കാര്‍ഷികമേഖലയിലെ നാശം: ഇനി കേരളത്തിന് ആശ്രയം ഇതരസംസ്ഥാനങ്ങള്‍
കൊച്ചി: കാര്‍ഷിക മേഖലയില്‍ പ്രളയം വരുത്തിയ നഷ്ടം ഭക്ഷ്യമേഖലയില്‍ സ്വയം പര്യാപ്തയ്ക്കായി സംസ്ഥാനത്ത് നടത്തിയ എല്ലാ ശ്രമങ്ങളെയും ഇല്ലാതാക്കി. വരുംനാളുകളില്‍ പൂര്‍ണമായും കേരളത്തിന് ഭക്ഷ്യവിഭവങ്ങള്‍ക്ക് ഇതരസംസ്ഥാനങ്ങളെ ആശ്രയിക്കേണ്ട അവസ്ഥയാണ്. കേരളത്തിന്റെ പ്രധാന ഭക്ഷ്യവിഭവമായ അരിക്ക് പൂര്‍ണമായും മറ്റും സംസ്ഥാനങ്ങളെ ആശ്രയിക്കേണ്ടിവരും. കുട്ടനാട്ടില്‍ നെല്‍കൃഷി പൂര്‍ണമായും നശിക്കുകയും അടുത്തഘട്ട പുഞ്ചകൃഷി കൂടുതല്‍ പ്രതിസന്ധിയിലാകുകയും ചെയ്തു. ഏറ്റവും കൂടുതല്‍ കൃഷിനാശമുണ്ടായത് കുട്ടനാട് ഉള്‍പ്പെടുന്ന ആലപ്പുഴ, കോട്ടയം,പത്തനംതിട്ട, ഇടുക്കി, തൃശൂര്‍, വയനാട്, പാലക്കാട് ജില്ലകളിലാണ്. കുട്ടനാട്ടിലാണ് നെല്‍കൃഷി വലിയ തോതില്‍ നഷ്ടമായത്.
പ്രാഥമിക കണക്കുകള്‍ പ്രകാരം 1368 കോടി രൂപയുടെ കൃഷിനാശമാണ് ഉണ്ടായിരിക്കുന്നത്. മൊത്തം 57,024 ഹെക്ടര്‍ കൃഷിയാണ് മലവെള്ളപാച്ചിലില്‍ ഒലിച്ചുപോയത്. ഇതില്‍ നെല്‍കൃഷി മാത്രം 25,457 ഹെക്ടര്‍ വരുമെന്നാണ് കണക്ക്. കുട്ടനാട്, അപ്പര്‍കുട്ടനാട് മേഖലയില്‍ നെല്‍കൃഷി പൂര്‍ണമായും നശിച്ചു. കുട്ടനാട്ടിലുണ്ടായ ആദ്യവെള്ളപൊക്കത്തില്‍തന്നെ ഏഴായിരം ഹെക്ടര്‍ നെല്‍കൃഷി നഷ്ടമായിരുന്നു. ഇപ്പോള്‍ കുട്ടനാട്ടിലെയും അപ്പര്‍കുട്ടനാട്ടിലെയും 28 ഗ്രാമപഞ്ചായത്തുകളിലായി നടത്തിയിരുന്ന 11,000 ഹെക്ടറിലധികം നെല്‍കൃഷിയാണ് നശിച്ചിരിക്കുന്നത്. കുട്ടനാട്ടില്‍ ആദ്യഘട്ട വെള്ളപൊക്കത്തില്‍ 60 ബണ്ടുകള്‍ മാത്രമായിരുന്നു തകര്‍ന്നിരുന്നത്. ഇത് പുനഃസ്ഥാപിക്കുന്നതിനിടയിലാണ് വീണ്ടും ദുരന്തമുണ്ടായത്. ഇതുവഴി ബണ്ടുകള്‍ പൂര്‍ണമായും നശിക്കുകയും മടവീഴുകയും ചെയ്തു. വലിയ വിളവെടുപ്പുണ്ടാകുന്ന പുഞ്ച കൃഷി ഒക്ടോബര്‍, നവംബര്‍ മാസങ്ങളിലായാണ് നടക്കേണ്ടത്. ഇതിനായി കര്‍ഷകര്‍ ശേഖരിച്ച വിത്തുകള്‍ ഉള്‍പ്പടെ നഷ്ടപ്പെട്ടു.
2015 -16 കാലയളവില്‍ 31,724 ഹെക്ടര്‍ നെല്‍കൃഷിയായിരുന്നു കേരളത്തില്‍ നടത്തിയിരുന്നത്. കാര്‍ഷികമേഖലയില്‍ കൂടുതല്‍ ആവേശം സൃഷ്ടിച്ചുകൊണ്ട് ഇത് കഴിഞ്ഞവര്‍ഷം 32,453 ഹെക്ടറിലേക്ക് വ്യാപിപ്പിക്കാന്‍ കഴിഞ്ഞിരുന്നു. 89,335 ടണ്ണില്‍ നിന്ന് 1,02433 ടണ്ണായി നെല്‍ഉല്‍പാദനം വര്‍ധിപ്പിക്കാനും കേരളത്തിന് കഴിഞ്ഞിരുന്നു.
നെല്‍ഉല്‍പാദനമേഖലയിലെ മുന്നേറ്റം പ്രളയത്തോടെ നിശ്ചലമായിരിക്കുകയാണ്. വയനാട്, ഇടുക്കി ജില്ലകളിലെ കൃഷിനാശം സുഗന്ധവ്യഞ്ജന മേഖലയെയും പൂര്‍ണമായും തകര്‍ത്തിരിക്കുകയാണ്. കുരുമുളക്, ഇഞ്ചി, ഏലം കൃഷിയെ സാരമായി ബാധിച്ചു. മരച്ചീനി, വാഴ, പൈനാപ്പിള്‍ തുടങ്ങിയ മേഖലകളിലെല്ലാം വലിയ നഷ്ടമാണ് വിലയിരുത്തിയിരിക്കുന്നത്.
പച്ചക്കറി മേഖലയില്‍ കേരളം നടത്തിയ പ്രവര്‍ത്തനങ്ങളെയും പ്രളയം പിറകോട്ട് അടിച്ചിരിക്കുകയാണ്. എറണാകുളം, തൃശൂര്‍, ആലപ്പുഴ ,ഇടുക്കി മേഖലയിലെല്ലാം പച്ചക്കറി കൃഷിക്ക് വ്യാപകമായ നാശനഷ്ടമുണ്ടായി. പ്രളയത്തെതുടര്‍ന്ന് മണ്ണിന്റെ ഘടനയിലുണ്ടായ മാറ്റവും വിശദമായി പരിശോധിക്കേണ്ട സാഹചര്യമാണ്. കൃഷിക്ക് പുറമേ സംസ്ഥാനത്തെ അരിമില്ലുകളില്‍ 70 ശതമാനവും സ്ഥിതിചെയ്യുന്ന കാലടി, പെരുമ്പാവൂര്‍ മേഖലയില്‍ ഉണ്ടായ ദുരന്തം നിലവിലുണ്ടായിരുന്ന സംഭരണത്തെയും തകര്‍ത്തു. 160 കോടി രൂപയുടെ നഷ്ടമാണ് പെരിയാര്‍ തീരത്തെ മില്ലുകളില്‍ പ്രാഥമികമായി വിലയിരുത്തിയിരിക്കുന്നത്.
മില്ലുകള്‍ പൂര്‍ണമായും വെള്ളത്തിലായതിനെ തുടര്‍ന്ന് യന്ത്രങ്ങള്‍ക്കുണ്ടായ നഷ്ടം ഏറെ വലുതാണ്. കൂടാതെ റേഷന്‍കടകളുടെ 2402 മെട്രിക് ടണ്‍ ഭക്ഷ്യവിഭവങ്ങളും നഷ്ടമായി. കേരളത്തിന്റെ കാര്‍ഷിക മേഖല വീണ്ടെടുക്കുന്നതുവരെ ഇതരസംസ്ഥാനങ്ങളെ പൂര്‍ണമായും ആശ്രയിക്കേണ്ട സാഹചര്യമാണ് നിലനില്‍ക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."