ചങ്ങരംകുളത്ത് സംസ്ഥാനപാതയില്‍ തട്ടുകടകള്‍ കേന്ദ്രീകരിച്ച് മോഷണം
ചങ്ങരംകുളം : ചൂണ്ടല്‍- കുറ്റിപ്പുറം സംസ്ഥാന പാതയ്ക്ക് സമീപം സ്ഥിതിചെയ്യുന്ന തട്ടുകടകള്‍ കേന്ദ്രീകരിച്ച് മോഷണങ്ങള്‍ പതിവാകുന്നു. അടച്ചുറപ്പും ആവശ്യമായ സുരക്ഷാ സംവിധാനങ്ങളും ഇല്ലാത്ത ഇത്തരം കടകള്‍ കേന്ദ്രീകരിച്ചാണ് ഇപ്പോള്‍ മോഷണം നടക്കുന്നത്.
സ്ഥിരമായി മോഷണം നടക്കുന്ന ആലംകോട് സ്വദേശി പൂവത്ത് പറമ്പില്‍ അബ്ദുവിന്റെ കടയില്‍ കഴിഞ്ഞ ദിവസവും മോഷണം നടന്നു. പ്രവാസിയായിരുന്ന അബ്ദു പ്രവാസജീവിതം അവസാനിപ്പിച്ച് കഴിഞ്ഞ എട്ടുമാസമായി സംസ്ഥാനപാതക്കരികില്‍ തട്ടുകട നടത്തുന്നുണ്ട്. ഹൃദ്രോഗിയായ അബ്ദുവിന് രണ്ടുതവണ ഹൃദയാഘാതം നേരിടേണ്ടി വന്നിട്ടുണ്ട്. സ്ഥിരമായി തന്റെ കടയില്‍ മോഷണം നടക്കുന്നത് തന്നെ വല്ലാതെ തളര്‍ത്തുന്നതായി അബ്ദു പറയുന്നു. ആദ്യതവണ മോഷണത്തില്‍ കടയില്‍ ഉപയോഗിക്കുന്ന പാത്രങ്ങളും മറ്റുമാണ് നഷ്ടപ്പെട്ടത്.
പിന്നീട് കടയില്‍ വില്‍ക്കാന്‍ എത്തിച്ച ഉല്‍പന്നങ്ങളും മോഷണംപോയി. കഴിഞ്ഞ ദിവസം കടയിലുണ്ടായിരുന്ന പത്തായം കുത്തിത്തുറന്ന് പണമാണ് മോഷ്ടിച്ചത്. കുടുംബശ്രീയില്‍നിന്നു അനുവദിച്ചുകിട്ടിയ ഒരു ലക്ഷം രൂപയുടെ ലോണ്‍ ഉപയോഗിച്ചാണ് അബ്ദു തട്ടുകട നിര്‍മിച്ചത്.
പൊലിസില്‍ പരാതി നല്‍കി. സംഭവത്തെ തുടര്‍ന്ന് പൊലിസ് പ്രദേശത്ത് മഫ്തിയില്‍ അടക്കം പട്രോളിങ്ങ് ശക്തമാക്കുമെന്ന് അറിയിച്ചിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."