ഉ.കൊറിയന്‍ ആണവ ചര്‍ച്ച വഴിമുട്ടാന്‍ കാരണം ചൈനയെന്ന് ട്രംപ്
വാഷിങ്ടണ്‍: ഉത്തര കൊറിയയുമായുള്ള ആണവ നിരായുധീകരണ ചര്‍ച്ചകള്‍ വഴിമുട്ടിയതിന്റെ പഴി ചൈനയ്ക്കുമേല്‍ വച്ചുകെട്ടി അമേരിക്ക. ചര്‍ച്ചയില്‍നിന്നു പിന്മാറുമെന്ന് ഉ.കൊറിയന്‍ വൃത്തങ്ങള്‍ മുന്നറിയിപ്പ് നല്‍കിയതിനു പിറകെയാണ് ചൈനയെ പ്രതിക്കൂട്ടിലാക്കി യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് രംഗത്തെത്തിയത്.
തുടരെയുള്ള ട്വീറ്റുകളിലൂടെയായിരുന്നു ട്രംപിന്റെ പ്രതികരണം. ഉ.കൊറിയക്കുമേല്‍ ചൈനയുടെ ശക്തമായ സമ്മര്‍ദമുണ്ടെന്നു തന്നെ ഉറച്ചുവിശ്വസിക്കുന്നു. തങ്ങളുമായുള്ള വ്യാപാരതര്‍ക്കങ്ങളാണ് ചൈനയെ ഇത്തരമൊരു നടപടിയിലേക്കു നയിച്ചത്. ഇതോടൊപ്പം ചൈന ഉ.കൊറിയക്ക് സാമ്പത്തിക, ഇന്ധന ചരക്കുകള്‍ അടക്കം കാര്യമായ സഹായം തന്നെ നല്‍കുന്ന കാര്യം തങ്ങള്‍ക്ക് അറിയാം. ഇതു കാര്യങ്ങള്‍ ശരിയാംവിധം മുന്നോട്ടുപോകാന്‍ നന്നല്ല-ട്രംപ് ട്വീറ്റ് ചെയ്തു.
അതേസമയം, ഉ.കൊറിയന്‍ ഭരണാധികാരി കിം ജോങ് ഉന്നുമായി ഊഷ്മളമായ ബന്ധം ഇപ്പോഴും തുടരുന്നതായും ട്രംപ് വ്യക്തമാക്കി. എന്നാല്‍, ദക്ഷിണ കൊറിയയുമായുള്ള സൈനികാഭ്യാസം തുടരുമെന്നും ട്രംപ് അറിയിച്ചിട്ടുണ്ട്. കിമ്മുമായുള്ള ബന്ധം നല്ല നിലക്കും ഊഷ്മളവുമാണ്. ദ.കൊറിയയുമായി ചേര്‍ന്നു നടത്തുന്ന സൈനികാഭ്യാസത്തിന് വന്‍തുക വകയിരുത്താന്‍ ഇപ്പോള്‍ യാതൊരു കാരണവുമില്ല. അതോടൊപ്പം പ്രസിഡന്റ് വിചാരിച്ചാല്‍ ദ.കൊറിയയുമായും ജപ്പാനുമായും സംയുക്ത സൈനികാഭ്യാസം ഉടന്‍ തന്നെ പുനരാരംഭിക്കാനും സാധ്യമാണ്. യു.എസ്-ചൈന വ്യാപാരതര്‍ക്കങ്ങളും മറ്റ് അഭിപ്രായ ഭിന്നതകളും പ്രസിഡന്റ് ട്രംപും ചൈനയുടെ ശക്തനായ പ്രസിഡന്റ് ഷി ജിന്‍പിങ്ങും ചര്‍ച്ച ചെയ്തു പരിഹരിക്കും. ഇരുവരും തമ്മിലുള്ള ബന്ധം ശക്തമായി തന്നെ തുടരുമെന്നും ട്വീറ്റില്‍ കൂട്ടിച്ചേര്‍ത്തു.
എന്നാല്‍, ഉ.കൊറിയയുമായുള്ള ബന്ധം വഷളായതിന് തങ്ങള്‍ക്കുമേല്‍ അമേരിക്ക പഴി ചാര്‍ത്തുകയാണെന്ന് ചൈന പ്രതികരിച്ചു. ജൂണില്‍ സിംഗപ്പൂരില്‍ വച്ച് ട്രംപും കിമ്മും നടത്തിയ ചരിത്രം കുറിച്ച കൂടിക്കാഴ്ചയില്‍ കൊറിയന്‍ ഭൂഖണ്ഡത്തിന്റെ സമ്പൂര്‍ണ ആണവ നിരായുധീകരണത്തിനു തീരുമാനമായതാണ്. നിലവില്‍ ഉ.കൊറിയയില്‍നിന്ന് ആണവ ഭീഷണികളൊന്നുമില്ലെന്ന് ട്രംപ് കൂടിക്കാഴ്ചയ്ക്കു ശേഷം പ്രതികരിക്കുകയും ചെയ്തു. എന്നാല്‍, ഇതുമായി മുന്നോട്ടുപോകുന്ന കാര്യത്തില്‍ അമേരിക്കയ്ക്കു വിജയിക്കാനായില്ല. ഇതോടെയാണു പഴി ചൈനയ്ക്കുമേല്‍ വച്ചുകെട്ടാന്‍ അമേരിക്ക ശ്രമിക്കുന്നതെന്നും ചൈനീസ് വൃത്തങ്ങള്‍ ആരോപിച്ചു.
കഴിഞ്ഞ ദിവസം യു.എസ് വിദേശകാര്യ സെക്രട്ടറി മൈക്ക് പോംപിയോ ഉ.കൊറിയയിലേക്കു നടത്താനിരുന്ന യാത്ര റദ്ദാക്കിയിരുന്നു. ആണവ നിരായുധീകരണത്തില്‍ ഉ.കൊറിയക്ക് ഏറെ മുന്നോട്ടുപോകാനായിട്ടില്ലെന്ന് ആരോപിച്ചായിരുന്നു ഇത്. നേരത്തെ, ചര്‍ച്ചയില്‍നിന്ന് പിന്‍വാങ്ങുമെന്ന് പോംപിയോക്ക് നേരിട്ട് അയച്ച കത്തിലാണ് ഉ.കൊറിയന്‍ വൃത്തങ്ങള്‍ മുന്നറിയിപ്പ് നല്‍കിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."