ഇടുക്കി ഡാമിന്റെ ചലനവ്യതിയാന തകരാര്‍: പഠനം നടത്തണമെന്ന ശുപാര്‍ശ അവഗണിച്ചു
തൊടുപുഴ: ഇടുക്കി ആര്‍ച്ച് ഡാമിന്റെ ചലനവ്യതിയാന തകരാര്‍ സംബന്ധിച്ച് വിശദമായ പഠനം നടത്തണമെന്ന കേന്ദ്ര ഡാം സുരക്ഷാ കമ്മിറ്റിയുടെ ശുപാര്‍ശ വൈദ്യുതി ബോര്‍ഡും സംസ്ഥാന സര്‍ക്കാരും അവഗണിച്ചു. അണക്കെട്ടിന്റെ ഈ ഗുരുതര തകരാര്‍ നേരത്തെ തന്നെ കെ.എസ്.ഇ.ബി റിസര്‍ച്ച് വിഭാഗം റിപ്പോര്‍ട്ട് ചെയ്തിരുന്നതാണ്. ഇക്കാര്യം സര്‍ക്കാരിന്റെ ശ്രദ്ധയിലും പെടുത്തിയിരുന്നു.
പൂര്‍ണ സംഭരണശേഷിയിലെത്തിയാല്‍ 23 മുതല്‍ 40 മില്ലിമീറ്റര്‍ വരെ ചലനവ്യതിയാനം ഉണ്ടാകണമെന്നതാണ് ഇടുക്കി ആര്‍ച്ച് ഡാമിന്റെ നിര്‍മാണ തത്വം. ഡാമിന്റെ ആരോഗ്യകരമായ നിലനില്‍പ്പിന് ഇത് അത്യന്താപേക്ഷിതമാണ്. എന്നാല്‍ അപ്‌സ്ട്രീമില്‍ മാത്രമാണ് ഇപ്പോള്‍ വ്യതിയാനം സംഭവിക്കുന്നത്.
നിര്‍മാണതത്വത്തിന് അനുസൃതമായി ഇടുക്കി ഡാമിന് ചലനവ്യതിയാനം സംഭവിക്കുന്നില്ലെന്നും ഇത് ആശങ്കാജനകമാണെന്നും 2008 ല്‍ സംസ്ഥാന സര്‍ക്കാര്‍ കേന്ദ്ര ഡാം സുരക്ഷാ കമ്മിറ്റിയെ രേഖാമൂലം അറിയിച്ചിരുന്നു. തുടര്‍ന്നാണ് ഇതുസംബന്ധിച്ച് പഠനം നടത്താന്‍ ഡാം സുരക്ഷാ കമ്മിറ്റി ശുപാര്‍ശ ചെയ്തത്. അണക്കെട്ടിന്റെ വശങ്ങളിലേക്കുള്ള ചലനം അസ്വാഭാവികമായി വര്‍ധിക്കുന്നതില്‍ കടുത്ത ആശങ്കയുണ്ടെന്നാണ് സംസ്ഥാന സര്‍ക്കാര്‍ കേന്ദ്ര ഡാം സുരക്ഷാ കമ്മിറ്റിയെ അറിയിച്ചത്. 2008 ഡിസംബര്‍ 12ന് ഡല്‍ഹിയില്‍ ചേര്‍ന്ന ഡാം സുരക്ഷാ കമ്മിറ്റി യോഗത്തില്‍ ചലനവ്യതിയാനം സംബന്ധിച്ച് കെ.എസ്.ഇ.ബി റിസര്‍ച്ച് വിഭാഗം തയാറാക്കിയ പഠന റിപ്പോര്‍ട്ടുകള്‍ വിശദമായി ചര്‍ച്ച ചെയ്ത ശേഷമാണ് വിദഗ്ധ പഠനം നടത്താന്‍ ശുപാര്‍ശ ചെയ്തത്. അന്നത്തെ ചീഫ് എന്‍ജിനീയര്‍ കെ.കെ കറപ്പന്‍കുട്ടിയാണ് വൈദ്യുതി ബോര്‍ഡിനെ ഡാം സുരക്ഷാ കമ്മിറ്റി യോഗത്തില്‍ പ്രതിനിധീകരിച്ചത്.
അമേരിക്കന്‍ കമ്പനിയായ ക്വസ്റ്റ് ഇന്‍ഡസ്ട്രീസിന്റെ സാങ്കേതിക സഹായത്തോടെ ചലനവ്യതിയാന തകരാര്‍ സംബന്ധിച്ച് പഠനം നടത്താന്‍ സര്‍ക്കാര്‍ ആലോചന നടത്തിയിരുന്നു. എന്നാല്‍ ഇതിനായി വന്‍ തുകയാണ് അമേരിക്കന്‍ കമ്പനി ആവശ്യപ്പെട്ടത്. പ്രാരംഭ ചര്‍ച്ചകള്‍ നടത്തിയെങ്കിലും കമ്പനിയുമായി ധാരണയിലെത്താന്‍ കഴിഞ്ഞില്ല. തുടര്‍ന്ന് അമേരിക്കന്‍ കമ്പനിയുടെ സോഫ്റ്റ്‌വെയര്‍ ഉപയോഗിച്ച് കെ.എസ്.ഇ.ബി എന്‍ജിനീയര്‍മാര്‍ തന്നെ പഠനം നടത്തുന്ന കാര്യം പരിഗണിച്ചു. പിന്നീടിത് ചുവപ്പുനാടയില്‍ കുടുങ്ങുകയായിരുന്നു.
അതീവ ഗുരുതരമായ വിഷയത്തിലാണ് സര്‍ക്കാരും കെ.എസ്.ഇ.ബി യും അലംഭാവം പുലര്‍ത്തിയത്. 2013ല്‍ സെന്‍ട്രല്‍ വാട്ടര്‍ കമ്മിഷന്‍ നടത്തിയ പരിശോധനയിലും ചലനവ്യതിയാനത്തകരാര്‍ കൂടിവരുന്നത് ബോധ്യപ്പെട്ടിരുന്നു. അണക്കെട്ടിനുള്ളില്‍ സ്ഥാപിച്ചിരിക്കുന്ന പ്രത്യേകതരം പെന്‍ഡുലം ഉപയോഗിച്ചാണ് ചലനവ്യതിയാനം പരിശോധിക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."