കെ.എസ്.ആര്‍.ടി.സി കൊയിലാണ്ടി-പെരിന്തല്‍മണ്ണ ചെയിന്‍ സര്‍വിസിന് തുടക്കം; കാത്തിരുന്ന ബസ് എത്തി
താമരശ്ശേരി: നീണ്ട കാത്തിരിപ്പിനൊടുവില്‍ കെ.എസ്.ആര്‍.ടി.സിയുടെ കൊയിലാണ്ടി-താമരശ്ശേരി-പെരിന്തല്‍മണ്ണ ചെയിന്‍ സര്‍വിസ് യാഥാര്‍ഥ്യമായി. അര മണിക്കൂര്‍ ഇടവിട്ടാണ് കൊയിലാണ്ടിയില്‍നിന്നും പെരിന്തല്‍മണ്ണയില്‍ നിന്നും ടൗണ്‍ ടു ടൗണ്‍ സര്‍വിസ് നടത്തുന്നത്. 10 വര്‍ഷം മുന്‍പാണ് കൊയിലാണ്ടി-താമരശ്ശേരി-പെരിന്തല്‍മണ്ണ റൂട്ടില്‍ ചെയിന്‍ സര്‍വിസ് ആരംഭിക്കുമെന്ന് കെ.എസ്.ആര്‍.ടി.സി പ്രഖ്യാപിച്ചത്. വര്‍ഷങ്ങള്‍ക്ക്് മുന്‍പ് താമരശ്ശേരി ഡിപ്പോയില്‍നിന്ന് ഒരു ബസ് സര്‍വിസ് ആരംഭിക്കുകയും ചെയ്തിരുന്നു. എന്നാല്‍ ആവശ്യത്തിന് ബസുകള്‍ അനുവദിക്കാത്തതിനാല്‍ സര്‍വിസ് തുടരാനായില്ല. സ്വകാര്യ ബസ് ലോബിയുടെ ഇടപെടലാണ് ചെയിന്‍ സര്‍വിസ് മുടങ്ങാന്‍ കാരണമെന്ന ആക്ഷേപവും ഉയര്‍ന്നിരുന്നു. വര്‍ഷങ്ങളായുള്ള മുറവിളിക്കൊടുവില്‍ തിങ്കളാഴ്ച രാവിലെ ആരംഭിച്ച സര്‍വിസിന് ആദ്യദിവസം തന്നെ മികച്ച പ്രതികരണമാണ് ലഭിച്ചത്. താമരശ്ശേരി ഡിപ്പോയില്‍നിന്ന് ഏഴു ബസുകളും പെരിന്തല്‍മണ്ണ ഡിപ്പോയില്‍നിന്ന് ഏഴു ബസുകളുമാണ് അര മണിക്കൂര്‍ ഇടവിട്ട് സര്‍വിസ് നടത്തുക. വിവിധ ഡിപ്പോകളില്‍നിന്ന് താമരശ്ശേരി, പെരിന്തല്‍മണ്ണ ഡിപ്പോകള്‍ക്ക് അഞ്ചു വീതം ബസുകള്‍ എത്തിച്ചാണ് ചെയിന്‍ സര്‍വിസ് ആരംഭിച്ചത്. കൊയിലാണ്ടിയില്‍നിന്ന് പെരിന്തല്‍മണ്ണയിലേക്ക് രാവിലെ ഏഴു മുതല്‍ രാത്രി 8.30 വരെയും പെരിന്തല്‍മണ്ണയില്‍നിന്ന് കൊയിലാണ്ടിയിലേക്ക് രാവിലെ ഏഴു മുതല്‍ വൈകിട്ട് അഞ്ചു വരെയും അരമണിക്കൂര്‍ ഇടവിട്ട് സര്‍വിസുണ്ടാകും. ഇതിനായി താമരശ്ശേരിയിനിന്ന് രാവിലെ 5.50 മുതല്‍ 8.50 വരെ അര മണിക്കൂര്‍ ഇടവിട്ട് കൊയിലാണ്ടിയിലേക്ക് ബസ് പുറപ്പെടും. വൈകിട്ട് 5.30 മുതല്‍ 8.30 വരെ പെരിന്തല്‍മണ്ണയില്‍നിന്ന് പുറപ്പെടുന്ന സര്‍വിസുകള്‍ താമരശ്ശേരിയില്‍ യാത്ര അവസാനിപ്പിക്കും.
സര്‍വിസ് ജനങ്ങള്‍ ഏറ്റെടുത്ത് കഴിഞ്ഞതായി അസി. ട്രാന്‍സ്‌പോര്‍ട്ട് ഓഫിസര്‍ നിഷില്‍ പറഞ്ഞു. കൊയിലാണ്ടിയില്‍നിന്ന് കോഴിക്കോട് വഴി പെരിന്തല്‍മണ്ണയിലേക്ക് 28 കിലോ മീറ്റര്‍ കുറവാണ് താമരശ്ശേരി വഴിയുള്ള യാത്ര. കോഴിക്കോട് നഗരത്തിലെ ഉള്‍പ്പെടെ ഗതാഗതക്കുരുക്കില്‍ അകപ്പെടില്ലെന്നതിനാല്‍ സമയ ലാഭത്തോടൊപ്പം സാമ്പത്തിക ലാഭവും ലഭിക്കും. യാത്രക്കാര്‍ ഏറെ പ്രതീക്ഷയോടെ കാണുന്ന പുതിയ സര്‍വിസിനെതിരേ സ്വകാര്യ ബസ് ലോബി രംഗത്തെത്തിയിട്ടുണ്ട്. പുതിയ സര്‍വിസ് തടസപ്പെടുത്താന്‍ എല്ലാ ശ്രമങ്ങളും നടത്തണമെന്ന് സ്വകാര്യ ബസ് ജീവനക്കാരുടെ വാട്‌സ്ആപ് ഗ്രൂപ്പുകളില്‍ സന്ദേശം പ്രചരിക്കുന്നുണ്ട്. എന്നാല്‍ എല്ലാ എതിര്‍പ്പുകളെയും ജീവനക്കാര്‍ ഒറ്റക്കെട്ടായി നേരിടുമെന്ന് അസി. ട്രാന്‍സ്‌പോര്‍ട്ട് ഓഫിസര്‍ നിഷില്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."