ജിന്‍സാ നീ പൊന്‍മുത്താണ്
കോഴിക്കോട്: 'എനിക്ക് ഒരുപാട് സന്തോഷമുണ്ട്. എന്നില്‍നിന്ന് സ്വര്‍ണ മെഡല്‍ എല്ലാവരും പ്രതീക്ഷിച്ചിരുന്നു. അതുകൊണ്ടുതന്നെ അവസാന ലാപ്പില്‍ ഞാനെന്റെ കഴിവുപയോഗിച്ച് ആത്മവിശ്വാസത്തോടെ ഓടി. ഭാഗ്യമുണ്ടെങ്കില്‍ 1500 മീറ്ററില്‍ സ്വര്‍ണം കിട്ടുമെന്നെനിക്കു മനസിലായി'.
ജക്കാര്‍ത്തയില്‍ നടക്കുന്ന ഏഷ്യന്‍ ഗെയിംസില്‍ പുരുഷ വിഭാഗം 1500 മീറ്ററില്‍ സ്വര്‍ണം നേടിയ ശേഷം മാധ്യമങ്ങളോട് തന്റെ ട്രാക്ക് അനുഭവം പങ്കുവയ്ക്കുമ്പോള്‍ ജിന്‍സണ്‍ ജോണ്‍സണ്‍ എന്ന കോഴിക്കോടിന്റെ മുത്തിന്റെ കണ്ണില്‍ സ്വര്‍ണത്തിളക്കമായിരുന്നു.
800 മീറ്ററിലെ വെള്ളി നേട്ടത്തിന് പിന്നാലെയാണ് 1500ല്‍ ജിന്‍സണ്‍ പൊന്നണിഞ്ഞത്. മൂന്നു മിനുട്ട് 44:72 സെക്കന്‍ഡാണ് ജിന്‍സന്റെ ഫിനിഷിങ് സമയം. ആദ്യ റൗണ്ടുകളില്‍ നാലാമതായിരുന്ന ജിന്‍സണ്‍ ഈ സീസണിലെ മികച്ച സമയം കുറിച്ച ഇറാന്‍താരം അമിര്‍ മൊറാദിയെയും 800 മീറ്ററില്‍ സ്വര്‍ണം നേടിയ ഇന്ത്യയുടെതന്നെ മഞ്ജീത് സിങിനെയും പിന്തള്ളി അവസാന റൗണ്ടിലാണ് ഒന്നാമതായെത്തിയത്. 'സൂപ്പര്‍ സ്മൂത്ത് ടെക്‌നിക്കല്‍ റണ്‍'എന്നാണ് ജിന്‍സന്റെ ഓട്ടത്തെ പ്രമുഖ അത്‌ലറ്റുകളെല്ലാം ട്വിറ്ററില്‍ വിശേഷിപ്പിച്ചത്. ഇന്ത്യന്‍ സമയം വൈകിട്ട് 6.10ന് ജക്കാര്‍ത്തയിലെ ട്രാക്കില്‍ ജിന്‍സണ്‍ കുതിക്കാനൊരുങ്ങുമ്പോള്‍ പേരാമ്പ്ര ചക്കിട്ടപ്പാറയിലെ കുളച്ചല്‍ വീട്ടില്‍ പിതാവ് ജോണ്‍സനും മാതാവ് ശൈലജയും പ്രാര്‍ഥനയിലായിരുന്നു. ഒപ്പം ബന്ധുക്കളും നാട്ടുകാരും.
ഗുവാഹത്തിയില്‍ നടന്ന ദേശീയ ഇന്റര്‍സ്റ്റേറ്റ് സീനിയര്‍ അത്‌ലറ്റിക്‌സ് ചാംപ്യന്‍ഷിപ്പില്‍ പുരുഷന്മാരുടെ 800 മീറ്ററില്‍ ശ്രീറാം സിങ്ങിന്റെ പേരിലുണ്ടായിരുന്ന 42 വര്‍ഷം പഴക്കമുള്ള ദേശീയ റെക്കോഡ് ജിന്‍സണ്‍ തകര്‍ത്തിരുന്നു. കഴിഞ്ഞ കോമണ്‍വെല്‍ത്ത് ഗെയിംസില്‍ 1500 മീറ്ററില്‍ 23 വര്‍ഷം പഴക്കമുള്ള ദേശീയ റെക്കോഡും തിരുത്തിക്കുറിച്ചിരുന്നു.
3.37.86 സെക്കന്‍ഡില്‍ ഓടിയെത്തിയാണ് ജിന്‍സണ്‍ ദേശീയ റെക്കോര്‍ഡിട്ടത്. 1995ല്‍ ബഹാദൂര്‍ പ്രസാദ് ഡല്‍ഹിയില്‍ കുറിച്ച 3.38.00 സെക്കന്‍ഡാണ് ജിന്‍സന്റെ വേഗത്തിന് മുന്നില്‍ ചരിത്രമായത്. 1500 മീറ്ററിലും ദേശീയ റെക്കോഡിനുടമയാണ് ജിന്‍സണ്‍. മത്സരത്തില്‍ ഇറാന്‍ താരം അമിര്‍ മൊറാദി വെള്ളിയും ബഹ്‌റൈന്‍ താരം മുഹമ്മദ് വെങ്കലവും നേടി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."