ശുചിമുറി മാലിന്യം ജനവാസ കേന്ദ്രങ്ങളില്‍ തള്ളുന്ന സംഘം പിടിയില്‍
ചാരുംമൂട്: ചാരുംമൂട് മേഖലയിലെ ജനവാസ കേന്ദ്രങ്ങളില്‍ സ്ഥിരമായി ശുചിമുറി മാലിന്യം തള്ളുന്ന സംഘത്തെ പിടികൂടി.
ഇടുക്കി അറക്കുളം സ്വദേശി രാജീവ് (36), അങ്കമാലി മഴുവഞ്ചേരില്‍ റിറ്റോ (24), ചേര്‍ത്തല നാനാടിത്തറ വിശാഖ് (25) എന്നിവരെയാണ് നൂറനാട് പൊലിസ് സ്റ്റേഷന്‍ ഹൗസ് ഓഫിസര്‍ വി.ബിജുവിന്റെ നേതൃത്വത്തിലുള്ള സംഘം പിടികൂടിയത്.
ഇന്നലെ വെളുപ്പിന് നാലിന് ടാങ്കര്‍ ലോറിയില്‍ ശുചിമുറി മാലിന്യം പാലമേല്‍ പണയില്‍ പാലമുക്ക് ജങ്ഷനു തെക്ക് കഴുവേറ്റമൂലയില്‍ തള്ളുന്നതിന്റെ ദൃശ്യം സമീപത്തു സ്ഥാപിച്ചിരുന്ന നിരീക്ഷണ കാമറയില്‍ പതിഞ്ഞതോടെ ടാങ്കര്‍ ലോറിയും പ്രതികളേയും തിരിച്ചറിയുകയായിരുന്നു. കഴിഞ്ഞ കുറെ വര്‍ഷങ്ങളായി സ്ഥിരമായി പാലമേല്‍ കഴുവേറ്റമൂലയില്‍ മാലിന്യം നിക്ഷേപിക്കുന്നവരെ കണ്ടെത്താനുള്ള പരിസരവാസികളുടെ ശ്രമം വിജയിച്ചിരുന്നില്ല. ജനവാസം കുറവുള്ള സ്ഥലവും തെരുവുവിളക്കുകള്‍ പ്രകാശിക്കാത്തതുമായ വിജനമായ സ്ഥലമായിരുന്നു ഇവിടം.
നൂറനാട് പള്ളിമുക്ക് ആനയടി റോഡിലാണ് ഈ പ്രദേശം സ്ഥിതി ചെയ്യുന്നത്.
ഉറക്കമിളച്ചും റോന്തുചുറ്റിയും മാലിന്യ നിക്ഷേപകരെ കണ്ടെത്താന്‍ പ്രദേശവാസികള്‍ക്ക് കഴിയാതെ വന്നതോടെ സമീപ പ്രദേശത്തെ ചെറുപ്പക്കാരുടെ നേതൃത്വത്തില്‍ പണസമാഹരണം നടത്തി നിരീക്ഷണകാമറ സ്ഥാപിക്കുകയായിരുന്നു. നിരീക്ഷണ കാമറദൃശ്യം പണയില്‍ വാര്‍ഡ് മെമ്പര്‍ ശ്രീനിയുടെ നേതൃത്വത്തിലുള്ള പ്രദേശവാസികള്‍ നൂറനാട് പൊലിസ് അധികാരിക്ക് കൈമാറിയതിനെത്തുടര്‍ന്നാണ് അന്വേഷണം നടത്തിയതും പ്രതികളെ പറയംകുളം ഭാഗത്തു നിന്നും പിടികൂടിയതും. ജില്ല കേന്ദ്രീകരിച്ചു ശുചിമുറി മാലിന്യം ടാങ്കര്‍ ലോറികളിലാക്കി ജനവാസ കേന്ദ്രങ്ങളില്‍ തള്ളുന്ന പതിവാണ് പ്രതികള്‍ നടത്തിയിരുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."