തദ്ദേശ സ്വയംഭരണ വകുപ്പിന് മനുഷ്യാവകാശ കമ്മിഷന്റെ വിമര്‍ശനം
തിരുവനന്തപുരം: കിഴക്കേക്കോട്ടയിലെ അപകടമരണങ്ങള്‍ ഒഴിവാക്കുന്നതിനായി മനുഷ്യാവകാശ കമ്മിഷന്റെ നിര്‍ദ്ദേശാനുസരണം ട്രിഡ നിര്‍മിക്കാന്‍ തീരുമാനിച്ച തമ്പാനൂര്‍ മുതല്‍ കിഴക്കേക്കോട്ട വരെ കാല്‍നടയാത്രക്കാര്‍ക്കുള്ള ആകാശപ്പാതയ്ക്ക് (സ്‌കൈവാക്ക്) അനുമതി നല്‍കാത്ത തദ്ദേശ സ്വയംഭരണ വകുപ്പ് സെക്രട്ടറിക്ക് കമ്മിഷന്റെ വിമര്‍ശനം. നിരന്തരമായി അപകട മരണങ്ങള്‍ നടന്നിട്ടും സര്‍ക്കാര്‍ ഇക്കാര്യത്തില്‍ കാര്യക്ഷമമായി ഇടപെടാത്തത് ഖേദകരമാണെന്ന് കമ്മിഷന്‍ അധ്യക്ഷന്‍ ജസ്റ്റിസ് ആന്റണി ഡൊമനിക് ഉത്തരവില്‍ പറഞ്ഞു. വര്‍ക്കേഴ്‌സ് കോ-ഓര്‍ഡിനേഷന്‍ കൗണ്‍സില്‍ സെക്രട്ടറി കെ.പി. ഗോപകുമാര്‍ സമര്‍പ്പിച്ച പരാതിയിലാണ് ഉത്തരവ്.
തദ്ദേശ സ്വയംഭരണ വകുപ്പിന് തിരുവനന്തപുരം വികസന അതോറിറ്റി (ട്രിഡ) 2018 സെപ്റ്റംബര്‍ 3, നവംബര്‍ 22, ഡിസംബര്‍ 26 തിയതികളില്‍ അയച്ച കത്തുകളിന്‍മേല്‍ സ്വീകരിച്ച നടപടികള്‍ തദ്ദേശ സ്വയംഭരണ വകുപ്പ് സെക്രട്ടറി മനുഷ്യാവകാശ കമ്മിഷനെ അടിയന്തിരമായി അറിയിക്കണമെന്ന് കമ്മിഷന്‍ ആവശ്യപ്പെട്ടു.
പഴവങ്ങാടി മുതല്‍ ഗാന്ധിപാര്‍ക്ക് വരെയുള്ള ഭാഗത്താണ് ഏറ്റവുമധികം അപകടങ്ങള്‍ ഉണ്ടാകുന്നതെന്ന് കേരള റോഡ് ഫണ്ട് ബോര്‍ഡ് കമ്മിഷനെ അറിയിച്ചു.
ഇവിടെ കെ.എസ്.ആര്‍.ടി. സി, സ്വകാര്യ ബസുകള്‍ റോഡില്‍ നിര്‍ത്തിയാണ് യാത്രക്കാരെ കയറ്റുന്നതും ഇറക്കുന്നതും. ഇത് അപകട സാധ്യത വര്‍ധിപ്പിക്കുന്നു. മേല്‍പ്പാലമോ അടിപ്പാതയോ നിര്‍മിക്കുന്നത് സംബന്ധിച്ച് ഉചിതമായ തീരുമാനമെടുക്കണമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
കമ്മിഷന്‍ 2018 മാര്‍ച്ച് 23ന് പാസാക്കിയ ഉത്തരവിന്റെ അടിസ്ഥാനത്തില്‍ ആകാശപ്പാത നിര്‍മിക്കാന്‍ ട്രിഡ തീരുമാനിച്ചെങ്കിലും തദ്ദേശ സ്വയംഭരണ വകുപ്പ് അനുമതി നല്‍കിയില്ലെന്ന് ട്രിഡ കമ്മിഷനെ അറിയിച്ചു. ആകാശപ്പാത പദ്ധതിയുടെ നടത്തിപ്പ് ഏജന്‍സിയുടെ കാര്യത്തില്‍ തീരുമാനമെടുക്കാനാണ് സര്‍ക്കാരിലേക്ക് ട്രിഡ കത്ത് എഴുതിയത്. അശാസ്ത്രീയമായ ട്രാഫിക് പരിഷ്‌ക്കാരങ്ങളാണ് അപകട മരണങ്ങള്‍ക്ക് കാരണമെന്ന് സര്‍ക്കാര്‍ ഏജന്‍സികള്‍ സമ്മതിച്ചിട്ടുള്ളതായി കമ്മിഷന്‍ ഉത്തരവില്‍ പറഞ്ഞു. ജൂണില്‍ കേസ് വീണ്ടും പരിഗണിക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."