വിദ്യാര്‍ഥി സമരങ്ങള്‍ ഫലം കണ്ടു; കാലിക്കറ്റില്‍ മൂന്നാം സെമസ്റ്റര്‍ ബി.കോമിന് പുനഃപരീക്ഷയില്ല
തേഞ്ഞിപ്പലം: കാലിക്കറ്റ് സര്‍വകലാശാല നാല് മാസം മുന്‍പ് നടത്തിയ ബി.കോം മൂന്നാം സെമസ്റ്റര്‍ കോര്‍പറേറ്റ് അക്കൗണ്ടിങ് പരീക്ഷ വീണ്ടും നടത്താനുള്ള ശ്രമം സര്‍വകലാശാല പിന്‍വലിച്ചു. അധികൃതരുടെ വീഴ്ചക്ക് വിദ്യാര്‍ഥികളെ ബലിയാടാക്കാനുള്ള നീക്കത്തിനെതിരേ വിദ്യാര്‍ഥി സംഘടനകള്‍ ശക്തമായ സമരമുറകളുമായി രംഗത്തെത്തിയിരുന്നു.
സംഭവം വിവാദമായതോടെ ഇന്നലെ ചേര്‍ന്ന പരീക്ഷാ സമിതിയാലാണ് പരീക്ഷ നടത്തേണ്ടതില്ലെന്ന തീരുമാനമെടുത്തത്. 52 മാര്‍ക്കിന്റെ ചോദ്യങ്ങള്‍ സിലബസിന് പുറത്തു നിന്നുള്ളതായിരുന്നു.
സിലബസില്‍ നിന്നുള്ള ചോദ്യങ്ങളുടെ അടിസ്ഥാനത്തില്‍ മൂല്യനിര്‍ണയം നടത്തി പരീക്ഷാ ഫലം പ്രഖ്യാപിക്കാന്‍ സിന്‍ഡിക്കേറ്റിന്റെ പരീക്ഷാ സ്റ്റാന്‍ഡിങ് കമ്മിറ്റി തീരുമാനിച്ചു. സിലബസിന് പുറത്ത്നിന്ന് പകുതിയിലേറെ ചോദ്യങ്ങളും വന്നതില്‍ വിദ്യാര്‍ഥികള്‍ കുറ്റക്കാരല്ലെന്നും ചോദ്യപേപ്പര്‍ തയാറാക്കിയവരാണ് ഉത്തരവാദികളെന്നും ചൂണ്ടിക്കാട്ടി എസ്.എഫ്.ഐ, എം.എസ്.എഫ്, കെ.എസ്.യു സംഘടനകളാണ് ശക്തമായ സമരവുമായി കഴിഞ്ഞ ദിവസങ്ങളില്‍ രംഗത്തുവന്നിരുന്നത്. പരീക്ഷാ സ്റ്റാന്‍ഡിങ് കമ്മിറ്റിയുടെ നിലവിലെ തീരുമാനത്തെ വിദ്യാര്‍ഥി സംഘടനകള്‍ സ്വാഗതം ചെയ്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."