ജോലികിട്ടാന്‍ കയറിയിറങ്ങേണ്ടത് അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണല്‍ മുതല്‍ സുപ്രിംകോടതി വരെ
കല്‍പ്പറ്റ: സംസ്ഥാനത്ത് സര്‍ക്കാര്‍ ജോലിയെന്ന സ്വപ്നവുമായി കഴിയുന്ന ആയിരക്കണക്കിന് ഉദ്യോഗാര്‍ഥികളുടെ ഭാവി പന്താടുന്ന സമീപനമാണ് പി.എസ്.സിയുടേതെന്ന ആക്ഷേപം ശക്തമാവുന്നു. നിരവധി ഉദ്യാഗാര്‍ഥികളാണ് പി.എസ്.സിയുടെ ഉദാസീനത കൊണ്ട് റാങ്ക് ലിസ്റ്റില്‍ ഉള്‍പ്പെട്ടിട്ടും ജോലിക്കായി നിയമ പോരാട്ടം നടത്തേണ്ട ഗതികേടിലുള്ളത്. ഇത്തരം വിഷയങ്ങളുമായി ബന്ധപ്പെട്ട് ഉദ്യോഗാര്‍ഥികള്‍ നല്‍കിയ കേസുകള്‍ കേരള അഡ്മിനിസ്‌ട്രേറ്റീവ് ട്രൈബ്യൂണല്‍ മുതല്‍ സുപ്രിം കോടതി വരെ നടക്കുന്നുണ്ട്.
റാങ്ക് ലിസ്റ്റില്‍ ഉള്‍പ്പെട്ട് സര്‍ട്ടിഫിക്കറ്റ് പരിശോധനയും കഴിഞ്ഞ ഉദ്യോഗാര്‍ഥികളെ ഒപ്പുമായി ബന്ധപ്പെട്ട സാങ്കേതിക പ്രശ്‌നം പറഞ്ഞ് കൂടിക്കാഴ്ചക്ക് വിളിക്കാത്ത സംഭവങ്ങളും കഴിഞ്ഞ രണ്ട് വര്‍ഷങ്ങളില്‍ അരങ്ങേറിയിട്ടുണ്ട്. ഇതില്‍ പലതും നിലവില്‍ കോടതികള്‍ക്ക് മുന്നിലാണുള്ളത്. എച്ച്.എസ്.എസ്.ടി കെമിസ്ട്രി തസ്തികയില്‍ അപേക്ഷിച്ച് പരീക്ഷ എഴുതി ചുരുക്കപ്പട്ടികയില്‍ ഉള്‍പ്പെട്ട ഒരു ഉദ്യോഗാര്‍ഥിയെ കൂടിക്കാഴ്ചക്ക് വിളിക്കാതെ തഴഞ്ഞതും ഇന്ന് ട്രൈബ്യൂണലിന് മുന്നിലാണ്. 2019 ഏപ്രില്‍ എട്ടിന് പി.എസ്.സിയുടെ എറണാകുളം റീജ്യനല്‍ ഓഫിസില്‍ ഹാജരായി സര്‍ട്ടിഫിക്കറ്റ് പരിശോധന നടത്തിയതാണ് ഉദ്യോഗാര്‍ഥി.
പരിശോധനക്കിടെ സെക്ഷനിലെ ഉദ്യോഗസ്ഥന്‍ ഉദ്യോഗാര്‍ഥിയോട് പ്രൊഫൈലിലെ ഒപ്പ് മാറ്റി പുതിയത് അ്പലോഡ് ചെയ്യാന്‍ ആവശ്യപ്പെട്ടു. നിര്‍ദേശത്തെ തുടര്‍ന്ന് അപ്പോള്‍ തന്നെ പുതിയ ഒപ്പ് സ്‌കാന്‍ ചെയ്ത് അപ്‌ലോഡ് ചെയ്യുകയും അന്നത്തെ തിയതിയില്‍ തന്നെ ഇവര്‍ക്ക് ഒ.റ്റി.വി(വണ്‍ ടൈം വെരിഫിക്കേഷന്‍) സര്‍ട്ടിഫിക്കറ്റ് ലഭിക്കുകയും ചെയ്തു. എന്നാല്‍ പിന്നീട് കൂടിക്കാഴ്ചക്ക് മറ്റുള്ളവര്‍ക്ക് അറിയിപ്പ് വന്നെങ്കിലും ഇവര്‍ക്ക് ലഭിച്ചില്ല. ഇതോടെ പ്രൊഫൈല്‍ പരിശോധിച്ചപ്പോള്‍ ആപ്ലിക്കേഷന്‍ റിജക്ട് എന്നാണ് കണ്ടത്. ഇതിനുള്ള കാരണമായി കാണിച്ചത് ഇന്‍വാലിഡ് സിഗ്‌നേച്ചര്‍ എന്നാണ്. ഈ വിഷയവുമായി ബന്ധപ്പെട്ട് ഉദ്യോഗാര്‍ഥി പി.എസ്.സി ചെയര്‍മാന്‍ അടക്കമുള്ളവരെ നേരിട്ടു കണ്ട് പരാതി ബോധിപ്പിച്ചെങ്കിലും ഫലമുണ്ടായില്ല. പിന്നീട് കേരള അഡ്മിന്‌സ്‌ടേറ്റ്രീവ് ട്രൈബ്യൂണലിനെ സമീപിച്ച് ഇടക്കാല ഉത്തരവ് വാങ്ങി അഭിമുഖത്തില്‍ പങ്കെടുത്തു. എന്നാല്‍ റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിച്ചപ്പോള്‍ ഉദ്യോഗാര്‍ഥിയുടെ ഫലം തടഞ്ഞു വെക്കുകയാണ് പി.എസ്.സി ചെയ്തത്.
ഒപ്പിലെ വ്യത്യാസമോ അവ്യക്തതയോ അപേക്ഷ നിരസിക്കാന്‍ പര്യാപ്തമായ കാരണമല്ലെന്നാണ് പി.എസ്.സി തന്നെ പറയുന്നത്. അപേക്ഷകള്‍ നിരുപാധികം നിരസിക്കുന്നതിനുള്ള മറ്റ് ഏഴ് കാരണങ്ങള്‍ പ്രത്യേകം വ്യക്തമാക്കുന്നുമുണ്ട്.
ഇതിന് പുറമെ വെബ്‌സൈറ്റില്‍ അപ്‌ലോഡ് ചെയ്തിട്ടുള്ള കറക്ഷന്‍ ഫോമില്‍ ഒറ്റത്തവണ രജിസ്‌ട്രേഷനില്‍ സ്വമേധയാ മാറ്റം വരുത്തുന്നതിന് സാധിക്കുമെന്നും പി.എസ്.സി പറയുന്നുണ്ട്. ഇതില്‍ മേല്‍വിലാസം, തിരിച്ചറിയല്‍ രേഖകള്‍, മൊബൈല്‍ നമ്പര്‍, ഫോട്ടോ, ഒപ്പ് എന്നിവ മാറ്റാമെന്നും വ്യക്തമാക്കുന്നുണ്ട്. ഇതിനായി ഒരു പി.എസ്.സി ഓഫിസുകളെയും സമീപിക്കേണ്ടതുമില്ല. എന്നിട്ടും ഒപ്പിലെ അവ്യക്തത പോലും അപേക്ഷ നിരസിക്കാനുള്ള കാരണമായി ചൂണ്ടിക്കാണിച്ച് നിരവധി ഉദ്യോഗാര്‍ഥികളെ വഴിയാധാരമാക്കി കൊണ്ടിരിക്കുകയാണ് പി.എസ്.സിയെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."