കൈകാലുകള്‍ ബന്ധിച്ചു; വായില്‍ തോര്‍ത്ത് തിരുകി രാത്രിമുഴുവന്‍ പീഡനം
തിരുവനന്തപുരം: കൊവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് വാങ്ങാനെത്തിയ യുവതിയെ ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ ക്രൂരമായി പീഡിപ്പിച്ചെന്ന് എഫ്.ഐ.ആര്‍.
കൈകാലുകള്‍ ബന്ധിച്ച് വായില്‍ തോര്‍ത്ത് തിരുകിക്കയറ്റിയ ശേഷമാണ് പീഡനത്തിനിരയാക്കിയതെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. ക്വാറന്റൈന്‍ ലംഘിച്ചതിന് പൊലിസിനെ വിളിച്ചുവരുത്തുമെന്ന് ഇയാള്‍ ഭീഷണിപ്പെടുത്തി.
സംഭവത്തില്‍ അറസ്റ്റിലായ കുളത്തൂപ്പുഴ സാമൂഹികാരോഗ്യ കേന്ദ്രത്തിലെ ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ കൊല്ലം മാങ്കോട് പോങ്ങുംവിള വീട്ടില്‍ പ്രദീപിനെ (44) നെടുമങ്ങാട് ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് കോടതി 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു. മലപ്പുറത്ത് ഹോം നഴ്‌സായി ജോലി ചെയ്തിരുന്ന കുളത്തൂപ്പുഴ സ്വദേശിനിയായ യുവതി നാട്ടിലെത്തി ക്വാറന്റൈനിലായിരുന്നു. കുളത്തൂപ്പുഴ സാമൂഹികാരോഗ്യ കേന്ദ്രത്തില്‍ നടത്തിയ പരിശോധനയില്‍ രോഗമില്ലെന്നു സ്ഥിരീകരിച്ചു.തുടര്‍ന്ന് കൊവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റിനായി ഹെല്‍ത്ത് ഇന്‍സ്‌പെക്ടറായ പ്രദീപിനെ ബന്ധപ്പെട്ടപ്പോള്‍ ഭരതന്നൂരിലെ തന്റെ വാടക വീട്ടില്‍ എത്തിയാല്‍ സര്‍ട്ടിഫിക്കറ്റ് നല്‍കാമെന്നറിയിച്ചു. തുടര്‍ന്ന് ഈ മാസം മൂന്നിന് ഉച്ചയ്ക്ക് ഒരു മണിയോടെ ഇവിടെയെത്തിയ യുവതിയെ പീഡനത്തിനിരയാക്കുകയായിരുന്നു.
പിന്നീട് ക്വാറന്റൈന്‍ ലംഘിച്ചതിന് പൊലിസിനെ വിളിക്കുമെന്ന് ഭീഷണിപ്പെടുത്തി. പിറ്റേന്ന് രാവിലെ എട്ടര വരെ പീഡനം തുടര്‍ന്നുവെന്നാണ് എഫ്.ഐ.ആറില്‍ പറയുന്നത്. അഞ്ചാംതിയതി വെള്ളറടയിലെ സുഹൃത്തിന്റെ വീട്ടിലെത്തിയ യുവതി അന്നു വൈകിട്ട് വെള്ളറട പൊലിസ് സ്റ്റേഷനിലെത്തി പരാതി നല്‍കുകയായിരുന്നു. ഫോറന്‍സിക് വിദഗ്ധര്‍ സ്ഥലത്തെത്തി തെളിവുകള്‍ ശേഖരിച്ചു. സംഭവത്തില്‍ കൂടുതല്‍ തെളിവുകള്‍ ലഭിക്കേണ്ടതുണ്ടെന്ന് പാങ്ങോട് പൊലിസ് അറിയിച്ചു. അതേസമയം യുവതിയെ പീഡിപ്പിച്ച സംഭവത്തില്‍ ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ പ്രദീപിനെ സര്‍വിസില്‍നിന്നു സസ്‌പെന്‍ഡ് ചെയ്യാന്‍ ആരോഗ്യ വകുപ്പു മന്ത്രി കെ.കെ. ശൈലജ ആരോഗ്യ വകുപ്പ് ഡയറക്ടര്‍ക്ക് നിര്‍ദേശം നല്‍കി. സംഭവത്തില്‍ സ്വമേധയാ കേസെടുത്ത സംസ്ഥാന വനിതാ കമ്മിഷന്‍ അടിയന്തരമായി റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ തിരുവനന്തപുരം റൂറല്‍ എസ്.പിയോട് നിര്‍ദേശിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."