വരള്‍ച്ചയും ചൂടുകാറ്റും: രാജ്യത്തെ റിസര്‍വോയറുകളില്‍ ജലവിതാനം കുറയുന്നു
ന്യൂഡല്‍ഹി: കടുത്ത വരള്‍ച്ചയും ചൂടുകാറ്റും കാരണം രാജ്യത്തിന്റെ പകുതിയോളം സംസ്ഥാനങ്ങളിലെ റിസര്‍വോയറുകളില്‍ ജലവിതാനം 21 ശതമാനത്തോളം കുറഞ്ഞു. കഴിഞ്ഞ 10 വര്‍ഷത്തിനുള്ളിലുണ്ടായ ഏറ്റവും കുറവാണ് ഇതെന്നാണ് വിലയിരുത്തല്‍. മഹാരാഷ്ട്രയിലെ റിസര്‍വോയറുകളില്‍ സാധാരണയേക്കാള്‍ 40 ശതമാനത്തിന്റെ കുറവാണ് ഉണ്ടായിരിക്കുന്നതെന്ന് കേന്ദ്ര ജലകമ്മിഷന്‍ പുറത്തിറക്കിയ കണക്കില്‍ വ്യക്തമാക്കുന്നു. ഗുജറാത്തില്‍ 29 ശതമാനവും ഉത്തര്‍പ്രദേശില്‍ 37 ശതമാനവും ആന്ധ്രയില്‍ 84 ശതമാനവും തെലങ്കാനയില്‍ 28 ശതമാനവും തമിഴ്‌നാട്ടില്‍ 19 ശതമാനവും കുറവാണ് ഉണ്ടായിരിക്കുന്നത്. രാജസ്ഥാനില്‍ ആറ് ശതമാനവും ഛത്തിസ്ഗഡിലും മധ്യപ്രദേശിലും നാല് ശതമാനത്തില്‍ താഴെയാണ് റിസര്‍വോയറിലെ കുറവ് രേഖപ്പെടുത്തിയത്.
സിന്ധു, നര്‍മദ തുടങ്ങിയ നദികള്‍ ഒഴികെയുള്ള നദികളില്‍ വെള്ളത്തിന്റെ തോത് വലിയതോതില്‍ കുറഞ്ഞിട്ടുണ്ടെന്നും കേന്ദ്ര ജലകമ്മിഷന്റെ കണക്കില്‍ വ്യക്തമാക്കുന്നുണ്ട്. ഗുജറാത്തിലെ കച്ച്, താപി, സബര്‍മതി, ദക്ഷിണേന്ത്യയിലെ കൃഷ്ണ, ഗോദാവരി, കാവേരി, ഛത്തിസ്ഗഡില്‍നിന്ന് ഒഡിഷയിലുടെ ഒഴുകി കടലില്‍ പതിക്കുന്ന മഹാനദി എന്നിവയിലെല്ലാം വലിയതോതില്‍ ജലവിതാനം കുറഞ്ഞിട്ടുള്ളത്.
വരള്‍ച്ച രൂക്ഷമായ സാഹചര്യത്തില്‍ മഹാരാഷ്ട്ര, ആന്ധ്രാപ്രദേശ്, ഗുജറാത്ത് സംസ്ഥാനങ്ങളിലെ ചെറിയ ഡാമുകളില്‍ പലതും വറ്റിക്കഴിഞ്ഞിട്ടുണ്ട്. ഇവയെക്കുറിച്ച് കേന്ദ്ര ജലകമ്മിഷന്‍ പറയുന്നില്ലെങ്കിലും ഗുരുതരമായ സാഹചര്യമാണ് നിലവിലുള്ളതെന്നാണ് വിലയിരുത്തല്‍.
കേന്ദ്ര ജലകമ്മിഷന്‍ വലിയ ഡാമുകളെക്കുറിച്ച് മാത്രമാണ് നിരീക്ഷിക്കുന്നത്. വേനല്‍ മഴയില്‍ 27 ശതമാനത്തിന്റെ കുറവാണ് ഉണ്ടായിരിക്കുന്നത്. ഇത് കാര്‍ഷിക മേഖലക്ക് ഗുരുതരമായ പ്രത്യാഘാതമാണ് ഉണ്ടാക്കുകയെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രവും പറയുന്നു.
രാജ്യത്തെ പകുതിയോളം സംസ്ഥാനങ്ങളും വരള്‍ച്ചയുടെ വക്കിലാണെന്നാണ് ഗാന്ധിനഗറിലെ ഐ.ഐ.ടിയിലെ ശാസ്ത്രജ്ഞര്‍ പറയുന്നത്. 50 ശതമാനം ജനങ്ങളില്‍ 16 ശതമാനവും അസാധാരണമാംവിധം വരള്‍ച്ചയുടെ ഇരകളാണെന്ന് ഐ.ഐ.ടിയിലെ അസോസിയേറ്റ് പ്രൊഫ. വിമല്‍ മിശ്ര പറയുന്നു. മെയ്, ജൂണ്‍ മാസങ്ങളിലും മഴയുടെ കുറവുണ്ടായാല്‍ വരള്‍ച്ചയുടെ ഭീകരത പറഞ്ഞറിയിക്കാന്‍ പറ്റാത്ത അവസ്ഥയിലായിരിക്കുമെന്നും അദ്ദേഹം മുന്നറിയിപ്പ് നല്‍കുന്നു.
വരള്‍ച്ചയെ തുടര്‍ന്നുള്ള ചൂടുകാറ്റ് ആന്ധ്ര, ബിഹാര്‍, ഗുജറാത്ത്, ജാര്‍ഖണ്ഡ്, കര്‍ണാടക, മഹാരാഷ്ട്ര, വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളിലെ ചില ഭാഗങ്ങള്‍, രാജസ്ഥാന്‍, തമിഴ്‌നാട്, തെലങ്കാന സംസ്ഥാനങ്ങളെ കടുത്ത പ്രതിസന്ധിയിലാക്കുകയാണ്. രാജ്യത്തെ ജനസംഖ്യയില്‍ 40 ശതമാനവും ഈ സംസ്ഥാനങ്ങളിലാണുള്ളത്. സമതല മേഖലയില്‍ 40 ഡിഗ്രിക്ക് മുകളില്‍ ചൂടുകൂടിയാല്‍ അതിനെ ചൂടുകാറ്റ് മേഖലയായിട്ടാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം പരിഗണിക്കുന്നത്. ഇത് തീരദേശ മേഖലയില്‍ 37 ഡിഗ്രിയിലും മലമ്പ്രദേശങ്ങളില്‍ 30 ഡിഗ്രിയിലുമാണ് പരിഗണിക്കുന്നത്.
മഹാരാഷ്ട്രയിലെ വിദര്‍ഭ മേഖലയിലും വരള്‍ച്ച രൂക്ഷമാണ്. 1972ലാണ് ഇതേ സാഹചര്യമുണ്ടായതെന്നാണ് പറയപ്പെടുന്നത്. മധ്യപ്രദേശില്‍ 119 തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്ക് കീഴിലുള്ള 4,000 ഗ്രാമങ്ങളില്‍ കുടിവെള്ളക്ഷാമം രൂക്ഷമാണ്.
1871ന് ശേഷം എല്‍നിനോ പ്രതിഭാസത്തിനെ തുടര്‍ന്ന് ആറ് തവണയാണ് ഏറ്റവും ഗുരുതരമായ രീതിയില്‍ വരള്‍ച്ച ഉണ്ടായത്. 2016ലും എല്‍നിനോ പ്രതിഭാസത്തെ തുടര്‍ന്ന് ഇന്ത്യയടക്കം ലോകത്തിലെ വിവിധ രാജ്യങ്ങളില്‍ വരള്‍ച്ച രൂക്ഷമാക്കിയിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."