മോഷ്ടിച്ച ഇന്നോവ കാറുമായി യുവാവ് പിടിയില്‍
കോഴിക്കോട്: മോഷ്ടിച്ച ഇന്നോവ കാറുമായി യുവാവ് വെള്ളയില്‍ പൊലിസിന്റെ പിടിയിലായി. വയനാട് ചുണ്ടേല്‍ സ്വദേശി വലിയ പീടിയേക്കല്‍ ജംഷീറാ(28)ണ് അറസ്റ്റിലായത്.
ഇക്കഴിഞ്ഞ ചെറിയപെരുന്നാള്‍ ദിനത്തില്‍ കോഴിക്കോട് നാലാം ഗേറ്റിനടുത്തുള്ള മോഡേണ്‍ ട്രാവല്‍സിന്റെ മുന്നില്‍ നിര്‍ത്തിയിട്ടിരുന്ന ഇന്നോവ കാറാണ് ജംഷീര്‍ മോഷ്ടിച്ചത്. വാഹനം തിരിച്ചറിയാതിരിക്കാനായി അലോയ് വീലും കാരിയറും മാറ്റിയ ശേഷം വ്യാജ നമ്പര്‍ പ്ലേറ്റ് വച്ചായിരുന്നു ഉപയോഗിച്ചത്.
കാറുമായി കോഴിക്കോട്ടേക്ക് വരുന്നതിനിടെ കോഴിക്കോട് അറപ്പുഴ പാലത്തിനടുത്ത് വച്ചാണ് കഴിഞ്ഞ ദിവസം ജംഷീറിനെ വെള്ളയില്‍ എസ്.ഐ അലോഷ്യസ് അലക്സാണ്ടറും സിറ്റി നോര്‍ത്ത് അസിസ്റ്റന്റ് കമ്മിഷണര്‍ പൃഥ്വിരാജിന്റെ നേതൃത്വത്തിലുള്ള സ്ക്വാഡും പിടികൂടിയത്.
ഈ മാസം ആദ്യവാരം വയനാട്ടിലെ വൈത്തിരിയില്‍ നിന്നും ഒരു സ്ത്രീയെ തട്ടിക്കൊണ്ടുപോയി ആഭരണങ്ങളും പണവും കവര്‍ന്ന് ബംഗളൂരില്‍ ഉപേക്ഷിച്ച കേസിലെ പ്രതിയാണ് ജംഷീര്‍. ഈ കേസില്‍ ഒളിവില്‍ കഴിയവെയാണ് പണത്തിനായി ഇന്നോവ കാര്‍ മോഷ്ടിക്കുന്നത്. നേരത്തെ കോഴിക്കോട് ഡ്രൈവറായി ജോലി ചെയ്ത പരിചയം വച്ച് ഓഫിസിന്റെ വാതില്‍ തുറന്ന് അകത്ത് സൂക്ഷിച്ചിരുന്ന താക്കോല്‍ ഉപയോഗിച്ചാണ് കാര്‍ എടുത്തത്. പിന്നീട് കാറുമായി ഇടുക്കി വഴി കോയമ്പത്തൂരിലേക്ക് കടക്കുകയായിരുന്നു.
സംഭവത്തില്‍ മറ്റാരെങ്കിലും ഉള്പ്പെട്ടിട്ടുണ്ടോയെന്നതിനെ കുറിച്ചും വിശദമായി അന്വേഷണം നടത്തി വരികയാണെന്ന് നടക്കാവ് സി.ഐ ടി.കെ. അഷ്റഫ് അറിയിച്ചു. വൈത്തിരിയിലെ കേസുമായി ബന്ധപ്പെട്ട് പ്രതിയെ കസ്റ്റഡിയില്‍ ലഭിക്കാന്‍ വയനാട് പൊലിസ് കോടതിയില്‍ അപേക്ഷ നല്‍കും. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."