സിലബസില്‍ സുന്നിസത്തിന് പകരം ജൂതായിസം പഠിപ്പിക്കുന്നുവെന്ന് ആരോപണം കാന്തപുരം വിഭാഗം മദ്‌റസ അടച്ചുപൂട്ടി
കൊപ്പം: വണ്ടുംതറയില്‍ ഇരുപത് വര്‍ഷത്തോളമായി പ്രവര്‍ത്തിക്കുന്ന കാന്തപുരം വിഭാഗത്തിന് കീഴിലുള്ള മദ്‌റസയുടെ പ്രവര്‍ത്തനം നിര്‍ത്തിവെച്ചു. സിലബസില്‍ സുന്നിസത്തിന് പകരം ജൂതായിസം പഠിപ്പിക്കുന്നുവെന്ന് ആരോപിച്ചാണ് വണ്ടുംതറ സെന്ററില്‍ സ്ഥിതി ചെയ്യുന്ന എല്‍.എസ്.എസ് മദ്‌റസ അടച്ചുപൂട്ടിയത്. പ്രദേശ വാസിയായ സി.കെ.എം ബാഖവിയുടെ നേതൃത്വത്തിലാണ് ഇക്കാലമത്രയും മദ്‌റസ പ്രവര്‍ത്തിച്ചത്. യഥാര്‍ത്ഥ സുന്നി പ്രചരണത്തിന് വേണ്ടി രൂപംകൊണ്ട കാന്തപുരം വിഭാഗം ഇന്ന് അടിസ്ഥാന മൂല്യങ്ങളെ ബലി കഴിച്ചുകൊണ്ടിരിക്കുന്ന കാഴ്ച്ചയാണ് കാണുന്നതെന്ന് മദ്‌റസ പ്രവര്‍ത്തനം നിര്‍ത്തിവെക്കുന്നതിനെകുറിച്ച് പൊതുജനങ്ങള്‍ക്കിടയില്‍ വിതരണം ചെയ്ത നോട്ടീസില്‍ പറയുന്നു. പാഠ പുസ്തകത്തില്‍ വന്ന തെറ്റുകള്‍ ഉത്തരവാദപ്പെട്ടവരെ അറിയിച്ചെങ്കിലും നിരുത്തരവാദമായ മറുപടിയാണ് ലഭിച്ചതെന്ന് സി.കെ.എം ബാഖവി പുറത്തിറക്കിയ നോട്ടീസില്‍ പറയുന്നു. 'അറബി മലയാളത്തിലുള്ള താരീഖ് പുസ്തകങ്ങളില്‍ പ്രവാചകരെയും മറ്റും സാധാരണ മനുഷ്യരെ പോലെ നിലവാരം കുറഞ്ഞ പദപ്രയോഗങ്ങളിലൂടെ നിരവധി സ്ഥലങ്ങളിലവതരിപ്പിച്ച് കാണുന്നു. ഫിഖ്ഹും നഹ്‌വുമെല്ലാം പല സ്ഥലങ്ങളിലും അലങ്കോലപ്പെടുത്തിയിട്ടുണ്ട്.
പാഠ പുസ്തകങ്ങളില്‍ പരന്നു കിടക്കുന്ന പൊറുക്കപ്പെടാനാവാത്ത ആദര്‍ശ പാളിച്ചകള്‍ അബദ്ധത്തില്‍ പറ്റിപ്പോയതാവുമെന്ന് കരുതാനാവില്ല. ഉത്തരവാദിത്തപ്പെട്ട ഉന്നതങ്ങളിലെല്ലാം ഇക്കാര്യം ഞാന്‍ ചോദ്യം ചെയ്തിട്ടുണ്ട്. ധാരാളം പേര്‍ ഞങ്ങളെ എതിര്‍ത്തു നോക്കി എന്നിട്ടും ഞങ്ങള്‍ വളര്‍ന്ന് കൊണ്ടിരിക്കുകയാണ്. ഇപ്പോള്‍ ഒരാള്‍കൂടി എതിര്‍ പക്ഷത്ത് ചേര്‍ന്നാര്‍ ഞങ്ങള്‍ക്കൊന്നും വരാനില്ല എന്നാണ് എനിക്ക് ലഭിച്ച മറുപടി. അതിനാല്‍ മക്കള്‍ നിരീശ്വര വാദികള്‍ ആകാതിരിക്കാന്‍ ഈ വിഭാഗത്തിന്റെ മദ്‌റസകളില്‍ പഠിപ്പിക്കാതിരിക്കുക. 2011 മുതലുള്ള ഈ ജൂത പ്രേമം മദ്‌റസകളിലൂടെ വിതരണം ചെയ്യുന്നതില്‍ പ്രതിഷേധിച്ച് കൊണ്ട് എല്‍.എസ്.എസില്‍ നടന്ന് പോന്നിരുന്ന മദ്‌റസ ക്ലാസുകള്‍ താത്കാലികമായി നിര്‍ത്തിവെക്കുന്നു എന്നതാണ് നോട്ടീസിലെ പ്രസക്ത ഭാഗങ്ങള്‍. കാന്തപുരം വിഭാഗത്തിന്റെ മദ്‌റസ പാഠ പുസ്തകങ്ങള്‍ തെറ്റുകളുടെ കൂമ്പാരവും പുതുതലമുറയെ വഴി പിഴപ്പിക്കുന്നതുമാണെന്ന് തെളിയിക്കാന്‍ ഞാന്‍ തയ്യാറാണെന്നും മറിച്ച് വാദമുള്ളവരെ ജനമധ്യത്തിലേക്ക് വെല്ലുവിളിക്കുകയാണെന്നും വണ്ടുംതറ സി. കെ.എം ബാഖവി പൂര്‍ണ്ണമായ മേല്‍ വിലാസമടക്കം നല്‍കി അച്ചടിച്ച നോട്ടീസില്‍ വെല്ലുവിളിക്കുന്നുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."