പ്രോത്സാഹനമില്ല: കരിമ്പ് കര്‍ഷകര്‍ പ്രതിസന്ധിയില്‍
പാറ: ജില്ലയിലെ കിഴക്കന്‍ മേഖലയിലെ കരിമ്പ് കര്‍ഷകരും ശര്‍ക്കര ഉത്പാദകരും പ്രതിസന്ധിയില്‍. കുറച്ചുവര്‍ഷങ്ങള്‍ക്കു മുന്‍പ് പന്ത്രണ്ടായിരത്തോളം ഏക്കര്‍ സ്ഥലത്തുണ്ടായിരുന്ന കരിമ്പ് കൃഷി ആയിരത്തി ഇരുന്നൂറോളം എക്കര്‍ സ്ഥലത്തുമാത്രമാണ് ഇപ്പോള്‍ കൃഷി ചെയ്യുന്നത്. ചിറ്റൂര്‍ ഷുഗര്‍ ഫാക്ടറി ഉത്പാദനം നിര്‍ത്തിയതോടെ ശര്‍ക്കര ഉണ്ടാക്കിയാണു കരിമ്പ് കര്‍ഷകര്‍ നിലനില്‍ക്കുന്നത്. ശര്‍ക്കര ഉല്‍പാദിപ്പിച്ചാല്‍ തന്നെ പൊള്ളാച്ചിയിലെ വ്യാപാരികളെ ആശ്രയിച്ചുവേണം വില്‍പ്പന നടത്തുവാന്‍. ഇവിടെ യാതൊരുവിധ സംവിധാനവുമില്ല. തമിഴ്‌നാട്ടില്‍ ഉല്‍പാദിപ്പിക്കുന്ന ശര്‍ക്കര വിലകുറഞ്ഞത് വിപണിയില്‍ വരുന്നത് ഇവിടത്തെ കര്‍ഷകര്‍ക്കു തിരിച്ചടിയാവുന്നു. തമിഴ്‌നാട്ടില്‍ കെമിക്കലുകള്‍ ചേര്‍ത്തുനിര്‍മിക്കുന്ന ശര്‍ക്കര അതിര്‍ത്തി കടന്നു കേരളത്തിലേക്ക് ഒഴുകുകയാണ്. ഇതേ ശര്‍ക്കരയുടെ വിലതന്നെയാണ് ഇവിടെ കെമിക്കല്‍ ചേര്‍ക്കാതെ നിര്‍മിക്കുന്ന വെല്ലത്തിനും നല്‍കുന്നത്. മാത്രമല്ല വ്യാപാരികള്‍ നിശ്ചിയിക്കുന്ന വിലയ്ക്കുതന്നെ ശര്‍ക്കര നല്‍കണം. ഈ സാഹചര്യത്തില്‍ ശര്‍ക്കര ഉല്‍പാദനം നഷ്ടത്തിലേക്കു നീങ്ങുകയാണെന്നു കര്‍ഷകര്‍ പറയുന്നു. കിഴക്കന്‍ മേഖലയിലെ കര്‍ഷകരെ രക്ഷിക്കുവാന്‍ ഇടുക്കി പാക്കേജിന്റെ പേരില്‍ സര്‍ക്കാര്‍ മറയൂര്‍ ശര്‍ക്കര വാങ്ങുന്ന പോലെ ഇവിടെയും ശര്‍ക്കര സംഭരണം നടത്തണമെന്നു കര്‍ഷകര്‍ പറയുന്നു.
മറയൂര്‍ ശര്‍ക്കര ഭൂരിഭാഗവും വിദേശ രാജ്യങ്ങളിലേക്കു കയറ്റുമതി ചെയ്യുകയാണ്. ശര്‍ക്കരയ്ക്കു തറവില നിശ്ചയിച്ചു സര്‍ക്കാര്‍ സംഭരിച്ചാല്‍ കൂടുതല്‍ കര്‍ഷകര്‍ കരിമ്പ് ഉല്‍പാദിപ്പിക്കുവാന്‍ ശര്‍ക്കര ഉണ്ടാക്കുവാനും തയ്യാറാവും. കരിമ്പ് കൃഷിക്ക് സബ്‌സിഡി, ഉഴവുകൂലി മറ്റു സാമ്പത്തിക സഹായം, സൗജന്യ വൈദ്യുതി എന്നിവ നല്‍കണം. ശര്‍ക്കര സംഭരണത്തിനു സപ്ലൈകോ തന്നെ തയ്യാറാവണമെന്നും കര്‍ഷകര്‍ പറയുന്നു. ഇതു സംബന്ധിച്ചു പാലക്കാട് ജില്ലാ കരിമ്പ് ശര്‍ക്കര ഉത്പാദക സംഘം പ്രസിഡന്റ് എം.കൃഷ്ണദാസ്, സെക്രട്ടറി ആര്‍.രാജലിംഗം, എം.തങ്കപ്പന്‍, ലൂയിസ് മൈക്കിള്‍ സ്വാമി, എം.വിശ്വനാഥന്‍ എന്നിവരുടെ നേതൃത്വത്തില്‍ കെ.കൃഷ്ണന്‍കുട്ടി എംഎല്‍എ മുഖേന കൃഷി മന്ത്രി വി.എസ്.സുനില്‍കുമാറിനു നിവേദനം നല്‍കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."