നാലാംഘട്ട പോളിങ് 64 ശതമാനം; ബംഗാളില്‍ അക്രമം
കേന്ദ്രമന്ത്രി ബാബുള്‍ സുപ്രിയോക്കെതിരേ
കേസെടുത്തു
ന്യൂഡല്‍ഹി: ഒന്‍പത് സംസ്ഥാനങ്ങളിലെ 72 മണ്ഡലങ്ങളിലേക്ക് നടന്ന ലോക്സഭയുടെ നാലാംഘട്ടവോട്ടെടുപ്പില് 64 ശതമാനം പോളിങ്. പശ്ചിമബംഗാളിലുണ്ടായ അതിക്രമങ്ങള്‍ മാറ്റിനിര്‍ത്തിയാല്‍ പോളിങ് പൊതുവെ സമാധാനപരമായിരുന്നു. ബംഗാളില്‍ പോളിങ് സ്റ്റേഷനിലേക്ക് അതിക്രമിച്ച് കടന്നതിന് കേന്ദ്രമന്ത്രി ബാബുള്‍ സുപ്രിയോക്കെതിരേ കേസെടുത്തു. ബൂത്തുകളിലൊന്നില്‍ ബോംബേറുമുണ്ടായി.
ബീര്ഭുമിലാണ് ഏറ്റവും കൂടുതല്‍ അക്രമങ്ങള്‍ അരങ്ങേറിയത്. ബീര്‍ഭൂം നാനൂര് പ്രദേശത്ത് ബി.ജെ.പി-തൃണമൂല്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ഏറ്റുമുട്ടി.
ബാന്തര്‍ ഗ്രാമത്തിലും സംഘര്‍ഷമുണ്ടായി. ദുബ്റാജ്പൂരില് അക്രമികളെ തുരത്താന്‍ കേന്ദ്രസേന ആകാശത്തേക്ക് വെടിവച്ചു. രാംപുറാത്തിലും സംഘര്‍ഷമുണ്ടായി. ജാര്‍ഖണ്ഡില്‍ ബാലറ്റ് യൂനിറ്റ് തകര്‍ത്തയാളെ അറസ്റ്റ് ചെയ്തു. കശ്മീരിലെ കുല്‍ഗാമില്‍ പോളിങ് സ്റ്റേഷനു പുറത്ത് കല്ലേറുണ്ടായി.
നക്സലുകള്‍ ആക്രമിച്ചതായുള്ള മധ്യപ്രദേശിലെ ബാല്ക്കാട്ട് ലോക്സഭാ മണ്ഡലത്തിലെ സ്വതന്ത്ര സ്ഥാനാര്‍ഥി കിഷോര്‍ സാമൃതെയുടെ പരാതിയെത്തുടര്‍ന്ന് പൊലിസ് കേസെടുത്തു. തെരഞ്ഞെടുപ്പ് കമ്മിഷന് അന്വേഷണവും ആരംഭിച്ചു.
ബിഹാറിലും ഒഡിഷയിലും വോട്ടിങ് മെഷിനുകള്‍ക്ക് കേടുപാടുകള്‍ റിപോര്‍ട്ട് ചെയ്തു. മധ്യപ്രദേശിലെ ചിന്ദ്വാരയില് വനിതാ പോളിങ് ഓഫിസര്‍ ഹൃദയാഘാതം മൂലം മരിച്ചു.
ബിഹാര്‍- 58.92%, ജമ്മുകശ്മിര്‍- 9.8%, ജാര്‍ഖണ്ഡ്- 63.77%, മധ്യപ്രദേശ്- 66.52%, മഹാരാഷ്ട്ര- 55.88%, ഒഡിഷ- 64.05%, രാജസ്ഥാന്- 66.44%, ഉത്തര്‍പ്രദേശ്- 55.57%, പശ്ചിമബംഗാള്‍- 76.59% എന്നിങ്ങനെയാണ് സംസ്ഥാനങ്ങളിലെ പോളിങ് ശതമാനം. കേരളമുള്‍പ്പെട്ട മൂന്നാംഘട്ട വോട്ടെടുപ്പില്‍ 63 ശതമാനം ആയിരുന്നു പോളിങ് രേഖപ്പെടുത്തിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."