാരോപണങ്ങളും കുറവ്. കണ്ണൂരിലും (83.05 ശതമാനം) വടകരയിലും (82.48) കോഴിക്കോട്ടും (81.47) ഉള്‍പ്പെടെ പല മണ്ഡലങ്ങളിലും അത്ഭുതകരമായ പോളിങ്ങാണു നടന്നത്. അതിന്റെയൊക്കെ ഒഴുക്കും അടിയൊഴുക്കും ഏതു ദിശയിലേയ്ക്കായിരിക്കുമെന്നു ഗണിച്ചുകൊണ്ടിരിക്കുകയാണ് രാഷ്ട്രീയനിരീക്ഷകരും രാഷ്ട്രീയപ്രവര്‍ത്തകരും.
1989നു ശേഷം നടന്ന എട്ടു ലോക്‌സഭാ തെരഞ്ഞെടുപ്പുകളിലെ ഏറ്റവും ഉയര്‍ന്ന പോളിങ് ശതമാനമാണിത്. രാജീവ്ഗാന്ധി ഭരണം അവസാനിപ്പിച്ചു, വി.പി സിങ് അധികാരത്തിലെത്തിയ 1989ലെ തെരഞ്ഞെടുപ്പില്‍ കേരളത്തിലെ പോളിങ് ശതമാനം 79.3 ശതമാനത്തിലെത്തിയിരുന്നു. പോളിങ് കനത്ത ആ തെരഞ്ഞെടുപ്പില്‍ ജയം യു.ഡി.എഫിനായിരുന്നു, ഇരുപതില്‍ പതിനേഴും അവര്‍ പോക്കറ്റിലാക്കി. 1977ല്‍ സംഭവിച്ചതു മറിച്ചായിരുന്നു. അന്ന്, പോളിങ് ശതമാനം 79.2 ആയിരുന്നു. ജയം കൊയ്തത് ഇടതുപക്ഷം, ഇരുപതില്‍ പത്തൊമ്പതും ഇടതിന്.
ബി.ജെ.പിയുടെ നേതൃത്വത്തിലുള്ള എന്‍.ഡി.എ കേരളത്തിലെ തെരഞ്ഞെടുപ്പില്‍ സജീവമായ 2014ല്‍ ഐക്യ ജനാധിപത്യ മുന്നണിക്കു പന്ത്രണ്ടും ഇടതുമുന്നണിക്ക് എട്ടുമായിരുന്നു സീറ്റ്. പലയിടത്തും ഏറെ ശക്തിതെളിയിച്ചെങ്കിലും എന്‍.ഡി.എയ്ക്ക് സീറ്റൊന്നും കിട്ടിയില്ല. ഇത്തവണയും ബി.ഡി.ജെ.എസിനെയും മറ്റും കൂട്ടുപിടിച്ച് ബി.ജെ.പി രംഗത്തുണ്ട്.
രണ്ടേമുക്കാല്‍ ലക്ഷം കന്നിവോട്ടര്‍മാരുള്‍പ്പെടെ ഇപ്രാവശ്യത്തെ വോട്ടര്‍പട്ടികയില്‍ രണ്ടരകോടി ആളുകളുടെ പേരുണ്ട്. അതില്‍ രണ്ടു കോടിയും ഏപ്രില്‍ 23നു സമ്മതിദാനാവകാശം നിയോഗിച്ചുവെന്നര്‍ഥം. 100 വയസ്സു കഴിഞ്ഞ ആയിരത്തിലധികം മുതിര്‍ന്ന പൗരന്മാരും വോട്ടുരേഖപ്പെടുത്തിയെന്നതും കേരളത്തിലെ ജനാധിപത്യ മനസ്സുകള്‍ക്ക് അഭിമാനിക്കാവുന്ന കാര്യമാണ്.
23 വനിതകളുള്‍പ്പെടെ 227 പേര്‍ സ്ഥാനാര്‍ഥികളായിരുന്നു. സിറ്റിങ് എം.പിമാരില്‍ മിക്കവരും സ്ഥാനാര്‍ഥികളായിരുന്നു. പോരാത്തതിനു രണ്ടു രാജ്യസഭാംഗങ്ങളും ഏഴ് എം.എല്‍.എ മാരും ലോക്‌സഭയിലേയ്ക്കു ജനവിധി തേടി.
ഇനിയാണ് പ്രധാന ചോദ്യം അവശേഷിക്കുന്നത്. കേരളത്തില്‍ മത്സരിക്കുന്ന 207 സ്ഥാനാര്‍ഥികളില്‍ എത്രപേര്‍ക്കു കെട്ടിവച്ച തുക തിരികെ കിട്ടും. പാര്‍ട്ടികളോടു പിണങ്ങിയും അല്ലാതെയും കക്ഷിരഹിതരായി ഗോദയിലിറങ്ങുന്നവര്‍ തെരഞ്ഞെടുപ്പു ചെലവുകള്‍ക്കെന്നുപറഞ്ഞു പതിനായിരക്കണക്കിനു രൂപ നാട്ടുകാരില്‍ നിന്നു പിരിച്ചെടുക്കുന്നുണ്ടെന്ന ആരോപണമുണ്ട്. അതിലേറെയും ശരിയുമാണ്. കേരളത്തില്‍, മുമ്പൊരിക്കല്‍ അടുത്തടുത്ത രണ്ടു പാര്‍ലമെന്റ് സീറ്റുകളില്‍ നിന്നു പണപ്പിരിവു നടത്തിയ സാഹിത്യകാരനെ നേരിട്ടറിയാം. മത്സരിക്കാന്‍ പണം വേണ്ടേ, ഇതല്ലാതെ പിന്നെന്തുചെയ്യും എന്നായിരുന്നു മുതിര്‍ന്ന പത്രപ്രവര്‍ത്തകന്‍ കൂടിയായ അദ്ദേഹം, ആ ഇരട്ടപ്പിരിവിനെ ന്യായീകരിച്ചത്.
എങ്കിലും ഇന്ത്യയുടെ ഖജനാവിന്, ഒരര്‍ഥത്തില്‍ ഏറ്റവുമധികം സംഭാവനയര്‍പ്പിക്കുന്നത് രാഷ്ട്രീയപ്പാര്‍ട്ടികളല്ല, സ്വതന്ത്രന്മാരാണ്. പോള്‍ ചെയ്ത വോട്ടിന്റെ ആറിലൊന്നു കിട്ടിയില്ലെങ്കില്‍ കെട്ടിവച്ച കാശ് നഷ്ടപ്പെടും. (പട്ടികജാതി-വര്‍ഗക്കാര്‍ക്കു പകുതി ഇളവുണ്ട്.) തോറ്റാലും ജയിച്ചാലും പാര്‍ട്ടി സ്ഥാനാര്‍ഥികളില്‍ മിക്കവര്‍ക്കും കെട്ടിവച്ച കാശു തിരിച്ചു കിട്ടും. കാശ് നഷ്ടപ്പെടുന്നവരില്‍ മഹാഭൂരിപക്ഷവും സ്വതന്ത്രന്മാരാണ്. അവരുടെ കാശ് പൊതുഖജനാവിലേയ്ക്ക്.
1952ല്‍ തുടങ്ങിയ ബാലറ്റ് യുദ്ധത്തില്‍ സ്ഥാനാര്‍ഥികളില്‍ നാലില്‍മൂന്നിനും ജാമ്യസംഖ്യ നഷ്ടപ്പെട്ടതായാണു കണക്ക്. 2014ലെ കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ ഇങ്ങനെ സര്‍ക്കാറിലേയ്ക്കു പിരിഞ്ഞുകിട്ടിയ തുക പതിനാലര കോടി രൂപ വരുമത്രേ. രണ്ടാംസ്ഥാനത്തെത്തിയിട്ടും കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ ആറുപേര്‍ക്കു ജാമ്യസംഖ്യ തിരിച്ചു കിട്ടിയില്ലെന്ന ചരിത്രകൗതുകവുമുണ്ട്.
ജയിച്ചവര്‍ക്കു വേണ്ടി പൊതുഖജനാവില്‍ നിന്നു വാരിക്കോരി ചെലവഴിക്കേണ്ട അവസ്ഥയാണ്. രണ്ടു ലക്ഷത്തോളം രൂപ മാസംതോറും അലവന്‍സും ഡല്‍ഹിയില്‍ താമസവും പല തവണ വിമാനയാത്രയും ഇഷ്ടംപോലെ ഫോണ്‍ സൗകര്യങ്ങളും, സൗജന്യചികിത്സയും അങ്ങനെയങ്ങനെ പലതും ലഭിക്കും. കാലാവധി കഴിഞ്ഞാല്‍ നല്ല പെന്‍ഷനും ലഭിക്കും. (മരിച്ചു കഴിഞ്ഞാല്‍ കിട്ടില്ലെന്നു മാത്രം.)
അതിനാല്‍, ജയിക്കാനിറങ്ങുന്നവന്‍ കാശു വീശും. ഒന്നുകില്‍ പാര്‍ട്ടി, അല്ലെങ്കില്‍ പിന്നീടു കാര്യനേട്ടങ്ങള്‍ക്കായി എത്താന്‍ സാധ്യതയുള്ള സ്‌പോണ്‍സര്‍മാര്‍ പണം വീശാനില്ലെങ്കില്‍ മത്സരിക്കുന്നതില്‍ ഒരു ഗുണവുമില്ല. അതല്ലെങ്കില്‍ സ്വന്തം കൈയില്‍ കാശുവേണം. അങ്ങനെ, പണമെറിഞ്ഞു സ്ഥാനാര്‍ഥിയായി പണം വാരിയ എത്രപേരെ നമുക്കൊക്കെ അറിയാം.
എന്തായാലും കോടീശ്വരന്മാര്‍ തന്നെയാണ് ഇക്കാലങ്ങളില്‍ സ്ഥാനാര്‍ഥിത്വം കിട്ടുന്നവരില്‍ പലരും. പാര്‍ട്ടികള്‍ക്കും അതൊരു ആശ്വാസമാണ്. പാര്‍ട്ടിയിലെ പണം അധികം ഇളക്കേണ്ടല്ലോ. നിലവിലുള്ള ലോക്‌സഭയിലെ 521 അംഗങ്ങളില്‍ 430 പേരും ഒരു കോടി രൂപയ്ക്കു മേല്‍ സമ്പാദ്യമുള്ളവരാണെന്നാണു ജനാധിപത്യപരിഷ്‌കരണത്തിനുളള സംഘടനയായ എ.സി.ആര്‍ പറയുന്നത്, ജനപ്രതിനിധികളില്‍ 83 ശതമാനവും കോടീശ്വരന്മാരെന്നര്‍ഥം.
ഹൈദരാബാദില്‍ ചേവല്ല മണ്ഡലത്തിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി കോണ്ട വിശേശ്വര്‍ റെഡ്ഡിയുടെ കഥയെടുക്കാം. എന്‍ജിനീയറിങ് പാസായ അദ്ദേഹം എന്‍ജിനീയറാവാതെ ബിസിനസ് തുടങ്ങുകയാണു ചെയ്തത്. പിന്നീട്, രാഷ്ട്രീയത്തിലെത്തി. ഇപ്പോള്‍ തെലങ്കാനാ രാഷ്ട്രസമിതിയുടെ എം.പിയാണ്. തന്റെ കുടുംബസ്വത്ത് 895 കോടി ആണെന്നാണ് അദ്ദേഹം സത്യവാങ്ങ്മൂലം സമര്‍പ്പിച്ചിരിക്കുന്നത്. ഇതിലേറെയും ഭാര്യയുടെതാണെന്ന് അവകാശവാദം. അത്രയും സ്വത്തുള്ള ഭാര്യയെ കിട്ടാനും ഭാഗ്യം ചെയ്യണമല്ലോ.
നേരത്തേ തെലുഗുദേശം പാര്‍ട്ടി എം.പിയായിരുന്ന നാമ നാഗേശ്വര്‍റാവു ഖമാം ലോക്‌സഭാ സീറ്റില്‍ ഇത്തവണ മത്സരിച്ചതു തെലുങ്ക് രാഷ്ട്രസമിതി സ്ഥാനാര്‍ഥിയായാണ്. കഴിഞ്ഞ തെരഞ്ഞെടുപ്പു വേളയില്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍, 338 കോടി രൂപയുടെ ആസ്തിയുള്ളവനാണ് താനെന്നു അദ്ദേഹം ബോധിപ്പിച്ചത്. ജയദേവഗല്ല എന്ന അമരരാജ ബാറ്ററീസ് കമ്പനി മാനേജിങ്ങ് ഡയറക്ടര്‍ 600 കോടി രൂപ സമ്പാദ്യവുമായാണു ടി.ഡി.പി സ്ഥാനാര്‍ഥിയായി അങ്കത്തട്ടില്‍ വന്നത്. ലക്ഷങ്ങള്‍ പൊടിച്ചാണ് ഓരോ സ്ഥാനാര്‍ഥിയും പ്രചാരണ അരങ്ങു കൊഴുപ്പിക്കുന്നത്.
കര്‍ണാടകയിലെ ചിത്രദുര്‍ഗയില്‍ പ്രധാനമന്ത്രി പ്രചാരണത്തിനു വന്നിറങ്ങിയ ഹെലികോപ്റ്ററില്‍ നിന്നു ഒരു വലിയ കറുത്ത പെട്ടി പുറത്തിറക്കി കാറില്‍ കയറ്റി കൊണ്ടുപോകുന്നതു കണ്ടെന്നു തെരഞ്ഞെടുപ്പ് കമ്മിഷനു പരാതി ലഭിച്ചിരുന്നു. അക്കാര്യം അന്വേഷിച്ച ഉദ്യോഗസ്ഥനെ കൈയോടെ സസ്‌പെന്‍ഡ് ചെയ്യുകയാണുണ്ടായത്.
ഓരോ തെരഞ്ഞെടുപ്പിലും തെരഞ്ഞെടുപ്പു കമ്മിഷന്റെ ചെലവും ചെറുതല്ല. ഓരോ വോട്ടും പെട്ടിയിലാക്കാന്‍ ചെലവ് ആയിരങ്ങളാണ്. പട്ടികയില്‍ പേര് എത്തിക്കുന്നതു മുതല്‍ വോട്ടു ചെയ്യിക്കുന്നതിനും ബാലറ്റ് പെട്ടികള്‍ സൂക്ഷിക്കുന്നതിനും തുടങ്ങി വോട്ടെണ്ണി ഫലം പ്രഖ്യാപിച്ച് ബാലറ്റ് പെട്ടികള്‍ സുരക്ഷിതമായി വെയ്ക്കുന്നതുവരെയുള്ള ചെലവുകള്‍ ഒരുപാടുണ്ട്. നാട്ടുകാരുടെ നികുതിപ്പണമാണ് അവിടെയും ചെലവാക്കുന്നത്. സ്ഥാനാര്‍ഥികള്‍ക്കും പാര്‍ട്ടികള്‍ക്കും പണം വാരിവിതറി അര്‍മാദിക്കാന്‍ കൈയയച്ചു സഹായിക്കാന്‍ വിധിക്കപ്പെട്ടവരാണല്ലോ, നാം.
അതിനു പകരമായി തോറ്റാലും സ്ഥാനാര്‍ഥികള്‍ സര്‍ക്കാര്‍ ഖജനാവിലേക്ക് നല്‍കുന്നത് കെട്ടിവക്കുന്ന ജാമ്യസംഖ്യമാത്രവും. ഇത്തവണ ഏതായാലും 523 സീറ്റുകളിലേക്ക് നടക്കുന്ന തെരഞ്ഞെടുപ്പില്‍ ഈ വകയില്‍ ഏറ്റവും വലിയ സംഭാവന തെലങ്കാനയില്‍ നിന്നായിരിക്കും. ഹൈദരാബാദിന്റെയും സെക്കന്തരാബാദിന്റെയും സംസ്ഥാനമായ ഇവിടെ നിസാമാബാദ് എന്ന ഒരൊറ്റ സീറ്റിനായി ഇത്തവണ മത്സരിച്ചത് 185 പേരാണ്. ഈ സ്ഥാനാര്‍ഥികളുടെയെല്ലാം പേര് ഉള്‍ക്കൊള്ളിക്കാന്‍ ഒരു ഡസന്‍ ബാലറ്റ് യൂനിറ്റുകളാണ് ഓരോ പോളിങ്ങ് സ്റ്റേഷനിലും ഒരുക്കിയത്, ഏഴായിരത്തിലേറെ വോട്ടിങ് യന്ത്രങ്ങളും.
എല്ലാറ്റിനും ചെലവും വിലയും കുതിച്ചുകയറുകയാണ്. വിലകുറയുന്നതു ജനാധിപത്യത്തിനു തന്നെ.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."