വൈകല്യത്തെ തോല്‍പിച്ച് അനഘയുടെ സംഗീതം
കക്കട്ടില്‍: ജന്മനാ കാഴ്ച പരിമിധിയും പരസഹായമില്ലാതെ ചലിക്കാനും കഴിയാത്ത അനഘ കൈവേലി എന്ന പതിമൂന്നുകാരി ഇമ്പമാര്‍ന്ന പാട്ടുകള്‍ പാടി സംഗീത ആസ്വാദകരുടെ മനം കവരുന്നു. നരിപ്പറ്റ പഞ്ചായത്തിലെ കൈവേലി താവുള്ളകൊല്ലി സ്വദേശി ഗംഗാധരന്റെയും റീജയുടെയും മൂത്ത മകളാണ് അനഘ.
കൂലിപ്പണിക്കാരനായ അച്ചന്റെയും കക്കട്ടിലെ വ്യാപാര സ്ഥാപനത്തില്‍ ജോലി ചെയ്യുന്ന അമ്മയുടെയും സഹായവും കുന്നുമ്മല്‍ ബി.ആര്‍.സിയിലെ അധ്യാപകരുടെയും ജീവനക്കാരുടെയും പ്രോത്സാഹനവും അനഘയുടെ സംഗീത താല്‍പ്പര്യത്തിന് പ്രചോദനമായി. കുന്നുമ്മല്‍ ബി.ആര്‍.സി.യിലെ ആദിത് അനഘയുടെ പഠന കാര്യങ്ങളില്‍ പ്രത്യേകം ശ്രദ്ധിക്കുകയും, ബി.ആര്‍.സിയുടെ ആഭിമുഖ്യത്തില്‍ ഡ്രീംസ് ഓണ്‍ വീല്‍ എന്ന പദ്ധതിയില്‍ ഉള്‍പ്പെടുത്തി പാറക്കല്‍ അബ്ദുല്ല എം.എല്‍.എയുടെയും കുന്നുമ്മല്‍ ബ്ലോക്കിന്റെയും സഹായത്തോടെ സംഘടിപ്പിച്ച ആകാശയാത്രയില്‍ ഡല്‍ഹി, ആഗ്ര, തിരുവനന്തപുരം എന്നിവിടങ്ങളില്‍ പോവാന്‍ അവസരം ലഭിച്ചത് സന്തോഷത്തോടെ ഓര്‍ക്കുന്നു അനഘ. പാട്ടുകള്‍ കേട്ടു പഠിച്ച അനഘ അഞ്ചാമത്തെ വയസിലാണ് ആദ്യമായി വേദിയില്‍ പാടിയത്. ഫ്‌ളവേഴ്‌സ് ചാനലിലെ കോമഡി ഉത്സവത്തില്‍ പങ്കെടുത്തതോടെ പ്രശസ്തയായ അനഘക്ക് ഇന്ന് തിരക്കിട്ട പരിപാടികളാണ്. കഴിഞ്ഞ ദിവസം അനഘയുടെ വിദ്യാലയത്തില്‍ നടന്ന 'അമൃതസ്മൃതി' പൂര്‍വവിദ്യാര്‍ഥി സംഗമത്തില്‍ അനഘയെ ആദരിച്ചു. നിരവധി വേദികളില്‍ പാടിയ അനഘക്ക് അംഗീകാരങ്ങളും ലഭിച്ചിട്ടുണ്ട്. സഹോദരി അഘന്യ ബിരുദ വിദ്യാര്‍ഥിനിയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."