തലസ്ഥാനത്തെ കഞ്ചാവ് വേട്ട: പിന്നില്‍ ഉത്തരേന്ത്യന്‍ റാക്കറ്റ്
തിരുവനന്തപുരം: തലസ്ഥാനത്ത് കണ്ടെയ്‌നര്‍ ലോറിയില്‍ കഞ്ചാവ് കടത്തിയ സംഭവത്തിന് പിന്നില്‍ ഉത്തരേന്ത്യയില്‍ നിന്നുള്ള വന്‍ റാക്കറ്റെന്ന് എക്‌സൈസ്. കഞ്ചാവ് കടത്തിന് പിന്നിലെ കേരളത്തിലെ കണ്ണികളെക്കുറിച്ചും എക്‌സൈസ് അന്വേഷണം ആരംഭിച്ചു. കണ്ടെയ്‌നറില്‍ കഞ്ചാവ് ഒളിപ്പിച്ച് വിവിധ സംസ്ഥാനങ്ങളിലേക്ക് കയറ്റിയയക്കുന്നത് രാജു ഭായി എന്ന് വിളിക്കുന്ന പഞ്ചാബ് സ്വദേശിയാണെന്നാണ് അറസ്റ്റിലായവരുടെ മൊഴി. കണ്ടെയ്‌നര്‍ ലോറിയുടെ രഹസ്യഅറയില്‍ ഒളിപ്പിച്ച് കടത്തുകയായിരുന്ന 500 കിലോ കഞ്ചാവാണ് ഞായറാഴ്ച ആറ്റിങ്ങല്‍ കോരാണിയില്‍ വച്ച് എക്‌സൈസ് പ്രത്യേക സംഘം പിടികൂടിയത്. അതേസമയം, ഈ റെയ്ഡ് വിവരം ചോര്‍ന്നതായി എക്‌സൈസ് ഇന്റലിജന്‍സ് കണ്ടെത്തി.
വിവരം ചോര്‍ത്തിയ ഉദ്യോഗസ്ഥനെക്കുറിച്ചും എക്‌സൈസ് അന്വേഷണം ആരംഭിച്ചു. അന്വേഷണ വിവരങ്ങളിലെ രഹസ്യാത്മകത സൂക്ഷിക്കാനും പ്രത്യേക നിര്‍ദേശമുണ്ട്.
മൈസൂര്‍ വഴി കടത്തിക്കൊണ്ടു വന്ന കോടിക്കണക്കിന് രൂപയുടെ കഞ്ചാവ് കണ്ണൂരില്‍ സൂക്ഷിക്കാനായിരുന്നു സംഘത്തിന്റെ ആദ്യ ശ്രമം. പിന്നീടാണ് തിരുവനന്തപുരത്തേക്ക് കൊണ്ടുവന്നത്. രണ്ടു ദിവസം മുന്‍പ് എക്‌സൈസിനു കിട്ടിയ രഹസ്യ വിവരം കണ്ണൂരിലെ ഉന്നത ഉദ്യോഗസ്ഥര്‍ക്കും കൈമാറിയിരുന്നു. കോഴിക്കോട്ടും എന്‍ഫോഴ്‌സ്‌മെന്റ് നിരീക്ഷണം ശക്തമാക്കിയിരുന്നു. പക്ഷേ ഇവിടെയൊന്നും പിടികൊടുക്കാതെയാണ് കണ്ടെയ്‌നര്‍ തിരുവനന്തപുരത്തെത്തിയത്. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് റെയ്ഡ് വിവരം ചോര്‍ന്നതായി എക്‌സൈസ് ഇന്റലിജന്‍സ് കണ്ടെത്തിയത്.
കഞ്ചാവ് കടത്തിന് പിന്നിലെ കേരളത്തിലെ മുഖ്യ കണ്ണി തൃശൂര്‍ സ്വദേശി സെബുവാണെന്നാണ് അന്വേഷണ സംഘത്തിന്റെ പ്രാഥമിക നിഗമനം. കഞ്ചാവ് കടത്തിലെ ഏജന്റുമാര്‍ എന്ന് സംശയിക്കുന്ന തിരുവനന്തപുരം സ്വദേശി ജയന്‍, വടകര സ്വദേശി ആബേഷ്, കോഴിക്കോട് സ്വദേശി ജിതിന്‍ രാജ് എന്നിവരെക്കുറിച്ചും എക്‌സൈസിന് വിവരം ലഭിച്ചിട്ടുണ്ട്. കേരളത്തിലെത്തിച്ച കഞ്ചാവ് കൊല്ലം, ആലപ്പുഴ, ചിറയന്‍കീഴ് എന്നിവിടങ്ങളിലെ ഗോഡൗണുകളില്‍ സൂക്ഷിക്കാനായിരുന്നു പദ്ധതിയെന്നാണ് വിവരം.
ബംഗളൂരു കേന്ദ്രമാക്കിയുള്ള ലഹരിമരുന്നു ലോബിയും കഞ്ചാവ് കടത്തിന് പിന്നിലുണ്ടെന്നാണ് എക്‌സൈസിന് ലഭിച്ച സൂചന. ഇതിന്റെ ഭാഗമായി അന്വേഷണം ബംഗളൂരുവിലേക്കും വ്യാപിപ്പിക്കും. ആബേഷ്, ജയന്‍ എന്നിവരാണ് തിരുവനന്തപുരത്തെ ഏജന്റുമാര്‍ എന്നാണ് വിവരം. എന്നാല്‍ ലോറിയടക്കം എക്‌സൈസ് സംഘത്തിന്റെ പിടിയിലായതോടെ ഇവര്‍ മൊബൈല്‍ ഓഫാക്കി മുങ്ങുകയായിരുന്നു. കടത്തിക്കൊണ്ടു വന്ന കഞ്ചാവില്‍ 300 കിലോ തൃശൂര്‍ സ്വദേശിക്കും 100 കിലോ കോഴിക്കോട് സ്വദേശിക്കുമായി കൈമാറാനായിരുന്നു പദ്ധതിയെന്ന് എക്‌സൈസ് പറഞ്ഞു.
രണ്ട് കിലോ മുതല്‍ അഞ്ച് കിലോ വരെയുള്ള പൊതികളാക്കി കണ്ടെയ്‌നര്‍ ലോറിയുടെ ഡ്രൈവര്‍ ക്യാബിന് മുകളിലെ രഹസ്യ അറയില്‍ ഒളിപ്പിച്ച നിലയിലായിരുന്നു കഞ്ചാവ് കടത്താന്‍ ശ്രമിച്ചത്. തിരുവനന്തപുരം റേഞ്ച് എക്‌സൈസ് അസി. കമ്മിഷണര്‍ക്കാണ് നിലവില്‍ അന്വേഷണ ചുമതല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."